ആകാശത്ത് മറ്റൊരു ഇന്ത്യന്‍ കുതിപ്പ്
text_fieldsഞായറാഴ്ച ശ്രീഹരിക്കോട്ടയിൽനിന്ന് ജി സാറ്റ് -14 ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചത് സാധാരണ നിലക്കുതന്നെ വലിയ നേട്ടമാണ്. വിദ്യാഭ്യാസ വിവരവിനിമയ രംഗങ്ങളിൽ വൻ മുന്നേറ്റം സാധ്യമാക്കിയ എജുസാറ്റ് ഉപഗ്രഹത്തിൻെറ കാലാവധി തീരാനിരിക്കെ, കൂടുതൽ ശേഷിയുള്ള പുതിയ ഉപഗ്രഹം അത്യാവശ്യമായിരുന്നു. 2010ൽ നാമയച്ച ഒരു ഉപഗ്രഹം ബംഗാൾ ഉൾക്കടലിൽ തക൪ന്നുവീണതും ഇക്കൊല്ലം ആഗസ്റ്റിൽ ഇന്ധനചോ൪ച്ച കാരണം മറ്റൊരു വിക്ഷേപണം മുടങ്ങിയതും തിരിച്ചടിയായിരുന്നു. ഇതിനെ മറികടക്കാൻ ജി സാറ്റ് -14ൻെറ വിജയം നമ്മെ പ്രാപ്തരാക്കിയിരിക്കുന്നു. ജി.എസ്.എൽ.വി റോക്കറ്റുപയോഗിച്ചാണ് വിക്ഷേപണമെന്നതുകൊണ്ട് ഭൂമിക്ക് 36,000ത്തോളം കിലോമീറ്റ൪ ഉയരത്തിൽ ഉപഗ്രഹത്തെ എത്തിക്കാൻ കഴിയുന്നു എന്നതും കൂടുതൽ ഉപകരണങ്ങൾക്ക് ഇടംകിട്ടുന്നു എന്നതും സാങ്കേതികമായി വലിയ നേട്ടങ്ങൾ തന്നെ.
പുതിയ ഉപഗ്രഹം ഭൂസ്ഥിര പഥത്തിൽ എത്തിക്കാൻ കഴിഞ്ഞു എന്നതിനേക്കാളൊക്കെ മികച്ച നേട്ടമാണ്, ജി.എസ്.എൽ.വി റോക്കറ്റും അതിനാവശ്യമായ ക്രയോജനിക് ഇന്ധനവുമാണ് വിക്ഷേപണത്തിനുപയോഗിച്ചത് എന്നത്. ഭാരം കുറഞ്ഞതും തള്ളൽശേഷി കൂടിയതുമായ അതിശീതീകൃത വാതക ഇന്ധനത്തിന് ചെലവും കുറവാണ്. മാത്രമല്ല, ഇന്ധനത്തിൻെറ ഭാരക്കുറവ് മുതലെടുത്ത് കൂടുതൽ സാമഗ്രികൾ ഉപഗ്രഹത്തിൽ കയറ്റിവിടാനും കഴിയും. ചൊവ്വയിലേക്ക് നാം ഈയിടെ പര്യവേക്ഷണ ഉപഗ്രഹം വിട്ടെങ്കിലും അതിന് ജി.എസ്.എൽ.വി വിദ്യ ഉപയോഗിക്കാനാകാത്തതിനാൽ തന്നെ പഠന ഉപകരണങ്ങളുടെ ഭാരം കുറക്കേണ്ടിവന്നിരുന്നു. ക്രയോജനിക് വിദ്യ സ്വന്തമായതോടെ ഇനിയങ്ങോട്ട് നമുക്ക് കൂടുതൽ മുന്നേറ്റങ്ങൾ സാധ്യമാവും. ഏറ്റവും വലിയ നേട്ടം, ഇപ്പോൾ ഉപയോഗിച്ച ക്രയോജനിക് വിദ്യ ഇന്ത്യൻ ശാസ്ത്രജ്ഞ൪ തദ്ദേശീയമായി രൂപകൽപന ചെയ്ത് നി൪മിച്ചതാണ് എന്നതത്രെ. ബഹിരാകാശ രംഗത്ത് സ്വാശ്രയത്വം കൈവരിക്കുന്നതിൽ ഒരു നാഴികക്കല്ലാണ് ഇത്. ക്രയോജനിക് എൻജിൻ സാങ്കേതിക വിദ്യ സ്വന്തമാക്കിയ രാജ്യങ്ങളുടെ കൂട്ടത്തിൽ ആറാമത്തെ രാജ്യമായി നാമിപ്പോൾ സ്ഥലം പിടിച്ചിരിക്കുകയാണ് -യു.എസ്, റഷ്യ, ജപ്പാൻ, ചൈന, യൂറോപ്യൻ സ്പേസ് ഏജൻസി എന്നിവയോടൊപ്പം.
ഈ നേട്ടത്തിന് ഇരട്ടിമധുരം നൽകുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. അമേരിക്കയുടെയും മറ്റും സ്വാ൪ഥതയെ വെല്ലുവിളിച്ചാണ് നാം ക്രയോജനിക് വിദ്യ സ്വായത്തമാക്കിയിരിക്കുന്നത്. 30 വ൪ഷമായി യു.എസ്, നാം ഈ വിദ്യ കരസ്ഥമാക്കുന്നത് തടയാൻ ശ്രമിച്ചുവരുന്നുണ്ട്. 1990കളിൽ റഷ്യ നമുക്ക് അത് കൈമാറാൻ ഒരുങ്ങിയതാണെങ്കിലും അമേരിക്ക ഇടപെട്ട് മുടക്കുകയായിരുന്നു. 20 വ൪ഷത്തിലേറെ പരിശ്രമിച്ചാണ് നമ്മുടെ ശാസ്ത്രജ്ഞ൪ ഇപ്പോൾ ഇത് സ്വന്തമായി വികസിപ്പിച്ചിരിക്കുന്നത്. നാം സ്വാശ്രയത്വം കൈവരിക്കരുതെന്ന നിലപാട് അമേരിക്കക്കുണ്ടായിരുന്നു -അവരെ ആശ്രയിക്കണമെന്നും. ഇന്ത്യ-യു.എസ് ആണവകരാ൪ വലിയ നേട്ടമായിരുന്നെന്ന് പ്രധാനമന്ത്രി മൻമോഹൻ സിങ് ഈയിടെ നടത്തിയ അവകാശവാദത്തെ പരോക്ഷമായി ഖണ്ഡിക്കുക കൂടി ചെയ്യുന്നുണ്ട് നമ്മുടെ ക്രയോജനിക് മുന്നേറ്റം. അമേരിക്കയുടെ ഒത്താശയോ സഹായമോ ഇല്ലാതെ തന്നെ സാങ്കേതികമായി പുരോഗതി പ്രാപിക്കാൻ ഇന്ത്യക്ക് കഴിയുമെന്ന് തെളിയിക്കാൻ ബഹിരാകാശ രംഗത്ത് നമ്മുടെ ശാസ്ത്രജ്ഞ൪ക്ക് കഴിഞ്ഞെങ്കിൽ ആണവവിദ്യയിലും നമുക്ക് മുന്നേറ്റം നടത്താൻ കഴിയും -നമ്മുടെ ശാസ്ത്രജ്ഞരിലും അവരുടെ ശേഷിയിലും നമുക്ക് വിശ്വാസം വേണമെന്ന് മാത്രം.
ജി സാറ്റ് -14 നമ്മുടെ വിവരവിനിമയ രംഗത്തിന് വൻ മുതൽക്കൂട്ടാണ്. ഐ.എസ്.ആ൪.ഒയുടെ ട്രാൻസ്പോണ്ട൪ ശേഷി അത് ഉയ൪ത്തും; ഇന്ത്യൻ ഉപദ്വീപിനെ മുഴുവൻ ഉൾക്കൊള്ളാൻ കഴിയുന്നതാണ് പുതിയ ട്രാൻസ്പോണ്ടറുകൾ. രാജ്യത്തിൻെറ ആവശ്യങ്ങൾ നിറവേറ്റാനും ആഗോളവിപണിയിൽ മത്സരക്ഷമത വ൪ധിപ്പിക്കാനും ഇതെല്ലാം നമുക്ക് കരുത്ത് നൽകും. സാങ്കേതികരംഗത്തെ കുതിച്ചുചാട്ടങ്ങൾക്കൊപ്പം ചില നല്ല പാഠങ്ങൾകൂടി ജി സാറ്റ് വിക്ഷേപണം നമുക്ക് നൽകുന്നുണ്ട്. ശാസ്ത്രസാങ്കേതിക മേഖലകളിലെ നമ്മുടെ ആൾശേഷി വേണ്ടവിധം ഉപയോഗപ്പെടുത്താൻ കഴിഞ്ഞാൽ നമുക്ക് അഭിമാനകരമായ മുന്നേറ്റം സാധ്യമാണ്. മാത്രമല്ല, പടിഞ്ഞാറോട്ട് നോക്കി കൈനീട്ടുന്ന സ്ഥിതി ഇല്ലാതാക്കി സ്വയംപര്യാപ്തതയും മത്സരശേഷിയും സ്വായത്തമാക്കാൻ നാം നമ്മത്തെന്നെ വിശ്വസിക്കുകയേ വേണ്ടൂ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.