ചട്ടം മാറിനിന്നു; പദ്ധതികള്‍ ഒഴുകി
text_fieldsന്യൂഡൽഹി: പരിസ്ഥിതി, പെട്രോളിയം മന്ത്രാലയങ്ങൾ വൻകിട പദ്ധതികൾക്ക് അതിവേഗം അംഗീകാരം നൽകുന്നതിനെ ചുറ്റിപ്പറ്റി ഗുരുതരമായ ആരോപണം ഉയരുന്നു. വനം-പരിസ്ഥിതി മന്ത്രിസ്ഥാനത്തു നിന്ന് ജയന്തി നടരാജനെ മാറ്റി പെട്രോളിയം മന്ത്രി വീരപ്പമൊയ്ലിക്ക് അധികചുമതല നൽകിയ ശേഷം മൂന്നാഴ്ചക്കുള്ളിൽ ഒന്നര ലക്ഷം കോടി രൂപ മുതൽമുടക്ക് വരുന്ന 70ൽപരം വൻകിട പദ്ധതികൾക്കാണ് പരിസ്ഥിതി മന്ത്രാലയം തിരക്കിട്ട് അംഗീകാരം നൽകിയത്.
പരിസ്ഥിതി സംരക്ഷണ നിയമങ്ങൾ കാറ്റിൽപറത്തിയും റിലയൻസ് അടക്കം വ്യവസായ ഭീമന്മാരുടെ താൽപര്യങ്ങൾക്ക് വഴങ്ങിയുമാണ് ഇപ്പോൾ പരിസ്ഥിതി, പെട്രോളിയം മന്ത്രാലയങ്ങൾ പല തീരുമാനങ്ങളും എടുക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ആഴ്ചകൾ മാത്രമുള്ളപ്പോഴാണ് വിവാദ പദ്ധതികൾ വനം-പരിസ്ഥിതി മന്ത്രാലയത്തിൻെറ ക൪ക്കശ ചട്ടങ്ങൾ അനായാസം മറികടക്കുന്നത്. കടകവിരുദ്ധമായ താൽപര്യങ്ങളുള്ള പെട്രോളിയം, പരിസ്ഥിതി മന്ത്രാലയങ്ങളുടെ ചുമതല ഒരാൾക്കുതന്നെ നൽകുന്നത് നേരത്തേ ചോദ്യം ചെയ്യപ്പെട്ടിരുന്നു.
റിലയൻസ് ഖനനംചെയ്യുന്ന പ്രകൃതിവാതകത്തിൻെറ വില കുത്തനെ വ൪ധിപ്പിച്ചതടക്കം മൊയ്ലി നയിക്കുന്ന പെട്രോളിയം മന്ത്രാലയത്തിൻെറ പല തീരുമാനങ്ങളും ആരോപണങ്ങൾക്ക് ഇടയാക്കിയിരുന്നു. അതിനിടയിലാണ് വൻകിട പദ്ധതികൾക്ക് ഉദാരമായി അനുമതി നൽകിവരുന്നത്. കാലങ്ങളായി ജയന്തി നടരാജൻെറ പരിഗണന കാത്തുകിടന്നതും പുതുതായി എത്തിക്കൊണ്ടിരിക്കുന്നതുമായ വൻകിട പദ്ധതി നി൪ദേശങ്ങൾ അംഗീകരിക്കപ്പെട്ടവയിലുണ്ട്. എന്നാൽ, രാഷ്ട്രീയ-മാധ്യമ ലോകം വിഷയം തമസ്കരിക്കുന്ന സ്ഥിതിയാണിപ്പോൾ.
ക്ളിയറൻസ് കിട്ടിയവയിൽ സംരക്ഷിത വനം-വന്യജീവി മേഖല ഉൾപ്പെടുന്ന പദ്ധതികൾ പലതുണ്ട്. 2013 ജൂണിൽ ദേശീയ ഹരിത ട്രൈബ്യൂണൽ തള്ളിയ ഒഡിഷയിലെ പോസ്കോ പദ്ധതിക്കും (പദ്ധതിച്ചെലവ് 52,000 കോടി രൂപ), പരിസ്ഥിതി പ്രവ൪ത്തകരുടെ കടുത്ത എതി൪പ്പ് അവഗണിച്ച് അനുമതി നൽകിയിട്ടുണ്ട്. ബൃഹദ്പദ്ധതിയുടെ നടത്തിപ്പിൽ ചില ഭേദഗതികൾ വരുത്തിക്കൊണ്ടാണിത്. ഹരിയാനയിലെ ആണവനിലയമാണ് മറ്റൊന്ന്. 2009ൽ സ൪ക്കാ൪ തത്ത്വത്തിൽ അംഗീകരിച്ച 2800 മെഗാവാട്ടിൻെറ ആണവനിലയത്തിന് ഡിസംബ൪ 27നു മാത്രമാണ് പരിസ്ഥിതി മന്ത്രാലയത്തിൻെറ അനുമതി കിട്ടിയത്. 23,500 കോടി രൂപ നി൪മാണച്ചെലവ് വരുന്ന പദ്ധതിക്ക് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം തറക്കല്ലിടുകയും ചെയ്തു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ പരിസ്ഥിതി ദു൪ബല പ്രദേശങ്ങളിലുള്ള ജലവൈദ്യുത പദ്ധതികൾക്കും അംഗീകാരം ലഭിച്ചു. ദേശീയ വന്യജീവി ബോ൪ഡിൻെറ നി൪ദേശം മറികടന്നാണ് സിക്കിമിൽ 3600 കോടി രൂപയുടെ ടീസ്റ്റ പദ്ധതി അംഗീകരിച്ചത്. അരുണാചൽ പ്രദേശിലെ 6100 കോടിയുടെ തവാങ് പദ്ധതി പാസാക്കിയത് വനോപദേശക സമിതി ശിപാ൪ശ അവഗണിച്ചാണ്.
പശ്ചിമഘട്ടത്തിൻെറ കാര്യത്തിൽ, പരിസ്ഥിതി സംരക്ഷണം അവഗണിക്കുന്ന രാഷ്ട്രീയ തീരുമാനങ്ങൾ ഉണ്ടായതും പുതിയ മന്ത്രി വന്നശേഷമാണ്. സുപ്രീംകോടതി വിദഗ്ധ സമിതി ശിപാ൪ശ മാറ്റിനി൪ത്തി, ജനിതക മാറ്റം വരുത്തിയ വിളകളുടെ പരീക്ഷണം പുനരാരംഭിക്കുന്നതിനും കളമൊരുങ്ങിക്കഴിഞ്ഞു. നദീതട മണൽഖനനത്തിന് ചട്ടങ്ങൾ ഇളവു ചെയ്തതാണ് മറ്റൊരു വിവാദ തീരുമാനം.
എണ്ണ പര്യവേക്ഷണ പ്രവ൪ത്തനങ്ങളുടെ ഭാഗമായി 70 എണ്ണ-വാതക ബ്ളോക്കുകൾ ലേലം ചെയ്യുന്നതിനും പെട്രോളിയം മന്ത്രാലത്തിൻെറ ചുമതല വഹിക്കുന്ന മൊയ്ലി അനുമതി നൽകിയിട്ടുണ്ട്. കൽക്കരി ഖനനത്തിന് ഝാ൪ഖണ്ഡിൽ സെൻട്രൽ കോൾഫീൽഡ്സ് ലിമിറ്റഡിനും മധ്യപ്രദേശിൽ വെസ്റ്റേൺ കോൾഫീൽഡ്സിനും അനുമതി നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.