ടി.പി വധം: സി.പി.എം നേതാക്കളടക്കം 12 പേര്‍ കുറ്റക്കാര്‍
text_fieldsകോഴിക്കോട്: ഒന്നര വ൪ഷത്തോളം നീണ്ട കോടതി നടപടികൾക്കുശേഷം ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ വിധി പ്രഖ്യാപിച്ചു. സി.പി.എം നേതാക്കളടക്കം 12 പേ൪ കുറ്റക്കാ൪. സി.പി.എം പാനൂ൪ ഏരിയാ കമ്മിറ്റിയംഗം 13ാം പ്രതി പി.കെ. കുഞ്ഞനന്തൻ, കുന്നുമ്മക്കര ലോക്കൽ കമ്മിറ്റിയംഗം എട്ടാം പ്രതി കെ.സി. രാമചന്ദ്രൻ, 11ാം പ്രതി കുന്നോത്തുപറമ്പ് മുൻ ബ്രാഞ്ച് സെക്രട്ടറി വടക്കയിൽ മനോജൻ എന്ന ട്രൗസ൪ മനോജ് എന്നിവരും കൊലയാളിസംഘത്തിൽപെട്ട ആദ്യ ഏഴ് പ്രതികളും 18ാം പ്രതി പി.വി. റഫീഖ് എന്ന വാഴപ്പടച്ചി റഫീഖും 31ാം പ്രതി ലംബു എന്ന എം.കെ. പ്രദീപനും കുറ്റക്കാരാണെന്നാണ് കണ്ടത്തെൽ. ആകാംക്ഷയുടെ മുൾമുനയിൽ സംസ്ഥാനം കാതോ൪ത്തിരുന്ന കേസിൽ കുറ്റക്കാരെ കണ്ടത്തെിയത് പ്രത്യേക അഡീഷനൽ സെഷൻസ് ജഡ്ജി ആ൪. നാരായണ പിഷാരടിയാണ്.
സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റംഗം പി. മോഹനൻ , കുന്നോത്തുപറമ്പ് ലോക്കൽ കമ്മിറ്റിയംഗം ജ്യോതിബാബു, ഒഞ്ചിയം ഏരിയാ കമ്മിറ്റിയംഗം കെ.കെ. കൃഷ്ണൻ, ഓ൪ക്കാട്ടേരി ലോക്കൽ കമ്മിറ്റിയംഗം പടയംകണ്ടി രവീന്ദ്രൻ എന്നിവരടക്കം 24 പ്രതികളെ വിട്ടയച്ചു. കുറ്റക്കാരെന്ന് കണ്ടത്തെിയവ൪ക്കുള്ള ശിക്ഷയെപ്പറ്റി വ്യാഴാഴ്ച പ്രതികൾക്കും അഭിഭാഷക൪ക്കും പറയാനുള്ളത് കേട്ടശേഷം ശിക്ഷ വിധിക്കും. ജനുവരി 28നകം ശിക്ഷാവിധിയുണ്ടാകും. റിമാൻഡിലുണ്ടായിരുന്ന 12 പ്രതികളിൽ പി. മോഹനൻ , 27ാം പ്രതി സി. രജിത്ത് എന്നിവ൪ ബുധനാഴ്ചതന്നെ ജയിൽമോചിതരായി.
സി.പി.എം-ആ൪.എം.പി ശത്രുതയുള്ളതായും കൊല രാഷ്ട്രീയവൈരംകൊണ്ടുള്ളതാണെന്നും കുറ്റക്കാരെന്ന് കണ്ടത്തെിയ മൂന്ന് സി.പി.എം നേതാക്കളും ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നും തെളിഞ്ഞതായും കോടതി കണ്ടത്തെി. എന്നാൽ, മോഹനൻ മാസ്റ്റ൪ക്കെതിരെ നിയമപരമായി സ്വീകാര്യമായ തെളിവുകളില്ളെന്നാണ് കോടതി നിരീക്ഷണം.
ആദ്യത്തെ ഏഴു പ്രതികളും ക്വട്ടേഷൻ സംഘാംഗങ്ങളുമായ അനൂപ് (31), കി൪മാണി മനോജ് എന്ന മനോജ് കുമാ൪ (33), എൻ.കെ. സുനിൽകുമാ൪ എന്ന കൊടിസുനി (30), ടി.കെ. രജീഷ് (35), കെ.കെ. മുഹമ്മദ് ശാഫി (28), എസ്. സിജിത്ത് എന്ന അണ്ണൻ (25), കെ. ഷിനോജ് (30) എന്നിവ൪ക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമം 302 (കൊലപാതകം), 143 (അന്യായമായി സംഘംചേരുക), 147 (കലാപം), 149 (അന്യായ സംഘത്തിൽ അംഗമാകുക) എന്നീ കുറ്റങ്ങൾ തെളിഞ്ഞു.
കി൪മാണി മനോജ്, കൊടി സുനി എന്നിവ൪ സ്ഫോടകവസ്തു നിരോധ നിയമപ്രകാരവും കുറ്റക്കാരാണെന്ന് കണ്ടത്തെിയിട്ടുണ്ട്. 76 പ്രതികൾക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകിയ കേസിലാണ് 12 പേ൪ കുറ്റം ചെയ്തതായി കണ്ടത്തെിയത്. കുറ്റക്കാരെന്ന് കണ്ട 12ൽ 11 പേ൪ക്കും വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാം. 11 പേ൪ക്കും വധശിക്ഷ നൽകണമെന്ന് വ്യാഴാഴ്ച കോടതിയിൽ ആവശ്യപ്പെടുമെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. 284 സാക്ഷികളിൽ 52 പേ൪ കൂറുമാറി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.