സലിംരാജ് കേസ്: ഭൂമിയുടെ കൃത്യമായ കണക്ക് അറിയിക്കാന്‍ നിര്‍ദേശം
text_fieldsകൊച്ചി: മുഖ്യമന്ത്രിയുടെ മുൻ ഗൺമാൻ സലിംരാജ് ഉൾപ്പെടെ നടത്തിയെന്നാരോപിക്കുന്ന ഇടപാടുകളിൽ ഉൾപ്പെട്ട ഭൂമിയുടെ കൃത്യമായ കണക്ക് അറിയിക്കണമെന്ന് ഹൈകോടതി. ഓരോ കരാറിലും ഉൾപ്പെട്ട ഭൂമിയുടെ അളവും നൽകാമെന്നേറ്റ പണത്തിൻെറ തോതും അറിയിക്കാനാണ് ജസ്റ്റിസ് ഹാറൂൺ അൽ റഷീദിൻെറ നി൪ദേശം. കളമശേരി പത്തടിപ്പാലം, തിരുവനന്തപുരം കടകംപള്ളി എന്നിവിടങ്ങളിലെ ഭൂമിയിടപാടുകൾ സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെടുന്ന ഹരജികളാണ് കോടതി പരിഗണനയിലുള്ളത്.
അതേസമയം, കളമശേരിയിലെ വിവാദസ്ഥലം തങ്ങളുടെ പേരിലുള്ളതാണെന്നും സിവിൽ കോടതി മുഖേന തീ൪പ്പാക്കാൻ കോടതി നി൪ദേശിക്കണമെന്നുമാവശ്യപ്പെട്ട് ഇടപ്പള്ളി എളങ്കല്ലൂ൪ സ്വരൂപം അവകാശികൾ കക്ഷിചേരാൻ ഹരജി നൽകി.
വ്യാവസായികമായി 20 ലക്ഷവും ഗാ൪ഹികാവശ്യം പരിഗണിച്ചാൽ 10 ലക്ഷവും സെൻറിന് മൂല്യമുള്ള കടകംപള്ളിയിലെ സ്ഥലമാണ് സലിംരാജ് ഉൾപ്പെട്ട് ഇടപാട് നടന്നതെന്ന് ഹരജിക്കാരുടെ അഭിഭാഷകൻ ദിനേശ് ഷേണായി ചൂണ്ടിക്കാട്ടി. ഇപ്രകാരം 800 കോടിയോളം രൂപ മൂല്യം വരും. എന്നാൽ, 76 കോടി മാത്രമാണ് ഇടപാടുകാ൪ സ്ഥലം വാങ്ങുന്നതിനുള്ള കരാറിലൂടെ വെളിപ്പെടുത്തിയത്.
അങ്ങനെയെങ്കിൽ ശേഷിക്കുന്ന തുക തട്ടിപ്പ് നടത്താനാണ് ലക്ഷ്യമിട്ടിട്ടുണ്ടാകുകയെന്ന് കോടതി ചൂണ്ടിക്കാട്ടി. തുട൪ന്ന്, കോടികളുടെ ഇടപാടിന് കഴിവുണ്ടോയെന്ന് കരാറെഴുതിയ രണ്ടുപേരിൽ ഒരാളായ സി.കെ. ജയറാമിൻെറ അഭിഭാഷകനോട് കോടതി ആരാഞ്ഞു. എന്താണ് ഇയാൾക്ക് ജോലിയെന്നും 10 സെൻെറങ്കിലും വാങ്ങാൻ സാമ്പത്തിക ശേഷിയുണ്ടോയെന്നും ആരാഞ്ഞു. ആയു൪വേദ മരുന്ന് കട നടത്തുകയാണെന്ന് അഭിഭാഷകൻ മറുപടി നൽകി. എങ്കിൽ ഒരു സെൻറ് പോലും വാങ്ങാൻ കഴിയുന്നയാളാണോയെന്ന് കോടതി സംശയം പ്രകടിപ്പിച്ചു.
ആറു മുതൽ എട്ടു വരെ മാസത്തേക്കാണ് ഭൂമിയിടപാടിന് കരാ൪ എഴുതിയിട്ടുള്ളതെന്നും ഭൂമി മറ്റാ൪ക്കെങ്കിലും വിൽക്കുന്നത് തടയാനാണ് കരാ൪ രജിസ്ട്രേഷൻ ഉൾപ്പെടെ നടത്തിയിരിക്കുന്നതെന്നും കരുതുന്നതായി കോടതി ചൂണ്ടിക്കാട്ടി. സ്ഥലവിലയും ഇടപാടുകാരൻെറ ആസ്തിയും സംബന്ധിച്ച് കോടതിയിൽ വെളിപ്പെടുത്തിയ വിവരങ്ങൾ രേഖപ്പെടുത്തുമെന്നും സിംഗ്ൾബെഞ്ച് വ്യക്തമാക്കി.
അതേസമയം, വസ്തു മുഴുവൻ നേരിട്ട് വാങ്ങാനല്ല, മറ്റൊരാൾക്ക് വിൽക്കാൻ വേണ്ടിയാണ് ഇവ൪ യഥാ൪ഥ ഉടമകളുമായി കരാറുണ്ടാക്കിയതെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടി. അതിനാൽ കരാ൪ നിയമവിരുദ്ധമല്ളെന്നും അഭിഭാഷകൻ പറഞ്ഞു. റിയൽ എസ്റ്റേറ്റ് ഇടപാടാണ് നടന്നതെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് കോടതിയും വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.