മുന്നേറ്റത്തിന്റെ മുനയൊടിഞ്ഞ് മോദി
text_fieldsന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന നേരത്ത് ദേശീയ രാഷ്ട്രീയത്തിൽ നിസ്സംശയം നിറഞ്ഞു നിൽക്കുന്ന പ്രധാനമന്ത്രി സ്ഥാനാ൪ഥി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയാണ്. മോദിയുടെ സവിശേഷമായ താൽപര്യവും ആ൪.എസ്.എസിൻെറ പിന്തുണയും ഒത്തുചേ൪ന്നപ്പോഴാണ് ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാ൪ഥി മാസങ്ങൾക്കുമുമ്പേ പിറന്നത്. എൽ.കെ. അദ്വാനി അടക്കം ബി.ജെ.പിയിലെ ഒരു വിഭാഗം മുതി൪ന്ന നേതാക്കൾ മൂലക്കായി. ഗുജറാത്ത് വംശഹത്യയും പഴങ്കഥ. എതി൪പ്പുകൾ മാറ്റിവെച്ച് മോദിക്കുവേണ്ടി ബി.ജെ.പിക്കാ൪ ഒത്തുചേ൪ന്ന് പാടുകയാണ്. പക്ഷേ, ഏതാനും ആഴ്ചകൾ മുമ്പത്തെപ്പോലെ, മോദിയുടെ മുന്നേറ്റം നിസ്സംശയമെന്ന് ബി.ജെ.പി ഇപ്പോൾ പറയുന്നില്ല.
മോദിയുടെ അശ്വമേധത്തിന് മൂക്കുകയറിട്ടത് പ്രധാന എതിരാളികളായ കോൺഗ്രസല്ല. അരവിന്ദ് കെജ്രിവാൾ നയിക്കുന്ന ആം ആദ്മി പാ൪ട്ടി നടത്തിയ അസാധാരണ മുന്നേറ്റത്തിൽ ഡൽഹി നിയമസഭയിൽ ബി.ജെ.പി പ്രതിപക്ഷമായിത്തന്നെ തുടരേണ്ടിവന്നു. അന്നു മുതൽ ഇന്നു വരെ ദേശീയ രാഷ്ട്രീയത്തിൽ പ്രധാന ച൪ച്ച ആം ആദ്മി പാ൪ട്ടിയെ കേന്ദ്രീകരിച്ചാണ്. അതുവരെ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാ൪ഥിയായി ചാനൽ ച൪ച്ചാവേദികളിലും തെരഞ്ഞെടുപ്പു പ്രസംഗവേദികളിലും നിറഞ്ഞുനിന്നത് മോദിയാണ്. ലോക്സഭയിൽ വേണ്ട കേവലഭൂരിപക്ഷമായ 272-പ്ളസ് എൻ.ഡി.എ നേടുമെന്ന പെരുമ്പറ മുഴക്കങ്ങൾ വരെ കേട്ടു. മോദിയുടെ പ്രസംഗം കേൾക്കാൻ അഞ്ചുരൂപ മുടക്കണമെന്ന നില വരെ എത്തി. പക്ഷേ, ഊതിവീ൪പ്പിച്ച ബലൂണിൽനിന്ന് കാറ്റു പോയിക്കൊണ്ടിരിക്കുന്ന മാതിരി ‘മോദി ഇമേജി’ൽ ചുളിവു വീണിരിക്കുന്നു.
അതിൽ വീണ്ടും കാറ്റുനിറക്കാനുള്ള സവിശേഷ തന്ത്രങ്ങൾ ആവിഷ്കരിക്കാനുള്ള പുറപ്പാടിലാണ് ബി.ജെ.പി. ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി, പുതിയ രാഷ്ട്രീയ തന്ത്രങ്ങളെക്കുറിച്ച് ച൪ച്ചചെയ്യാൻ രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽനിന്ന് പാ൪ട്ടി നേതാക്കൾ ഡൽഹിയിൽ തമ്പടിച്ചിരിക്കുന്നു. അടുത്ത രണ്ടു ദിവസങ്ങളിലായി ദേശീയ കൗൺസിൽ, ദേശീയ നി൪വാഹക സമിതി യോഗങ്ങൾ നടക്കും. ഒരു നോട്ട്-ഒരു വോട്ട്, വീടുവീടാന്തരം കയറിയുള്ള പ്രചാരണങ്ങൾ എന്നിങ്ങനെയുള്ള പുറംമോടികളെക്കുറിച്ച വിശദച൪ച്ച ഒരു വശത്തുണ്ട്. പക്ഷേ, വോട്ടു കിട്ടാനുള്ള മറ്റു രാഷ്ട്രീയ തന്ത്രങ്ങൾ, സഖ്യസാധ്യതകൾ എന്നിങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ചാണ് ഗൗരവപൂ൪ണമായ ച൪ച്ചകൾ നടക്കാൻ പോകുന്നത്. മോദിയെ പ്രധാനമന്ത്രി സ്ഥാനാ൪ഥിയായി പ്രഖ്യാപിച്ച ശേഷം ഇതാദ്യമായാണ് ദേശീയതല നേതൃസമ്മേളനം.
മോദി, രാഹുൽ എന്നിങ്ങനെ വ്യക്തികളിൽ കേന്ദ്രീകരിച്ചു നി൪ത്തിയ ലോക്സഭാ തെരഞ്ഞെടുപ്പു ചിത്രമാണ് ആം ആദ്മി പാ൪ട്ടി മാറ്റിമറിച്ചത്. 10 വ൪ഷത്തെ ഭരണം വഴി കോൺഗ്രസ് സമ്പാദിച്ച ജനരോഷം മുതലാക്കുന്നതിലായിരുന്നു ബി.ജെ.പിയുടെ രാഷ്ട്രീയ തന്ത്രം കേന്ദ്രീകരിച്ചുനിന്നത്. അഴിമതി, വിലക്കയറ്റം, നയവൈകല്യങ്ങൾ, രാഹുലിൻെറ കുട്ടിത്തം എന്നിങ്ങനെ പല അസ്ത്രങ്ങൾ ആവനാഴിയിൽ തേച്ചുമിനുക്കി വെച്ചതുമാണ്.
പക്ഷേ, കോൺഗ്രസിനൊപ്പം ആം ആദ്മി പാ൪ട്ടിയുടെ കാര്യത്തിൽ വലിയ ജാഗ്രത വേണ്ടിവരുന്നു. ഭരണവിരുദ്ധ വോട്ടുകൾ ഇന്നത്തെ നിലയിൽ ബി.ജെ.പിയേക്കാൾ ആം ആദ്മി പാ൪ട്ടിക്ക് കിട്ടുന്ന നിലയാണ്. ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാമെന്ന പ്രതീക്ഷകൾക്കാണ് മങ്ങൽ.
മോദിയുടെ ഗുജറാത്തിൽ ആം ആദ്മി പാ൪ട്ടി ഏതാനും ദിവസംകൊണ്ട് ഒന്നര ലക്ഷം അംഗങ്ങളെ ചേ൪ത്തു. കോൺഗ്രസും ബി.ജെ.പിയും പരസ്പരം പോരടിക്കുന്ന സംസ്ഥാനങ്ങളിൽ ആം ആദ്മി പാ൪ട്ടി സ്ഥാനാ൪ഥികളെ നി൪ത്തിയാൽ കോൺഗ്രസ് വിരുദ്ധ വികാരം ഭിന്നിച്ച് ബി.ജെ.പിക്ക് ക്ഷീണം തട്ടും. കോൺഗ്രസും മറ്റുകക്ഷികളും പ്രധാനമായി ഏറ്റുമുട്ടുന്ന സ്ഥലങ്ങളിലും കോൺഗ്രസ് വിരുദ്ധ വോട്ടുകൾ ഭിന്നിക്കപ്പെടും. ഡൽഹിയിലും ഹരിയാനയിലുമൊക്കെ തൂത്തുവാരാമെന്നു കരുതിയേടത്താണ് ഈ സ്ഥിതി. അതുകൊണ്ടുതന്നെ ആം ആദ്മി പാ൪ട്ടിക്ക് ‘ആപ്’ വെക്കാനുള്ള നീക്കങ്ങൾ മോദി തന്നെ തുടങ്ങിയെന്നാണ് റിപ്പോ൪ട്ടുകൾ. ആം ആദ്മി പാ൪ട്ടിയിൽ പ്രശ്നങ്ങളുണ്ടാക്കി കെജ്രിവാളിനെ ഡൽഹിയിൽ തന്നെ തളച്ചിടാനുള്ള ബി.ജെ.പിയുടെ പിന്നാമ്പുറ നീക്കത്തിൽ നിന്നാണ് എ.എ.പി വിമതനായ വിനോദ്കുമാ൪ ബിന്നിക്ക് ശക്തി കിട്ടുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
കോൺഗ്രസിനെതിരെ അഴിമതി വിരുദ്ധ മുദ്രാവാക്യവും ഒപ്പം വ൪ഗീയ അജണ്ടകളുമായി മുന്നോട്ടുനീങ്ങുന്ന ബി.ജെ.പിക്ക് ക൪ണാടകത്തിൽ യെദിയൂരപ്പ മുതൽക്കൂട്ടാണെങ്കിലും ദേശീയതലത്തിൽ തിരിച്ചടിയായിത്തീ൪ന്നിട്ടുണ്ട്. അഴിമതിയാരോപണത്തെ തുട൪ന്ന് മുഖ്യമന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്ന യെദിയൂരപ്പയെ കൂടെ കൂട്ടിയതോടെ, കോൺഗ്രസിനെതിരെ അഴിമതി ആരോപണങ്ങൾ ഉന്നയിക്കാനുള്ള ബി.ജെ.പിയുടെ ശക്തി ചോ൪ന്നിട്ടുമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.