സരിതയുടെ കേസുകള്‍ ഒത്തുതീര്‍ക്കുന്നതിന് പിന്നില്‍ ഭരണപക്ഷ ഉന്നതരും
text_fieldsതിരുവനന്തപുരം: സോളാ൪ തട്ടിപ്പുകേസിലെ മുഖ്യപ്രതി സരിത എസ്. നായ൪ക്കെതിരെ പരാതി നൽകിയവ൪ക്ക് കോടതിക്ക് പുറത്ത് പണംനൽകി കേസുകൾ ഒത്തുതീ൪ക്കാനുള്ള ശ്രമങ്ങൾക്ക് ചുക്കാൻപിടിക്കാൻ ഭരണപക്ഷത്തെ പ്രമുഖരും. എന്നാൽ, സരിതയും സോളാ൪ കേസുമായി ബന്ധപ്പെട്ട് അടുത്തിടെ കോടതിയിൽ നിന്നുണ്ടായ പരാമ൪ശങ്ങൾ പലരുടേയും ഉറക്കംകെടുത്തിത്തുടങ്ങിയിട്ടുണ്ട്.
പ്രത്യേകാന്വേഷണസംഘം ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടും ജയിലിൽ ആഡംബരജീവിതം തുടരാനും കേസുകൾ ഒത്തുതീ൪പ്പാക്കാനുമായി എവിടെ നിന്നാണ് സരിതക്ക് പണംകിട്ടിയതെന്ന ചോദ്യമാണ് പ്രസക്തമാകുന്നത്. സോളാറുമായി ബന്ധപ്പെട്ട് വിരലിലെണ്ണാവുന്ന കേസുകളിൽ മാത്രമാണ് സരിതക്ക് ജാമ്യം ലഭിക്കാനുള്ളത്. അതുകൂടി കഴിഞ്ഞാൽ ജയിൽ മോചിതയായേക്കും. ജാമ്യംലഭിച്ച പല കേസുകളിലും ജാമ്യവ്യവസ്ഥ പൂ൪ത്തീകരിക്കാത്തതിനാൽ ജയിലിൽ ഇതുസംബന്ധിച്ച ഉത്തരവുകൾ ലഭിച്ചിട്ടില്ല. പണം കെട്ടിവെക്കാൻ തയാറാണെങ്കിലും ജാമ്യം നിൽക്കാൻ ആളുകളെ കിട്ടാത്തതാണത്രേ കാരണം.
എന്നാൽ കോടതിക്ക് പുറത്തുവെച്ച് ധാരണയുണ്ടാക്കി കേസുകൾ പിൻവലിപ്പിക്കാനുള്ള നീക്കം ഇപ്പോഴും തുടരുകയാണ്. ഇതിനകം സോളാ൪ നിക്ഷേപകരിൽ പല൪ക്കും ലക്ഷങ്ങൾ തിരിച്ചുനൽകി. അതിനാൽ കേസുകൾ പലതും സാങ്കേതികം മാത്രമാണിപ്പോൾ. എന്നാൽ ഈ തുക ആരാണ് കൊടുത്തതെന്ന ദുരൂഹത തുടരുകയാണ്. ഭരണപക്ഷത്തെ രണ്ട് പ്രമുഖരാണ് ഒത്തുതീ൪പ്പ് ശ്രമങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതെന്നാണ് വിവരം. അതും കോൺഗ്രസിലെ ഒരു ഗ്രൂപ്പിലെ നേതാക്കളാണിവ൪.
സോളാ൪ കേസുമായി ബന്ധപ്പെട്ട പ്രമുഖൻെറ പേര് ഗത്യന്തരമില്ലാതെ വെളിപ്പെടുത്തേണ്ടിവരുമെന്ന സരിതയുടെ പ്രഖ്യാപനവും ഒത്തുതീ൪പ്പ് ശ്രമങ്ങളുമെല്ലാം കൂട്ടിവായിക്കുമ്പോൾ സ൪ക്കാറിനെ നിലനി൪ത്താനുള്ള നെട്ടോട്ടമാണ് ഇതിനുപിന്നിലെന്ന് വ്യക്തം.
സരിത ആദ്യം തയാറാക്കിയ മൊഴിയുടെ പക൪പ്പ് ഇതിനകം പുറത്തായിരുന്നു.
യു.ഡി.എഫിലെ ഉന്നതന് സരിതയുടെ അഭിഭാഷകൻ തന്നെ ഇത് ലഭ്യമാക്കിയെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. എന്നാലിത് അഭിഭാഷകൻ നിഷേധിച്ചിരുന്നു. സ൪ക്കാറിലെ ചില മന്ത്രിമാ൪ക്ക് താനുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്നതാണ് സരിതയുടെ മൊഴിയെന്നാണ് ലഭിക്കുന്ന വിവരം.
എന്നാൽ ഒരു മുൻമന്ത്രിക്ക് ഈ മൊഴിയിൽ ക്ളീൻ ചിറ്റാണ് സരിത നൽകിയതെന്നും അറിയുന്നു. അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങളാണ് ഇപ്പോൾ മൊഴിപ്പക൪പ്പ് പ്രതിപക്ഷത്തെ നേതാക്കൾക്കുൾപ്പെടെ ലഭ്യമാക്കാനുള്ള നീക്കത്തിന് പിന്നിലത്രേ.
ഗുരുതര ആരോപണങ്ങളാണ് സരിത ഉന്നയിച്ചിട്ടുള്ളത്. കോൺഗ്രസിലെ ഗ്രൂപ്പ് രഹസ്യങ്ങൾ ഉൾപ്പെടെ ചോ൪ത്താൻ തന്നെ ഉപയോഗിച്ചിരുന്നുവെന്നും ഭരണപക്ഷത്തെ പ്രമുഖൻെറ കുടുംബവുമായി നല്ല ബന്ധമാണുണ്ടായിരുന്നതെന്നും അവ൪ വ്യക്തമാക്കിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.