വിടവാങ്ങിയത് മലയാള ക്ളാസിക്കുകള്‍ അതിര്‍ത്തി കടത്തിയ ഭാഷാ സ്നേഹി
text_fieldsപയ്യന്നൂ൪: അക്കാദമിക് വിദ്യാഭ്യാസത്തിൻെറ പരിമിതിയെ വെല്ലുവിളിച്ച് ഭാഷാപഠനം തപസ്യയാക്കി മലയാളത്തിലെയും കന്നടയിലെയും നിരവധി ക്ളാസിക്കുകൾ ത൪ജമ നടത്തിയ ഭാഷാസ്നേഹിയാണ് വിടവാങ്ങിയ കെ.കെ. നായ൪ എന്ന കല്ലറ കൊട്ടാരത്തിൽ കുഞ്ഞപ്പൻ നായ൪. ആദ്യമൊക്കെ ത൪ജമ ചെയ്ത കൃതികൾ ഭാഷാ പണ്ഡിതന്മാ൪ വിദ്യാഭ്യാസ യോഗ്യതയുടെ പേരുപറഞ്ഞ് മാറ്റി നി൪ത്തിയപ്പോൾ ക൪ണാടകയിലെയും കേരളത്തിലെയും സാഹിത്യാസ്വാദക൪ അവ നെഞ്ചേറ്റുകയായിരുന്നു. ഇതോടെ നായരുടെ സാഹിത്യയാത്ര അംഗീകാരത്തിൻെറ കൊടുമുടിയിലേക്ക് സഞ്ചരിച്ചു.
ആശാൻ അനശ്വരമാക്കിയ ‘ചിന്താവിഷടയായ സീത’യിലായിരുന്നു ആദ്യം കൈവെച്ചത്. ആശാൻെറ കാവ്യം കന്നടയിൽ അനശ്വരമായെങ്കിലും ആദ്യമൊന്നും ആരുമത്ര ഗൗനിച്ചില്ല. പ്രഥമ പരിഭാഷ അവഗണിക്കപ്പെട്ടുവെങ്കിലും തൻെറ തൂലിക മാറ്റിവെക്കാൻ അദ്ദേഹം തയാറായില്ല. തുട൪ന്ന് ബാലാമണിയമ്മയുടെ കൃതികളും കന്നടയിൽ വെളിച്ചം കണ്ടു. എസ്.കെ. പൊറ്റെക്കാട്ടിൻെറ ഒരു ദേശത്തിൻെറ കഥ, തകഴിയുടെ കയ൪, മുകുന്ദൻെറ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ, സേതുവിൻെറ പാണ്ഡവപുരം, ഒ.വി.വിജയൻെറ ഗുരുസാഗരം, ജി. ബാലചന്ദ്രൻെറ കൃതികൾ തുടങ്ങി മലയാളത്തിലെ നിരവധി ക്ളാസിക്കുകൾ ക൪ണാടകയിലെ സാഹിത്യലോകം ഏറ്റുവാങ്ങി. ഒപ്പം കന്നടയിലെ നിരവധി കൃതികൾ മലയാളത്തിൻെറ വിവ൪ത്തന സാഹിത്യശാഖയെ സമ്പന്നമാക്കി. ചിന്താവിഷ്ടയായ സീതയിൽ തുടങ്ങിയ നായ൪ വ൪ത്തമാനകാലത്തെ കവിതകളും കന്നടയിലേക്ക് മൊഴിമാറ്റി. വള്ളത്തോളിൻെറയും ബാലാമണിയമ്മയുടെയും കൃതികൾക്കൊപ്പം ഒ.എൻ.വിയുടെ അമ്മയുടെ വശ്യസൗന്ദര്യം കന്നടക്കാ൪ക്ക് അനുഭവഭേദ്യമാക്കി. ദാരിദ്ര്യം കാരണം നാലാം ക്ളാസുവരെ മാത്രമാണ് കെ.കെ. നായ൪ക്ക് പഠിക്കാനായത്. അക്ഷരം വായിക്കാനറിയാത്ത പ്രായത്തിൽ തലശ്ശേരിയിലത്തെി വീട്ടുവേല ചെയ്തു. ഇവിടെനിന്ന് ഉള്ളാളിൽ ആയു൪വേദ വൈദ്യരുടെ സഹായിയായി. തുട൪ന്ന് പത്ര ഓഫിസിൽ പാക്കിങ് ജോലി. പാക്കിങ് ജോലിയിൽ നിന്ന് മെഷീൻ ഓപറേറ്ററായാണ് വിരമിച്ചത്.
ഉള്ളാളിലെ ജീവിതമാണ് ഭാഷയിലേക്കുള്ള സ൪ഗസഞ്ചാരത്തിന് വഴിതുറന്നത്. ഇവിടെവെച്ച് കന്നട പഠിച്ചു. ഒപ്പം മലയാളത്തിലെയും കന്നടയിലെയും ക്ളാസിക്കുകൾ വായിച്ചു. തുട൪ന്നായിരുന്നു പരിഭാഷക്ക് തുടക്കം. ചെറുകിട സാഹിത്യ പ്രസിദ്ധീകരണങ്ങളിലൂടെ വെളിച്ചം കണ്ട കൃതികൾ ഇരു സംസ്ഥാനങ്ങളിലെയും സാഹിത്യ ലോകത്തിന് അവഗണിക്കാനാവാത്ത സൃഷ്ടികളായി മാറി. ഈ മാറ്റമാണ് കേന്ദ്ര സാഹിത്യ അക്കാദമി അവാ൪ഡിലേക്കുവരെ എത്തിനിന്നത്.
ക൪ണാടകയിലെ പ്രാചീന കവിതകൾ മലയാളത്തിലത്തെിക്കുന്ന ദൗത്യം കൂടി നി൪വഹിച്ചാണ് നായ൪ മടങ്ങിയത്. ബംഗളൂരുവിൽ ഇതിൻെറ ശിൽപശാലയിൽ പ്രശസ്ത സാഹിത്യകാരനും വിവ൪ത്തകനുമായ പയ്യന്നൂ൪ കുഞ്ഞിരാമനോടൊപ്പം പങ്കെടുത്തിരുന്നു. കെ.കെ. നായ൪ കേരളത്തിൽ ഏറ്റവുമധികം ബന്ധം പുല൪ത്തിയിരുന്ന ഒരാൾ കൂടിയാണ് കുഞ്ഞിരാമൻ മാസ്റ്റ൪. തൻെറ സാഹിത്യ ത൪ജമകളിൽ ഭൂരിഭാഗവും വെളിച്ചം കണ്ട മണിപ്പാലിൽ തന്നെയായിരുന്നു അന്ത്യം.നായരുടെ ആഗ്രഹമനുസരിച്ച് മൃതദേഹം മെഡിക്കൽ കോളജിന് നൽകുകയും ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.