Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightഏരിയല്‍ ഷാരോണ്‍...

ഏരിയല്‍ ഷാരോണ്‍ സമാധാനകാംക്ഷിയോ?

text_fields
bookmark_border
ഏരിയല്‍ ഷാരോണ്‍ സമാധാനകാംക്ഷിയോ?
cancel

ഇസ്രായേൽ പ്രധാനമന്ത്രിയായിരുന്ന ഏരിയൽ ഷാരോൺ സയണിസത്തിൻെറ ഏറ്റവും ശൂരനും ക്രൂരനുമായ വക്താവും പ്രയോക്താവുമായിരുന്നു. അദ്ദേഹത്തിൻെറ മരണത്തിൽ അനുശോചിച്ച് ഇന്ത്യയുടെ പ്രധാനമന്ത്രി അയച്ച സന്ദേശം, മറ്റനേകം പേരുടെ പ്രതികരണങ്ങൾപോലെ, വസ്തുതകളെ നിരാകരിക്കുന്നതും വളച്ചൊടിക്കുന്നതുമായിപ്പോയി. മരണത്തിൽ അനുശോചനമ൪പ്പിക്കുന്നത് ഉപചാരമര്യാദകളിൽപെടും; എന്നാൽ, അത് ചരിത്രത്തെ തലകുത്തനെ നി൪ത്തിക്കൊണ്ടാവരുത്. സയണിസത്തിൻെറ ഏറ്റവും വലിയ ഇരകളായ ഫലസ്തീനികളാണ് ഷാരോണിനെ നേരിട്ടനുഭവിച്ചവ൪. അവ൪ക്ക് ഷാരോണിൻെറ അന്ത്യം സന്തോഷം പകരുന്നതിൽ അദ്ഭുതമില്ല -അഡോൾഫ് ഹിറ്റ്ലറെപ്പറ്റി ഒരു നല്ല വാക്കുപോലും ജൂതസമൂഹത്തിന് പറയാനുണ്ടാകില്ളെന്നതുപോലത്തെന്നെ. എട്ടുവ൪ഷം ജീവച്ഛവമായി കിടന്ന ശേഷം ഏരിയൽ ഷാരോൺ വിടപറഞ്ഞത് ആധുനിക ചരിത്രത്തിലെ ഏറ്റവും ക്രൂരമായ കുരുതികളുടെയും യുദ്ധക്കുറ്റങ്ങളുടെയും ഓ൪മകൾ അവശേഷിപ്പിച്ചുകൊണ്ടാണ്. രണ്ടു കാര്യങ്ങൾ ഈ സന്ദ൪ഭത്തെ അ൪ഥവത്താക്കുന്നുണ്ട്. ഒന്ന്, ഫറോവമാരുടെയും ഹിറ്റ്ല൪മാരുടെയും ‘ഭരണപാടവ’ത്തെയും ‘ശേഷി’യെയും വാഴ്ത്താൻ ആളുണ്ടാകാമെങ്കിലും ചരിത്രം അഹിതകരമായ നേരുകൾ പറഞ്ഞുകൊണ്ടേയിരിക്കും. ഇന്ത്യൻ പ്രധാനമന്ത്രിയുടെ അനുശോചനക്കുറിപ്പിൽ, ഷാരോൺ തൻെറ മേഖലയിൽ ‘സമാധാനമത്തെിക്കാൻ ധീരമായ നടപടികളെടുത്ത’തിനെപ്പറ്റി പറയുന്നുണ്ട്. എന്നാൽ, ചരിത്രവസ്തുതകൾ നമ്മെ ബോധ്യപ്പെടുത്തുന്നത് മറിച്ചാണ്. രണ്ടാമത്, പഴയ മ൪ദകഭരണാധിപരുടെയും വ൪ഗീയഭാന്ത്രന്മാരുടെയും പാരമ്പര്യം പിൻപറ്റി പുതിയ മിലോസെവിച്ചുമാരും മറ്റും ഉയ൪ന്നുവന്നുകൊണ്ടിരിക്കുമ്പോൾ ചരിത്രപാഠങ്ങൾ സമൂഹങ്ങൾക്ക് വഴികാട്ടിയാകേണ്ടതുണ്ട് -അത് തിരിച്ചറിഞ്ഞ് പ്രവ൪ത്തിക്കാൻ അവക്ക് കഴിയേണ്ടതുമുണ്ട്. ജനാധിപത്യത്തിൻെറ പേരിലാണ് ഹിറ്റ്ലറും ഷാരോണുമെല്ലാം അധികാരത്തിലത്തെിയത് എന്നത്, ഏറ്റവും വലിയ ജനായത്ത രാഷ്ട്രമായ ഇന്ത്യക്കും ഇതര സമൂഹങ്ങൾക്കും ഒരു മുന്നറിയിപ്പാണ്. വ൪ഗീയ വിവേചനം, വംശഹത്യ, അധികാരമുപയോഗിച്ചുള്ള നരവേട്ട തുടങ്ങിയ ശീലങ്ങളുമായി ഇനിയും ഇത്തരക്കാ൪ വരുന്നത് തടയാനെങ്കിലും പഴയ പാഠങ്ങൾ പ്രയോജനപ്പെടണം.
ഷാരോൺ അധികാരം ഉപയോഗിച്ചത് ഫലസ്തീൻകാരെ കൊന്നൊടുക്കാനും ഫലസ്തീനിലെ ജൂതകുടിയേറ്റം വ൪ധിപ്പിക്കാനും അങ്ങനെ സമാധാനം നശിപ്പിക്കാനുമാണ്. 1982ൽ ലബനാൻ അധിനിവേശക്കാലത്ത് സബ്റ-ശാത്തീല അഭയാ൪ഥി ക്യാമ്പുകളിൽ ഫലസ്തീൻ അഭയാ൪ഥികളെ കൂട്ടക്കൊല ചെയ്യാൻ ഒത്താശചെയ്ത ഏരിയൽ ഷാരോൺ താൻ ചെയ്ത കുറ്റങ്ങൾക്ക് ഒരു നിയമനടപടിയും നേരിടാതെ മരിച്ചതിൽ ഹ്യൂമൻ റൈറ്റ്സ് വാച്ച് കുണ്ഠിതപ്പെടുന്നു. ഷാരോൺ ഇസ്രായേലി പ്രതിരോധമന്ത്രിയായിരുന്ന സമയത്താണ് ലബനാനിൽ അതിക്രമിച്ചുകയറി, ഇസ്രായേലിനോട് അടുപ്പമുള്ള ലബനാൻ അക്രമകാരികൾക്ക് ഫലസ്തീൻകാ൪ താമസിക്കുന്ന അഭയാ൪ഥി ക്യാമ്പുകൾ ആക്രമിക്കാൻ സൗകര്യം ചെയ്തുകൊടുത്തത്. മൂന്നു ദിവസത്തെ കശാപ്പിൽ ആയിരക്കണക്കിന് അഭയാ൪ഥികൾ കൊല്ലപ്പെട്ടു. ഷാരോണിന് ഇതിൽ ഉത്തരവാദിത്തമുണ്ടെന്ന് ഇസ്രായേൽ ഏ൪പ്പെടുത്തിയ കഹാൻ കമീഷൻപോലും സ്ഥിരീകരിച്ചു. എന്നാൽ, ഈ ‘യോഗ്യത’ പ്രധാനമന്ത്രിയാകാൻ ഷാരോൺ സമ൪ഥമായി ഉപയോഗിച്ചു. ഇരകൾ യുദ്ധക്കുറ്റങ്ങൾക്ക് കേസ് കൊടുത്തെങ്കിലും ഇസ്രായേൽ സ൪ക്കാ൪ ഇടപെട്ട് കേസ് ഇല്ലാതാക്കി.
ഇസ്രായേലി കുടിയേറ്റക്കാരിൽ കുറെ പേരെ ഗസ്സയിൽനിന്നും വെസ്റ്റ്ബാങ്കിൽനിന്നും ഒഴിപ്പിച്ച 2005ലെ നടപടിയാണ് ഷാരോണിനെ ‘സമാധാനവാദി’യാക്കി കാണിക്കാൻ ഉപയോഗിക്കുന്നത്. എന്നാൽ, പിന്നീട് ഇസ്രായേലി കുടിയേറ്റക്കാരുടെ എണ്ണം വൻതോതിൽ വ൪ധിപ്പിച്ചത് മറച്ചുവെക്കപ്പെടുന്നു. യുദ്ധത്തിൽ പിടിച്ചെടുത്ത പ്രദേശങ്ങളിൽ സ്വന്തക്കാരെ കുടിയിരുത്തുന്നത് ജനീവാ ധാരണകളുടെ ലംഘനവും യുദ്ധക്കുറ്റവുമാണ്. അക്രമത്തിൽ പിടിച്ചെടുത്ത ഫലസ്തീൻ പ്രദേശത്ത് ജനിച്ചുവള൪ന്ന ഷാരോൺ ഇത്തരം അനധികൃത കുടിയിരുത്തൽ ഒരു കലയും ശാസ്ത്രവുമാക്കി വള൪ത്തി. വെസ്റ്റ്ബാങ്കിലെയും മറ്റും ‘അയിത്ത മതിൽ’ അന്താരാഷ്ട്ര നിയമങ്ങൾക്കെതിരാണ്; ഷാരോണാണ് അതിൻെറയും പിന്നിലെ ബുദ്ധികേന്ദ്രം. അദ്ദേഹം പ്രധാനമന്ത്രിയായിരിക്കെ ഇസ്രായേലി സേന 1500ഓളം ഫലസ്തീനി സിവിലിയന്മാരെ കൊന്നതും യുദ്ധക്കുറ്റങ്ങളിൽപെടും. പി.എൽ.ഒ നേതാവായിരുന്ന യാസി൪ അറഫാത്തിനെ കൊന്നതിനു പിന്നിലും ഷാരോൺ ആയിരുന്നെന്ന് വിശ്വസിക്കപ്പെടുന്നു. ‘സമാധാനവാദി’യായ ഷാരോണിൻെറ കീഴിലാണ് അൽഅഖ്സ ദേവാലയ സമുച്ചയത്തിൽ ഇസ്രായേൽ പട്ടാളം അതിക്രമിച്ചുകയറി 4000 പേരുടെ മരണത്തിന് ഇടവരുത്തിയത്.
ഇത്തരമൊരാളെ മഹത്ത്വവത്കരിക്കുമ്പോൾ അത് ചരിത്രത്തെ അപമാനിക്കലാകും. ഇസ്രായേലി വംശീയതയെ തുറന്നെതി൪ക്കുകയും ഫലസ്തീൻകാരോട് ഐക്യദാ൪ഢ്യം പുല൪ത്തുകയും ചെയ്ത ഗാന്ധിജി അടക്കമുള്ളവരെ പരിഹസിക്കലും കൂടിയാണത്. ഭീകരരാഷ്ട്രീയത്തിൻെറ ആൾരൂപമായിരുന്നു ഏരിയൽ ഷാരോൺ -അനുശോചനങ്ങൾകൊണ്ട് അദ്ദേഹത്തെ വെള്ളപൂശിയാലും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story