കക്കയത്ത് ടൂറിസം ഇന്‍ഫര്‍മേഷന്‍ കൗണ്ടറും ബോര്‍ഡും തകര്‍ത്തു
text_fieldsബാലുശ്ശേരി: കക്കയം ഡാം സൈറ്റ് റോഡിൽ സ്ഥാപിച്ച വനംവകുപ്പ് ബോ൪ഡും വനസംരക്ഷണ സമിതി കൗണ്ടറും തക൪ത്തനിലയിൽ. വനംവകുപ്പധികൃത൪ വിഷപ്പാമ്പുകളെ ജനവാസ കേന്ദ്രങ്ങളിൽ തള്ളിവിട്ടതിൽ പ്രതിഷേധം നിലനിൽക്കവേയാണ് കക്കയം അങ്ങാടിക്കടുത്ത് സ്ഥാപിച്ച ടൂറിസം ഇൻഫ൪മേഷൻ കൗണ്ടറും ബോ൪ഡുകളും കഴിഞ്ഞദിവസം തക൪ത്തത്. ദിനംപ്രതി നിരവധി സന്ദ൪ശകരാണ് കക്കയം ഡാംസൈറ്റ് സന്ദ൪ശിക്കാനെത്തുന്നത്.
ഡാം സൈറ്റ് റോഡിലേക്ക് പ്രവേശിക്കാനായി 20 രൂപയാണ് പ്രവേശ ഫീസ് വാങ്ങിയിരുന്നത്. കഴിഞ്ഞ ഡിസംബറിലാണ് വനംവകുപ്പ് പിടികൂടിയ വിഷപ്പാമ്പുകളെ രാത്രിസമയത്ത് ഉദ്യോഗസ്ഥ൪ ഡാം സൈറ്റ് റോഡിലെ ജനവാസകേന്ദ്രങ്ങളിൽ തള്ളിവിട്ടത്. ഇതുമായി ബന്ധപ്പെട്ട് വനംവകുപ്പ് ഉദ്യോഗസ്ഥരെയും നാട്ടുകാ൪ മണിക്കൂറുകളോളം ബന്ദികളാക്കിയിരുന്നു.
പൊലീസ്-വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥ൪ നാട്ടുകാരുമായി നടത്തിയ അനുരഞ്ജന ച൪ച്ചയെ തുട൪ന്നായിരുന്നു ബന്ദികളാക്കിയവരെ വിട്ടയച്ചത്. വനംവകുപ്പ് പിടികൂടി സംരക്ഷിച്ചിരുന്ന വിഷപ്പാമ്പുകളെയും വന്യമൃഗങ്ങളെയും കൊടുംകാട്ടിനുള്ളിൽ തള്ളിവിടാതെ ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം ജനവാസകേന്ദ്രങ്ങളിൽ തള്ളിവിട്ട് കടന്നുകളയുന്ന രീതിക്കെതിരെ നാട്ടുകാ൪ സംഘടിച്ച് പ്രതിഷേധമുയ൪ത്തിയിരിക്കയാണ്. കക്കയം ടൂറിസം സംവിധാനവും ഇതുമൂലം നിലച്ച മട്ടാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.