ഫെഡറേഷന്‍ കപ്പ്: വമ്പന്മാര്‍ ഇന്ന് വീണ്ടും; ആവേശപ്പോര് കാത്ത് മലപ്പുറം
text_fieldsമഞ്ചേരി: സിരകളിലേക്ക് പട൪ന്നൊഴുകിയ കളിക്കമ്പത്തിൻെറ രണ്ടു നാൾ കഴിഞ്ഞ് വിശ്രമിച്ച മലപ്പുറം വെള്ളിയാഴ്ച വീണ്ടും ആരവങ്ങളിലേക്ക്. കളിയഴകിൻെറ പരകോടിയിലത്തൊതെ പോയ ആദ്യദിനം മാറ്റുരച്ച ടീമുകൾ തമ്മിലെ ഫെഡറേഷൻ കപ്പ് ഫുട്ബാൾ ഗ്രൂപ് ഡി പോരാട്ടങ്ങൾക്കാണ് പയ്യനാട്ടെ പച്ചപ്പുൽ മൈതാനം ഇന്ന് സാക്ഷിയാവുക. രണ്ടാം ജയം തേടി കളത്തിലിറങ്ങുന്ന മുഹമ്മദൻസിനും ഡെംപോക്കും കാര്യങ്ങൾ പ്രതീക്ഷിച്ചത്ര എളുപ്പമാവില്ളെന്നാണ് ആദ്യ മത്സരങ്ങൾ നൽകുന്ന സൂചന. പകൽവെളിച്ചത്തിൽ ഭവാനിപൂ൪ എഫ്.സിയാണ് മുഹമ്മദൻസിൻെറ എതിരാളി. രണ്ടാം മത്സരത്തിൽ ഡെംപോ സിക്കിം യുനൈറ്റഡിനെ നേരിടും.
റണ്ണേഴ്സപ്പെന്ന ഖ്യാതിയുമായി ചൊവ്വാഴ്ച കളിക്കാനിറങ്ങിയ ഡെംപോക്ക് വേണ്ടത്ര മികവ് കാട്ടാനായിരുന്നില്ല. ഭവാനിപൂ൪ എഫ്.സിയോട് ആദ്യപകുതിയിൽ ഒരുഗോളിന് പിന്നിൽനിന്ന ശേഷമാണ് ജയിച്ചുകയറിയത്. മറുവശത്ത് മുഹമ്മദൻസിനോട് രണ്ടു ഗോളിന് പിറകിലായിട്ടും തളരാതെ പൊരുതി ഒരു ഗോൾ തിരിച്ചടിച്ച സിക്കിം അട്ടിമറി കോപ്പുകൂട്ടുന്നവരാണ്.
മലയാളി താരം ധനരാജൻ നയിക്കുന്ന മുഹമ്മദൻസ് മലപ്പുറത്തിൻെറ ഇഷ്ടടീമാണ്. ഗോളടി വീരനായ ജോസിമറാണ് തുറുപ്പുശീട്ട്. നി൪മൽ ഛേത്രിയും സയ്യദ് റഹിം നബിയും ലൂയിസ് ബരേറ്റോയും പരിചയ സമ്പന്നരും. ഇവരുടെ പ്രതിഭ ഗ്രൗണ്ടിൽ പരിവ൪ത്തിപ്പിക്കാനായാൽ ഡ്യൂറൻറ് കപ്പ് വിജയികൾക്ക് ഫെഡറേഷൻ കപ്പിലും ഒരുകൈ നോക്കാം. മലയാളിയായ നൗഷാദ് കളിക്കുന്ന ഭവാനിപൂരിൻെറ നിരയിൽ അപകടകാരി മഞ്ചേരിയുടെ മണ്ണിൽ ചരിത്ര ഗോളടിച്ച ദിപേന്ദു ദൊവാരിയാണ്.
താരബലത്തിൽ മുഹമ്മദൻസിനും ഡെംപോക്കുമാണ് മുൻതൂക്കം. ഇവ൪ ഇന്ന് ജയിച്ചുകയറിയാൽ പരസ്പരം ശക്തിപരീക്ഷിക്കുന്ന തിങ്കളാഴ്ചത്തെ മത്സരം നി൪ണായകമാണ്. മറിച്ച് തോൽവിയോ സമനിലയോ സംഭവിച്ചാൽ മുന്നോട്ടേക്കുള്ള പ്രയാണം ദുഷ്കരമാവും. മരണഗ്രൂപ്പിൽ സ്പോ൪ട്ടിങ്ങിനെ തോൽപിച്ച ബംഗളൂരു എഫ്.സി മൂന്ന് പോയൻറുമായി മുന്നിലാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.