Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightഏറ്റുമുട്ടല്‍...

ഏറ്റുമുട്ടല്‍ കൊലകളിലെ നഷ്ടപരിഹാരം

text_fields
bookmark_border
ഏറ്റുമുട്ടല്‍ കൊലകളിലെ നഷ്ടപരിഹാരം
cancel

ദേശീയ മനുഷ്യാവകാശ കമീഷൻ ലഖ്നോയിൽ രണ്ടു ദിവസം നടത്തിയ സിറ്റിങ്ങിൽ വ്യാജ ഏറ്റുമുട്ടൽ സംഭവങ്ങളിൽ കൊല്ലപ്പെട്ടവരുടെ ആശ്രിത൪ക്ക് മൊത്തം 1.25 കോടി രൂപ നഷ്ടപരിഹാരം വിധിച്ചിരിക്കുന്നു. ഒരു ലക്ഷം മുതൽ അഞ്ചു ലക്ഷം വരെയാണ് 23 കേസുകളിൽ കമീഷൻ തീ൪പ്പാക്കിയ സംഖ്യ. ഈ കേസുകളിൽ പൊലീസിൻെറ വാദം തൃപ്തികരമല്ളെന്ന് ചൂണ്ടിക്കാട്ടിയാണ് കമീഷൻ നഷ്ടപരിഹാരം വിധിച്ചത്. ചിലത് സംസ്ഥാന സ൪ക്കാ൪ അംഗീകരിച്ചിട്ടുണ്ട്. ചിലതിൽ കോടതിയെ സമീപിക്കാനാണ് തീരുമാനം. എന്നാൽ, ഒരു കേസിൽപോലും, ഉത്തരവാദികളായ സുരക്ഷാ ഉദ്യോഗസ്ഥന്മാരുടെ പേരിൽ അന്വേഷണം നടത്താനോ നടപടികൾ സ്വീകരിക്കാനോ മനുഷ്യാവകാശ കമീഷൻ ഉത്തരവിട്ടിട്ടില്ളെന്നതാണ് ഏറ്റവും ആശങ്കാജനകമായ കാര്യം. രാജ്യത്ത് ഭരണകൂട ഭീകരതയുടെ നഗ്നരൂപമായ ഏറ്റുമുട്ടൽ കൊലകൾ അനുസ്യൂതം തുടരാനുള്ള കാരണവും അതുതന്നെ. 2009 ഏപ്രിൽ ഒന്നു മുതൽ 2013 ഫെബ്രുവരി 15 വരെയുള്ള കാലയളവിൽ 555 ഏറ്റുമുട്ടൽ കൊലകൾ നടന്നതായാണ് കണക്ക്. ഇവയത്രയും ഒൗദ്യോഗിക കൊലപാതകങ്ങളായതുകൊണ്ട് തൃപ്തികരമായ അന്വേഷണമോ കുറ്റക്കാരുടെ പേരിൽ ക൪ശന നടപടികളോ മാതൃകാപരമായ ശിക്ഷയോ ഉണ്ടാവുന്നില്ല. കാരണം വ്യക്തം. ഏതെങ്കിലും സംഭവം തീവ്രവാദപരമോ ഭീകരാക്രമണപരമോ ആയ മാനങ്ങളുള്ളതാണെന്ന് പൊലീസോ അന്വേഷണ ഏജൻസികളോ തീരുമാനിച്ചാൽ പിന്നെ സംശയിക്കുന്നവരെ മുഴുവൻ പിടികൂടാം, കുറ്റപത്രംപോലും നൽകാതെ അനിശ്ചിതമായി ജയിലുകളിൽ പാ൪പ്പിക്കാം, വിചാരണ എത്ര കാലത്തേക്കും നീട്ടിക്കൊണ്ടുപോവാം, പ്രതികളാക്കപ്പെടുന്നവരെ വെടിവെച്ചുകൊന്നശേഷം ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതാണെന്ന് പ്രചരിപ്പിക്കാം. മീഡിയ പൊലീസ്ഭാഷ്യം വേദവാക്യം പോലെ മുഖവിലക്കെടുത്ത് വസ്തുതാന്വേഷണത്തിനു പോലും മെനക്കെടാതെ പ്രചാരണം ഏറ്റെടുത്തുകൊള്ളും. ഗുജറാത്തിൽ നരേന്ദ്ര മോദി സ൪ക്കാറിൻെറ മുഖത്തെ കറുത്ത പാടായ ഇശ്റത്ത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസിലും ഡൽഹിയിൽ ബട്ല ഹൗസിലെ പൊലീസ് വെടിവെപ്പിലും മറ്റനേകം സംഭവങ്ങളിലും ആവ൪ത്തിച്ചത് ഇതാണ്. ഭരണാധികാരികളുടെ പ്രതിച്ഛായ നന്നാക്കാനും പൊലീസ് ഉദ്യോഗസ്ഥ൪ക്ക് പ്രമോഷൻ തരപ്പെടുത്താനും വ൪ഗീയമോ വിഭാഗീയമോ ആയ വികാരങ്ങളെ ശമിപ്പിക്കാനുമൊക്കെ നിരപരാധികളെ കുരുതികൊടുക്കുന്ന ഭീകരസംഭവങ്ങൾ ഇന്ത്യയിൽ നടന്നിട്ടുണ്ട്. ഇപ്പോഴും നടക്കുന്നുമുണ്ട്. അന്താരാഷ്ട്ര മനുഷ്യാവകാശ ഏജൻസികൾ പലപ്പോഴും ഉത്കണ്ഠ പ്രകടിപ്പിച്ചതാണ് നിരന്തരമായ ഈ മനുഷ്യാവകാശ ലംഘനം. എന്നിട്ടും, അതിലേക്ക് നയിക്കുന്ന സാഹചര്യങ്ങളെക്കുറിച്ച് സമഗ്രമായി പഠിക്കാനോ ഇത്തരം സംഭവങ്ങൾ ആവ൪ത്തിക്കുകയില്ളെന്ന് ഉറപ്പുവരുത്താനോ കേന്ദ്ര സ൪ക്കാറിന് സാധിക്കുന്നില്ല. പട്ടാളത്തിന് അമിതാധികാരം നൽകുന്നതോ പൊലീസിനെ കയറൂരി വിടുന്നതോ ആയ കരിനിയമങ്ങൾ പുന$പരിശോധിക്കാനും കേന്ദ്ര സ൪ക്കാ൪ തയാറാവുന്നില്ല. മതേതരമെന്നവകാശപ്പെടുന്ന യു.പി.എ ഭരിക്കുമ്പോഴത്തെ സ്ഥിതി ഇതാണെങ്കിൽ, വലതുപക്ഷ ഫാഷിസ്റ്റ് ഭരണകൂടം രാജ്യത്തിൻെറ കടിഞ്ഞാൺ കൈയിലേന്താൻ ഇടവന്നാൽ എന്ത് സംഭവിക്കുമെന്നോ൪ത്ത് ഞെട്ടലുളവാകുന്നു.
ഏറ്റുമുട്ടൽ കൊലകളിലെ ഇരകളുടെ കുടുംബങ്ങൾക്കും ആശ്രിത൪ക്കും നഷ്ടപരിഹാരം നൽകുന്ന ദേശീയ മനുഷ്യാവകാശ കമീഷൻെറ നടപടി തീ൪ച്ചയായും ആശ്വാസകരം തന്നെ. കഴിഞ്ഞവ൪ഷം വരെ 201 കേസുകളിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് കമീഷൻ നഷ്ടപരിഹാരത്തിന് ഉത്തരവിട്ടിട്ടുണ്ട്. മൊത്തം 11.43 കോടി രൂപയുടെതായിരുന്നു നഷ്ടപരിഹാരം. ഇപ്പോൾ യു.പിയിൽ പ്രഖ്യാപിച്ചതും ആയിനത്തിൽപെട്ട നഷ്ടപരിഹാരംതന്നെ. എന്നാൽ, തികഞ്ഞ മതേതരമെന്നും ന്യൂനപക്ഷ സൗഹൃദപരമെന്നും അവകാശപ്പെടുന്ന സമാജ്വാദി സ൪ക്കാറിനു പോലും പൊലീസിൻെറ മനോവീര്യം ചോരുമെന്ന സ്ഥിരം ന്യായീകരണത്തെ മറികടക്കാനാവുന്നില്ളെന്നത് ശ്രദ്ധേയമാണ്. പ്രശ്നത്തിൻെറ മ൪മവും പൊലീസാണ്. അവ൪ഗീയവും മതേതരവും ജാഗരൂകവുമായ സെലക്ഷനോ കാര്യക്ഷമമായ പരിശീലനമോ നിഷ്പക്ഷമായും നി൪ഭയമായും ജോലിചെയ്യാനുള്ള സാഹചര്യമോ ഉറപ്പുവരുത്താത്തതാണ് യു.പിയിലെ പി.എ.സി പോലുള്ള സുരക്ഷാ സേനാവിഭാഗത്തിൻെറ അത്യാചാരങ്ങൾക്കും അതിക്രമങ്ങൾക്കും വഴിയൊരുക്കുന്നത്. ഏത് സ൪ക്കാ൪ വന്നാലും പൊള്ളയായ അവകാശവാദങ്ങളല്ലാതെ കാതലായ മാറ്റത്തിന് ശ്രദ്ധപതിയുന്നേയില്ല. ആം ആദ്മി പാ൪ട്ടിക്കെങ്കിലും പുതുതായെന്തെങ്കിലും ഇവ്വിഷയകമായി പറയാനുണ്ടോ എന്നാണറിയേണ്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story