മോഷണ പരമ്പര; രണ്ടുപേര്‍ പിടിയില്‍
text_fieldsപള്ളുരുത്തി: തോപ്പുംപടി, പള്ളുരുത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് മോഷണ പരമ്പര നടത്തിവന്ന രണ്ടുപേരെ പള്ളുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു. തോപ്പുംപടി പ്രതീക്ഷ നഗറിൽ താമസിച്ചിരുന്ന, ഇപ്പോൾ ചന്തിരൂ൪ മാ൪ക്കറ്റിന് കിഴക്കുവശം വാടകക്ക് താമസിക്കുന്ന ബിനു (21), തോപ്പുംപടി വാലുമ്മൽ കോളനിയിൽ ഈരുവേലി വീട്ടിൽ തോണി എന്ന റോബിൻ (23) എന്നിവരെയാണ് പള്ളുരുത്തി സി.ഐ വി.ജി. രവീന്ദ്രനാഥിൻെറ നേതൃത്വത്തിലെ സംഘം അറസ്റ്റ് ചെയ്തത്. ഉറങ്ങിക്കിടക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും സ്വ൪ണാഭരണങ്ങൾ ജനൽവഴി മോഷ്ടിക്കലാണ് പ്രതികളുടെ രീതി.
നിരവധി പേരുടെ മൊബൈൽ ഫോണുകളും പണവും പ്രതികൾ കവ൪ന്നിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
ഡിസംബ൪ എട്ടിന് രാത്രി പള്ളുരുത്തി ഇ.എസ്.ഐ റോഡിൽ ചൂരക്കാട്ട് വീട്ടിൽ നിവിൻെറ ഭാര്യയുടെ താലിമാലയും മൊബൈൽ ഫോണും ജനൽ വഴി മോഷ്ടിച്ചതിനെ തുട൪ന്ന് നടന്ന അന്വേഷണത്തിലാണ് പ്രതികളെ സൈബ൪ സെല്ലിൻെറ സഹായത്തോടെ പിടികൂടിയത്. ബിനുവിനെ എരമല്ലൂരിലെ ബാറിന് സമീപത്തുനിന്നും റോബിനെ വീട്ടിൽനിന്നുമാണ് പിടികൂടിയത്.
ബിനു 2008 മുതൽ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളിൽ പ്രതിയാണ്. മുളകുപൊടിയെറിഞ്ഞ് 20 ലക്ഷം തട്ടാൻ ശ്രമിച്ച കേസിൽ എറണാകുളം സൗത് സ്റ്റേഷനിലും മാല പൊട്ടിച്ചതിന് അമ്പലപ്പുഴ സ്റ്റേഷനിലും ഇയാൾക്കെതിരെ കേസുണ്ട്. 2012ൽ പള്ളുരുത്തി ഡി.എൽ.ബി ക്വാ൪ട്ടേഴ്സിന് സമീപം വലിയപറമ്പിൽ അഷ്റഫിൻെറ ഭാര്യയുടെ സ്വ൪ണ പാദസരവും 2013ൽ മുണ്ടംവേലി ജിഷി ആശുപത്രിക്ക് സമീപം അജിത്തിൻെറ ഭാര്യയുടെ അഞ്ചുപവൻ താലിമാലയും തോപ്പുംപടി പോസ്റ്റ് ഓഫിസ് റോഡിൽ മാത്യുവിൻെറ മകളുടെ രണ്ട് വളകളും ഒരു ജോടി കമ്മലും പോളക്കണ്ടം മാ൪ക്കറ്റിന് സമീപം ജോ൪ജിൻെറ മകളുടെ ഒരു പവൻ നെക്ലേസും തോപ്പുംപടി ജിയോ കമ്പനിക്ക് സമീപം ജിജോയുടെ മൊബൈൽ ഫോണും 2000 രൂപയും പ്രതികൾ ജനൽ വഴി മോഷ്ടിച്ചതായി പൊലീസ് പറഞ്ഞു.
പള്ളുരുത്തി ശങ്കരനാരായണ ക്ഷേത്രം, ധന്വന്തരി ക്ഷേത്രം എന്നിവിടങ്ങളിലെ ഭണ്ഡാരങ്ങൾ മോഷ്ടിച്ചതും പെരുമ്പാവൂ൪, എറണാകുളം മാ൪ക്കറ്റ്, പള്ളുരുത്തി വെളി എന്നിവിടങ്ങളിൽ ഉറങ്ങിക്കിടന്നവരിൽനിന്ന് മൊബൈൽ ഫോണുകളും പണവും മോഷ്ടിച്ചതും ഇവരാണെന്ന് പൊലീസ് പറഞ്ഞു. പള്ളുരുത്തി എസ്.ഐ എൽ. യേശുദാസ്, തോപ്പുംപടി എസ്.ഐ എം.കെ. സജീവ്, സീനിയ൪ സി.പി.ഒമാരായ വി.എ. സുബൈ൪, സി.എ. കുഞ്ഞികൃഷ്ണൻ, പി. സന്തോഷ് തുടങ്ങിയവ൪ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.