ഗോത്രഭാഷയില്‍ ഒരു പഞ്ചായത്ത് കൈപ്പുസ്തകം!
text_fieldsതിരുവനന്തപുരം: ‘നമ്മപഞ്ചായത്തു പ്രസിഡൻറുറുക്കു കെടസിരിക്ക്ത്ത അധികാരങ്ങള് സുമതലകള് കേള്’. സംശയിക്കേണ്ട, പഞ്ചായത്ത് പ്രസിഡൻറിന് ലഭിച്ച അധികാരങ്ങളെക്കുറിച്ചാണ് പറയുന്നത്. അതുപക്ഷേ, ഗോത്രഭാഷയിലാണെന്ന് മാത്രം.
മുതുവാൻ സമുദായത്തിൽപെട്ടവ൪ മാത്രമുള്ള സംസ്ഥാനത്തെ ആദ്യപട്ടികവ൪ഗ പഞ്ചായത്തായ ഇടമലക്കുടിക്ക് വേണ്ടി തൃശൂ൪ കില തയാറാക്കിയ കൈപ്പുസ്തകത്തിലാണ് പഞ്ചായത്തിൻെറ അധികാരത്തെക്കുറിച്ച് പറയുന്നത്. ജനപ്രതിനിധികൾക്ക് ഭരണസംവിധാനത്തെപ്പറ്റി അറിവ് നൽകാനാണ് പുസ്തകമൊരുക്കിയത്.
“പഞ്ചായത്ത് കാര്യനി൪വഹണാധികാരി, പഞ്ചായത്ത് കമിട്ടി വിളിസ്സേക്കത്തവൻ, പഞ്ചായത്തിൻെറ ഗ്രാമസഭാ യോഗത്തുക്കും വലിയാള് (അധ്യക്ഷൻ), കമിട്ടി നിയന്ത്രിക്ക്ത്തആള്, പഞ്ചായത്ത് ഉദ്യോഗസ്തു കാരനുകളേം, പഞ്ചായത്തോട് കലന്തിരിക്ക്ത്ത, ഉദ്യോഗസ്തുകാരനുകളേം നീന്ത്രിക്ക്ത്തതും മേൽനോട്ടം നടത്തതും, സെക്രട്ടറി, ഗസ്റ്റ് ഉദ്യോഗസ്തുകാരനുകള് ഒഴിച്ച് വാക്കി ഉദ്യോഗസ്തു കാരനുകള് സെയ്യ്യവേിയവേല സട്ടപ്പടി സെയ്യായിരുണതെൻറാ.
വേണ്ടിയ ശിക്ഷനടപടികള് എടുപ്പോള്. ഫയലുകളും റിക്കോ൪ഡുകളും ആവശ്യപ്പെടുവോള് (കേട്ടുവാങ്ങുവോള്), ആവശ്യമാന ഉത്തരവുകൾ എളുതിക്കൊടുപ്പോള്, തപാലുകള് സമയാ സമയത്തില് തന്നീം പരിശോദിച്ച് നി൪ദേശം നൽകുവോള്....” അങ്ങനെ പോകുന്നു ഗ്രാമപഞ്ചായത്ത് പ്രസിഡൻറിൻെറ അധികാരങ്ങൾ.
പട്ടികവ൪ഗ വിഭാഗമായ മുതുവാൻ സമുദായത്തിൻെറ സംസാരഭാഷയിലാണ് ഇതു തയാറാക്കിയിട്ടുള്ളത്.
മുതുവാൻ ഭാഷക്ക് ലിപിയില്ലാത്തതിനാൽ, മലയാളത്തിലാണ് തയാറാക്കിയിട്ടുള്ളത്. ‘നാട്ടുപരണം’ എന്ന് പേരിട്ട പുസ്തകത്തിൽ പഞ്ചായത്തീരാജ് ഇയ്ക്കം (പഞ്ചായത്തീരാജ് സംവിധാനം), പഞ്ചായത്തന സുമതലകളും ഉത്തരവാദിത്തങ്കളും (പഞ്ചായത്തിൻെറ ചുമതലകളും ഉത്തരവാദിത്തങ്കളും), സനപ്രതിനിധികളുടെ അതികാരങ്ങളും സുമതലകളും ഉത്തരവാദിത്തങ്ങളും (ജനപ്രതിനിധികളുടെ അധികാരങ്ങളും ചുമതലകളും ഉത്തരവാദിത്തങ്ങളും), ഗ്രാമസഭകളുടെ അതികാരങ്ങളും സുമതലകളും (ഗ്രാമസഭയുടെ അധികാരങ്ങളും ചുമതലകളും), യോഗ നടപടി മുറകൾ (യോഗ നടപടിക്രമങ്ങൾ), ഓപ്പീസ് വേല (ഓഫിസ് പ്രവ൪ത്തനം), പജറ്റ് (ബജറ്റ്), സരിയാന പജറ്റ് (യാഥാ൪ഥ്യത്തിലൂന്നിയ ബജറ്റ്), കണക്കെഴുത്ത് (അക്കൗണ്ടിങ്) എന്നീ അധ്യായങ്ങളിലായി പഞ്ചായത്തിനെ സംബന്ധിച്ചും അധികാര വികേന്ദ്രീകരണത്തെക്കുറിച്ചും വിവരിക്കുന്നു.
സത്രത്തിൽ നടക്കുന്ന സംഭാഷണം എന്ന രീതിയിലാണ് അവതരിപ്പിച്ചിട്ടുള്ളത്. ഇടമലക്കുടി ട്രൈബൽ സ്കൂൾ അധ്യാപകൻ പി.കെ.മുരളീധരൻ, ഇടമലക്കുടിയിലെ സി.ടി.മുരുകൻ, സി.കെ.മുരുകൻ എന്നിവരാണ് കൈപ്പുസ്തകം ഗോത്രഭാഷയിൽ തയാറാക്കിയത്.
പുതിയതായി രൂപവത്കരിക്കപ്പെട്ട പഞ്ചായത്ത് എന്ന നിലയിൽ ജനപ്രതിനിധികൾക്ക് പഞ്ചായത്ത് ഭരണസംവിധാനത്തെക്കുറിച്ച് അറിവ് പകരേണ്ടതുണ്ടെന്ന് കില ഡയറക്ട൪ ഡോ.പി.പി.ബാലൻ പറഞ്ഞു. അതിനാൽ ഇടമലക്കുടി പഞ്ചായത്തിൻെറ സവിശേഷതകൾ അറിഞ്ഞുകൊണ്ടുള്ള ചുവടുവെപ്പാണ് കില നടത്തുന്നത്.
ഭാഷയിലും സംസ്കാരത്തിലും വ്യത്യസ്തരായ ഇക്കൂട്ട൪ക്ക് ഇണങ്ങുന്ന തലത്തിലുള്ള പരിശീലന പരിപാടിയാണ് രൂപകൽപന ചെയ്തിരിക്കുന്നത്. മറ്റ് പഞ്ചായത്തുകളിൽ നിന്ന് വ്യത്യസ്തമാ൪ന്ന ഒരു പ്രദേശവും ജനതയുമാണ് ഇടമലക്കുടിയിൽ -അദ്ദേഹം പറഞ്ഞു.
മൂന്നാറിൽ നിന്ന് മുപ്പത് കിലോമീറ്ററിലേറെ അകലെ ആനമുടി റിസ൪വ് വനത്തിലാണ് ഇടമലക്കുടി. മൂന്നാ൪ പഞ്ചായത്തിൻെറ ഭാഗമായിരുന്ന ഇടമലക്കുടി ഗ്രാമപഞ്ചായത്തായി മാറിയെങ്കിലും പഞ്ചായത്ത് സെക്രട്ടറിയും ജീവനക്കാരും ഇപ്പോഴും ദേവികുളത്താണ്.
സൈക്കിൾ പോലുമില്ലാത്ത ഇടമലക്കുടി ഗ്രാമപഞ്ചായത്തിന് വേണ്ടി ജീപ്പും വാങ്ങിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.