ഫെഡറേഷന്‍ കപ്പ്: അരങ്ങേറ്റം കുറിക്കാന്‍ ഈഗ്ള്‍സ്
text_fieldsകൊച്ചി: ഐ ലീഗിൽ മൂന്നാംസ്ഥാനത്ത് നിൽക്കുന്ന പുണെ എഫ്.സിയുമായുള്ള പോരാട്ടം കേരളത്തിൻെറ പ്രതിനിധികളായ ഈഗിൾസ് എഫ്.സിക്ക് ഉദ്ഘാടന ദിനത്തിൽ തന്നെ കനത്ത വെല്ലുവിളിയാകും. സ്റ്റാൻലി റൊസാരിയോയുടെ കീഴിൽ മികവിലേക്ക് പതുക്കെ ഉയരുന്നതിനിടെയാണ് രാജ്യത്തെ ചാമ്പ്യൻക്ളബുകളുടെ ആവേശപ്പോരിലേക്ക് ഈഗിൾസ് പിച്ചവെക്കുന്നത്. നാലുവ൪ഷത്തോളമായി തുട൪ച്ചയായി രണ്ടാം ഡിവിഷനിൽ കളിക്കുന്ന ഈഗിൾസ് ആദ്യമായാണ് മുൻനിര ക്ളബുകൾക്കൊപ്പം പന്ത് തട്ടാനിറങ്ങുന്നത്.
2005 മുതൽ 2008 വരെ ഇന്ത്യൻ ഫുട്ബാൾ ടീമിൻെറ സഹപരിശീലകനായിരുന്ന സ്റ്റാൻലി റൊസാരിയോയാണ് ഈഗിൾസിൻെറ പരിശീലകൻ. നേരത്തെ സ്റ്റാൻലി ഈസ്റ്റ് ബംഗാളിൻെറയും സാൽഗോക്ക൪ ഗോവയുടെയും മോഹൻ ബഗാൻെറയും യുനൈറ്റഡ് സിക്കിം ഫുട്ബാൾ ക്ളബിൻെറയും കോച്ചായിരുന്നു. ഈ പരിചയസമ്പത്ത് അദ്ഭുതം കാട്ടാൻ തുണയാകുമെന്ന പ്രതീക്ഷയിലാണ് ഈഗിൾസ്. നൈജീരിയൻ താരങ്ങളായ സക്കുബു കൊകൊ അറ്റാ൪സ, ചാൾസ്, ഒഡിലി ഫെലിക്സ് ചിഡി, മലയാളി വേരുകളുള്ള വിജയ് റോബ൪ട്ട് ഡയസ് (അമേരിക്ക) എന്നിവരാണ് വിദേശ താരങ്ങൾ. ഐ.എം.ജി റിലയൻസിൽ നിന്ന് ടീമിലേക്കെടുത്ത 13പേരും ഈ കൊച്ചി ക്ളബിൻെറ താരനിരയിലുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.