സിങ്, സെങ്: കാതില്‍ മുഴങ്ങുന്ന ദേശീയഗാനങ്ങള്‍
text_fieldsമലപ്പുറം: അന്താരാഷ്ട്ര മത്സരങ്ങളിൽ ഫുട്ബാൾ ലോകം കണ്ട് പരിചയിച്ച രണ്ട് മുഖങ്ങളുണ്ട് റാങ്ദജീദ് യുനൈറ്റഡെന്ന ഇന്ത്യൻ ക്ളബിൽ. ആസന്നമാവുന്ന ബ്രസീൽ ലോകകപ്പിൽ ഏഷ്യൻ കരുത്തരായ ഉത്തരകൊറിയക്ക് യോഗ്യത ലഭിച്ചിരുന്നെങ്കിൽ കിക്ക് ഓഫ് വേളയിൽ ദേശീയഗാനം ഉരുവിടാൻ സ്ട്രൈക്ക൪ കിം സെങ് യോങ്ങുമുണ്ടാവുമായിരുന്നു. ഇന്ത്യൻ ടീമിൻെറ പ്രതിരോധനിരയിൽ നിറസാന്നിധ്യമാണ് ഗൂരമാംഗി സിങ്. ഫെഡറേഷൻ കപ്പിൻെറ വിശ്രമദിനത്തിൽ ഇരുവരും ഫുട്ബാളിനെക്കുറിച്ച് വാചാലരായി. കാണികളുടെ മനംകവ൪ന്ന സ്വ൪ണമുടിക്കാരൻ ജാപ്പനീസ് മിഡ്ഫീൽഡ൪ യൊഹെയ് ഇവാസാകിയുമുണ്ടായിരുന്നു കൂടെ.
ഘോരഘോരം ഗൗ൪മാംഗി
വിജയിക്കാമായിരുന്ന കളിയിലാണ് ഈസ്റ്റ് ബംഗാളിനോട് സമനില വഴങ്ങിയതെന്ന പക്ഷക്കാരനാണ് ഗൗ൪മാംഗി സിങ്. ഐ ലീഗ് പോയൻറ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനങ്ങളിൽ നിൽക്കുന്നവരാണ് ബംഗളൂരു എഫ്.സിയും സ്പോ൪ട്ടിങ് ഗോവയും. ഈസ്റ്റ് ബംഗാളാവട്ടെ നിലവിലെ ചാമ്പ്യന്മാ൪. ഇവരുമായി താരതമ്യം ചെയ്യുമ്പോൾ റങ്ദജീദ് എത്രയോ ചെറിയ സംഘമാണ്. 2010ൽ ആസ്ട്രേലിയയിൽപ്പോയി എ ലീഗ് ക്ളബായ മെൽബൺ ഹാ൪ട്ട് എഫ്.സിയുടെ രണ്ടാഴ്ചത്തെ ട്രയൽസിൽ പങ്കെടുക്കാൻ അവസരം ലഭിച്ചിരുന്നു. വിദേശ കളിക്കാ൪ക്കൊപ്പം ചെലവിട്ട ക്യാമ്പ് ഒരുപാട് പുതിയ അറിവുകൾ നൽകിയെന്ന് അദ്ദേഹം പറഞ്ഞു. ഈയിടെ ഡെൻമാ൪ക്കിലും പരിശീലനത്തിന് പോയി. ലോകോത്തര താരങ്ങൾക്കൊപ്പം കളിക്കാനായത് ഭാഗ്യമാണ്. ഇന്ത്യൻ ടീമിൽ മികച്ച വാഗ്ദാനങ്ങളുണ്ട്. വിദേശ ക്ളബുകളിൽ കളിക്കുന്നതിനേക്കാൾ താൻ ഇഷ്ടപ്പെടുന്നത് ഇന്ത്യയിൽ തുടരാനാണ്. സ്വന്തം നാട്ടുകാരും പരിശീലകനും കാണികളുമൊക്കെയാവുമ്പോൾ ലഭിക്കുന്ന മാനസിക ഉണ൪വ് വലുതാണെന്നും ഗൗ൪മാംഗി സിങ് കൂട്ടിച്ചേ൪ത്തു.
ഐ.എം.ജി റിലയൻസുമായി ഐ.പി.എൽ മാതൃകാ ഫുട്ബാളിന് കരാറൊപ്പിട്ട ഗൂരമാംഗി2008-09ൽ ച൪ച്ചിൽ ഐ ലീഗ് ചാമ്പ്യന്മാരായപ്പോൾ മികച്ച ഡിഫൻഡറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2010ൽ അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷൻെറ പ്ളയ൪ ഓഫ് ദ ഇയ൪ പുരസ്കാരവും നേടി. 61 കളിയിൽ ഇന്ത്യൻ ജഴ്സിയണിഞ്ഞ അദ്ദേഹം 2012 നെഹ്റു കപ്പ് ഫൈനലിലുമുൾപ്പെടെ ആറ് ഗോൾ നേടി.
യങ് കിങ് നാണം കുണുങ്ങി
ബുധനാഴ്ചത്തെ കളിയുടെ 20ാം മിനിറ്റിലായിരുന്നു ഈസ്റ്റ് ബംഗാളിനെതിരെ കിം സെങ് യോങ്ങിൻെറ ഗോൾ. ടീമിന് ലീഡ് നൽകിയിട്ടും ജയിക്കാനാവാഞ്ഞതിൽ നിരാശയുണ്ട്- യോങ്ങ് വ്യക്തമാക്കി. കൊറിയൻ യൂനിവേഴ്സിറ്റി ടീമിലൂടെയാണ് തുടക്കം. ജാപ്പനീസ് ക്ളബുകളായ ക്യോട്ടോ സാങ എഫ്.സി, തെസ്പകുസാറ്റ്സു ഗൻമ, തായ്ലൻഡിലെ നഖോൻ റച്ചാസിമ എഫ്.സി എന്നിവക്ക് വേണ്ടി കളത്തിലിറങ്ങി. ഉത്തരകൊറിയയുടെ അണ്ട൪ 23, സീനിയ൪ ടീമുകളിലും കളിച്ചു. പിതാവ് കിങ് ക്വാങ് ഹോ ആദ്യമായി ഉത്തരകൊറിയൻ ദേശീയ ടീമിലത്തെിയ സൈനിച്ചി കൊറിയൻ (ജപ്പാനിലെ കൊറിയൻ വംശജ൪) ആണ്.
പറന്നുനടന്ന്
പൊൻമുടിപ്പയ്യൻ
പെലെയുടെ നാടായ ബ്രസീലുകാ൪ക്ക് സുപരിചിതനാണ് ജാപ്പനീസ് മിഡ്ഫീൽഡ൪ യൊഹെയ് ഇവാസാകി. കോബോറിയൂ, പരാനാവൈ, സെരാനോ, പാറ്റോ ബ്രാൻകോ, പരാന ക്ളബ് എന്നീ അഞ്ച് കാനറി ക്ളബുകളുടെ കുപ്പായത്തിൽ ഇതുവരെ പ്രത്യക്ഷപ്പെട്ടു. കഴിഞ്ഞ വ൪ഷമാണ് റാങ്ദജീദിലത്തെിയത്. ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തിൽ ഏറെ കൈയടി നേടിയിരുന്ന യൊഹെയ്. യുവതാരത്തിൻെറ സ്വ൪ണമുടി കളത്തിൽ വേറിട്ടുനിന്നു. മുടിയുടെ സ്വ൪ണനിറം ഒറിജിനലല്ളെന്നത് അടുപ്പമുള്ളവ൪ക്ക് മാത്രമറിയാവുന്ന രഹസ്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.