മദീരയിലെ മ്യൂസിയത്തിലേക്ക് വീണ്ടുമൊരു പൊന്‍കിരീടം
text_fieldsസൂറിച്: ഇതിഹാസങ്ങൾ ഒന്നിച്ച താരരാവിൽ ഫിഫയുടെ ആദരവ് ഏറ്റുവാങ്ങിയ പെലെയുടെ കണ്ണീ൪ പൊടിഞ്ഞ വേദിയിൽ നിറകണ്ണുകളെ പിടിച്ചുകെട്ടാൻ പാടുപെട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോയും ചരിത്രത്തിലേക്ക്. ഫുട്ബാൾ മത്സരത്തിൻെറ ആവേശം നിറഞ്ഞ ലോക ഫുട്ബാള൪ക്കായുള്ള മത്സരത്തിൽ നാലുതവണ ജേതാവായ ലയണൽ മെസ്സിയെയും വെല്ലുവിളി ഉയ൪ത്തിയ ഫ്രാങ്ക് റിബറിയെയും മറികടന്ന് ഒന്നാമനായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കരിയറിലെ രണ്ടാം ലോകഫുട്ബാള൪ പുരസ്കാരമായി തിങ്കളാഴ്ച രാത്രിയിലേത്. വോട്ടെടുപ്പിൽ നേരിയ മുൻതൂക്കവുമായാണ് 2008ൽ ലോകഫുട്ബാളറായ ക്രിസ്റ്റ്യാനോ വീണ്ടും താരത്തിളക്കത്തിലേറുന്നത്. റൊണാൾഡോ 27.99 ശതമാനം വോട്ട് നേടിയപ്പോൾ, 2009 മുതൽ 2012 വരെ കിരീടം ചൂടിയ ലയണൽ മെസ്സി 24.72 ശതമാനവും, ബയേൺ മ്യൂണിക്കിൻെറ ഫ്രഞ്ചു താരം ഫ്രാങ്ക് റിബറി 23.36 ശതമാനവും നേടി പിന്നിലായി.
ലോകഫുട്ബാളറെ തെര ഞ്ഞെടുക്കാനായി ഫിഫ വോട്ടെടുപ്പ് നേരത്തേ നിശ്ചയിച്ച പ്രകാരം നവംബ൪ 15ന് അവസാനിപ്പിച്ചിരുന്നെങ്കിൽ ബാലൺ ഡി ഓ൪ പുരസ്കാരം മറ്റാരുടെയെങ്കിലും പേരിലായേനെ. ലോകകപ്പ് പ്ളേ ഓഫ് മത്സരങ്ങൾ കൂടി പരിഗണിച്ച് വോട്ടെടുപ്പിനുള്ള അവസാന തീയതി നവംബ൪ 29 ലേക്ക് മാറ്റിയത് അനുഗ്രഹമായത് ക്രിസ്റ്റ്യാനോക്കായി.
കരിയ൪ റെക്കോഡ് ബുക്കിൽ ചേ൪ക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പോയവ൪ഷത്തിലുണ്ടായിരുന്നത് അടിച്ചുകൂട്ടിയ 69 ഗോളുകൾ മാത്രമായിരുന്നു. ക്ളബിനോ രാജ്യത്തിനോ വേണ്ടി ഒരു കിരീടവും പോലുമില്ല. സ്പാനിഷ് ലീഗ് മത്സരത്തിലും യൂറോപ്യൻ ചാമ്പ്യൻസ് ലീഗിലും ക്രിസ്റ്റ്യാനോയുടെ റയൽ മഡ്രിഡിന് നഷ്ടങ്ങളുടെ വ൪ഷമായി 2013. എന്നിട്ടും പോ൪ചുഗൽ സ്ട്രൈക്കറെ ഫിഫ ബാലൺ ഡി ഓ൪ പുരസ്കാരത്തിന് യോഗ്യനാക്കിയത് ലോകകപ്പ് പ്ളേ ഓഫിലെ ഒരൊറ്റ മത്സരമായിരുന്നു. സ്വീഡനെതിരെ നവംബ൪ 19ന് നടന്ന ജീവൻമരണ പോരാട്ടത്തിൽ കളം നിറഞ്ഞ് നേടിയ ഹാട്രിക് ഗോളുമായി പറങ്കിപ്പടക്ക് ബ്രസീൽ ടിക്കറ്റ് സമ്മാനിച്ച ക്രിസ്റ്റ്യാനോ ജന്മനാടായ മദീരയിൽ സ്ഥാപിച്ച മ്യൂസിയത്തിലേക്കുള്ള രണ്ടാം ബാലൺ ഡി ഓ൪ പുരസ്കാരം ഉറപ്പിക്കുകയായിരുന്നു.
മികച്ച കോച്ചിനുള്ള പോരാട്ടത്തിൽ മുൻ മാഞ്ചസ്റ്റ൪ യുനൈറ്റഡ് പരിശീലകൻ സ൪ അലക്സ് ഫെ൪ഗൂസനെയും ബൊറൂസിയ ഡോ൪ട്മുണ്ടിൻെറ യു൪ഗൻ ക്ളോപിനെയും പിന്തള്ളിയാണ് ബയേൺ മ്യൂണിക്കിൻെറ ചാമ്പ്യൻ കോച്ച് യുപ് ഹെയ്ൻകസ് പുരസ്കാര ജേതാവായത്. വനിത താരത്തിനുള്ള മത്സരത്തിൽ അഞ്ചു തവണ താരമായ ബ്രസീലിൻെറ മാ൪തയെ മറികടന്നായിരുന്നു ജ൪മൻ ഗോൾകീപ്പ൪ നദിൻ ആൻഗററുടെ നേട്ടം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.