ദുബൈയില്‍ നിന്ന് ഒരു ‘സ്വര്‍ണ’പാത
text_fieldsമലയാളികൾക്ക് എന്തിനാ ഇത്രയധികം സ്വ൪ണം? കേരളത്തിലേക്ക് നിയമപരമായും നികുതി വെട്ടിച്ചും കടത്തുന്ന സ്വ൪ണത്തിൻെറ കണക്കുകണ്ടാൽ ആരും ചോദിച്ചുപോകും. കഴിഞ്ഞവ൪ഷം കരിപ്പൂ൪, നെടുമ്പാശ്ശേരി, തിരുവനന്തപുരം വിമാനത്താവളങ്ങൾ വഴി നികുതിയടച്ച് കൊണ്ടുവന്ന സ്വ൪ണം 11,693 കിലോയാണ്. കഴിഞ്ഞ അഞ്ചുവ൪ഷത്തെ കണക്ക് നോക്കിയാൽ ഇത് 96,496 കിലോ വരും. നികുതിയടക്കാതെ കടത്തിയ സ്വ൪ണം ഇതിൻെറ എത്രയോ മടങ്ങാണെന്ന് സ൪ക്കാറിനു തന്നെയറിയാം.
ഇനി രാജ്യത്തിനകത്തെ വിൽപനയുടെ കണക്കുകൂടി നോക്കുക. ലോക ഗോൾഡ് കൗൺസിലിൻെറ കണക്കനുസരിച്ച് ലോകത്തെ ഏറ്റവും വലിയ സ്വ൪ണ ഉപഭോക്താവ് ഇന്ത്യയാണ്. ലോകത്ത് ആകെ ഉൽപാദിപ്പിക്കുന്ന സ്വ൪ണത്തിൻെറ 30 ശതമാനവും ഇന്ത്യയിലേക്കാണ് വരുന്നത്. 2012ൽ 860 ടൺ സ്വ൪ണമാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. ഇതിൽ 20 ശതമാനവും എത്തിയത് ഇന്ത്യൻ ജനസംഖ്യയുടെ മൂന്നു ശതമാനം മാത്രം വരുന്ന കൊച്ചു കേരളത്തിലാണ്. എന്നാൽ, വരുന്നതിൽ ഭൂരിഭാഗവും ആന്ധ്ര, തമിഴ്നാട്, ക൪ണാടക സംസ്ഥാനങ്ങളിലേക്കാണ് പോകുന്നത്. കേരളത്തിലേക്കാൾ വില കൂടുതൽ കിട്ടുന്നതാണ് കാരണം. സ്വ൪ണം വാങ്ങാനായി ഈ സംസ്ഥാനങ്ങളിൽനിന്നുള്ള ഏജൻറുമാ൪ കോഴിക്കോട്ടും കൊച്ചിയിലുമെല്ലാം പണവുമായി കാത്തുനിൽക്കുന്ന അവസ്ഥയാണ്.
കേരളത്തിലെ വിമാനത്താവളങ്ങൾ വഴി വരുന്ന സ്വ൪ണത്തിൽ ഭൂരിഭാഗവും പുറപ്പെടുന്നത് ദുബൈയിൽനിന്നാണ്. പട്ടുപാതയും കുന്തിരിക്ക പാതയും സുഗന്ധദ്രവ്യ പാതയുമെല്ലാം പ്രാചീനകാലത്ത് ഏറെ തന്ത്രപ്രാധാന്യമുള്ളവയായിരുന്നു. ഈ പാതകളുടെ നിയന്ത്രണത്തിനുവേണ്ടി യുദ്ധങ്ങളും കലാപങ്ങളും നടന്നിട്ടുണ്ട്. ആധുനികകാലത്തെ ഏറെ വ്യാപാരപ്രാധാന്യമുള്ള പാതയായിരിക്കുന്നു ദുബൈയിൽനിന്ന് കേരളത്തിലേക്കുള്ള ‘സ്വ൪ണ’പാത. കണ്ടെയ്നറുകൾ വഴി ക്വിൻറൽകണക്കിന് സ്വ൪ണം ഇന്ത്യൻ തീരങ്ങളിൽ അടുക്കുമ്പോൾ കാ൪ഗോ വഴിയും നേപ്പാൾ, ബംഗ്ളാദേശ് വഴി കരയിലൂടെയും വരുന്ന സ്വ൪ണത്തിനും കണക്കില്ല.
ധനക്കമ്മി കുറക്കുന്നതിനും വിദേശനാണയ ശേഖരത്തിലെ ഇടിവ് തടയുന്നതിനുമായി കേന്ദ്രസ൪ക്കാ൪ സ്വ൪ണത്തിൻെറ ഇറക്കുമതി തീരുവ അടിക്കടി കൂട്ടിയതാണ് ഗൾഫിൽനിന്നുള്ള സ്വ൪ണക്കടത്ത് വൻതോതിൽ വ൪ധിപ്പിച്ചത്. എണ്ണ കഴിഞ്ഞാൽ ഇറക്കുമതിക്കായി ഇന്ത്യ ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്നത് സ്വ൪ണത്തിനാണ്. ഇറക്കുമതിയിൽ കുറവ് വരുത്താൻ സ൪ക്കാറിനായെങ്കിലും കള്ളക്കടത്ത് തടയാൻ സാധിച്ചില്ല. അന്താരാഷ്ട്ര വിപണിയിലെ സ്വ൪ണവില നാട്ടിലേക്കാൾ കുറവായതോടെ നികുതിയടച്ച് കൊണ്ടുവന്നാലും ലാഭമായി. അതോടെ, നികുതിയടച്ചുള്ള സ്വ൪ണവരവും കുത്തനെ കൂടി. ഇപ്പോൾ സ്വ൪ണാഭരണത്തിൻെറ ഇറക്കുമതി തീരുവ 15 ശതമാനവും സ്വ൪ണക്കട്ടിക്ക് 10 ശതമാനവുമാണ്. നിലവിലെ നിയമമനുസരിച്ച് ഇന്ത്യയിലേക്ക് പുരുഷന്മാ൪ക്ക് 50,000 രൂപയുടെയും സ്ത്രീകൾക്ക് ഒരുലക്ഷം രൂപയുടെയും സ്വ൪ണാഭരണങ്ങൾ നികുതിയില്ലാതെ കൊണ്ടുവരാം. എന്നാൽ, സ്വ൪ണക്കട്ടിയോ നാണയമോ എത്ര കുറച്ചായാലും നികുതിയില്ലാതെ കൊണ്ടുപോകാനാവില്ല.
ദുബൈയിൽ നികുതിയില്ലാത്തതിനാൽ വില വ്യത്യാസം ഇപ്പോൾ പവന് 3000 രൂപയിലേറെയാണ്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ദുബൈയിൽ സ്വ൪ണവില പവന് 19,235 രൂപയായിരുന്നെങ്കിൽ കേരളത്തിൽ 22,240 രൂപയായിരുന്നു. രൂപയുടെ വിലയിടിവ് കാരണം ദി൪ഹത്തിൽ വാങ്ങുമ്പോഴുള്ള ഗുണം വേറെയും ലഭിക്കും.
ചൊവ്വാഴ്ചയിലെ നിരക്കനുസരിച്ച് 24.60 ലക്ഷം രൂപയാണ് (1,47,000 ദി൪ഹം) ഒരു കിലോ സ്വ൪ണക്കട്ടിയുടെ (24 കാരറ്റ്) ദുബൈ വില. ഇന്ത്യയിൽ അന്നത്തെ വില 29.70 ലക്ഷം രൂപയും. ഇതിന് നികുതിയടക്കേണ്ടത് 2.61 ലക്ഷം രൂപ. ഒരുകിലോ സ്വ൪ണം നികുതിയടച്ച് കൊണ്ടുവന്നാലും 2.49 ലക്ഷം രൂപ ലാഭം. ഇതിലൊരു ഭാഗം ‘കാരിയ൪ക്ക്’ നൽകിയാലും കൈനനയാതെ മണിക്കൂറുകൾകൊണ്ട് ഇത്രയും ലാഭമുണ്ടാക്കാവുന്ന മറ്റേത് ബിസിനസുണ്ട്! അമിതലാഭം മോഹിക്കുന്നവ൪ നികുതിയടക്കാതെ സ്വ൪ണം കടത്തുന്നത് പിടിക്കപ്പെടുന്നതാണ് പത്രങ്ങൾക്ക് വാ൪ത്താ ചാകരയാകുന്നത്.
പ്രവാസജീവിതത്തിലെ സമ്പാദ്യം പണമായി നാട്ടിലത്തെിക്കുന്നതിനേക്കാൾ ലാഭം അത് സ്വ൪ണമായി എത്തിച്ചാൽ ലഭിക്കുമെന്ന് മലയാളികൾ തിരിച്ചറിഞ്ഞിരിക്കുന്നു. ബാങ്ക്വഴി ശരിയായ മാ൪ഗത്തിലൂടെ പണമിടപാട് നടത്തിയാൽ ലാഭത്തിൻെറ 30 ശതമാനം ആദായനികുതി നൽകിയാലും മുകളിലെ കണക്കനുസരിച്ച് ഒന്നര ലക്ഷം രൂപ ലാഭം.
നികുതിയടച്ചും അടക്കാതെയും സ്വ൪ണം കൊണ്ടുവരുന്നത് കൂടുതലും ഹവാലക്കാരുടെ ‘കാരിയ൪’മാരാണ്. മലയാളികൾ ഏറെയുള്ള ഈ ‘ബിസിനസി’ൽ സംഗതി ലളിതമാണ്. കൈയിൽ പണം പോലും വേണ്ട. അസാമാന്യ ധൈര്യം മാത്രം മതി. കേരളത്തിൽ വിറ്റുകിട്ടുന്ന പണം വീടുകളിലത്തെിച്ചുനൽകിയാലും വൻലാഭം ഹവാലക്കാരുടെ കൈയിൽ അവശേഷിക്കും. ഒരു ഫോൺ ചെയ്താൽ ധനവിനിമയ സ്ഥാപനങ്ങൾ വഴി അയക്കുന്നതിലും കൂടുതൽ പണം വീട്ടിലത്തെുമെന്ന സൗകര്യം കാരണം സാധാരണ തൊഴിലാളികൾ മുതൽ വൻ പണക്കാ൪ വരെ ഹവാലക്കാരെ ആശ്രയിക്കുന്നതിന് കാരണമാകുന്നു.
ലണ്ടൻ കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ സ്വ൪ണവിപണി ദുബൈയാണ്. നേരത്തേ ഇത് സിംഗപ്പൂരായിരുന്നു. ദുബൈയെ സ്വ൪ണത്തിൻെറ നാട് എന്ന രീതിയിൽ മാ൪ക്കറ്റ് ചെയ്യാൻ വലിയതോതിലുള്ള ശ്രമങ്ങളാണ് ഒൗദ്യോഗികമായി നടക്കുന്നത്. അതുകൊണ്ടുതന്നെ ഒരുവിധ നിയന്ത്രണമോ നികുതിയോ ഇവിടെയില്ല. എത്ര സ്വ൪ണം വാങ്ങിയാലും വരുമാന സ്രോതസ്സ് കാണിക്കുകയും വേണ്ട. ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിൽ (ഡി.എസ്.എഫ്) ഏറ്റവുമധികം വിൽക്കുന്ന ഇനങ്ങളിൽ ഒന്ന് സ്വ൪ണമാണ്. ഇപ്പോൾ നടക്കുന്ന 16ാമത് ഡി.എസ്.എഫിൽ ദിവസേന 200-225 കിലോ സ്വ൪ണമാണ് വിൽക്കുന്നതെന്നു കേട്ടാൽ ഞെട്ടരുത്. ഉപഭോക്താക്കളിൽനിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന ഒരു ഭാഗ്യശാലിക്ക് ദിവസവും ഒരു കിലോ സ്വ൪ണം സമ്മാനം നേടുന്നവരിൽ ഏറെയും മലയാളികളാണ്.
1960കളിൽ ഇന്ത്യയിൽ നടപ്പാക്കിയ സ്വ൪ണ നിയന്ത്രണ ചട്ടമാണ് ആദ്യമായി കള്ളക്കടത്തിന് വഴിയിട്ടത്. ഹാജി മസ്താനും സുകു൪ നാരായണനുമെല്ലാമാണ് ദുബൈ കേന്ദ്രീകരിച്ച് അന്ന് ഉരുവിലും കപ്പലിലുമെല്ലാം സ്വ൪ണം കടത്തിയത്. ‘90കളുടെ തുടക്കത്തിൽ ഉദാരീകരണ നയം നടപ്പായതോടെ സ്വ൪ണം കൊണ്ടുവരുന്നതിനുള്ള നിയന്ത്രണങ്ങൾ ഏറെയും നീക്കി. ’92 മുതൽ ’98 വരെ പ്രവാസികൾക്ക് നികുതിയടച്ച് 10 കിലോ വരെ സ്വ൪ണം കൊണ്ടുവരാമായിരുന്നു.
ഡ്യൂട്ടിയാകട്ടെ, നാലു ശതമാനം മാത്രവും. അതോടെ കള്ളക്കടത്ത് ഗണ്യമായി കുറഞ്ഞു. എന്നാൽ, ധനക്കമ്മി കുറക്കാൻ സ്വ൪ണ ഇറക്കുമതി കുറക്കുകയേ വഴിയുള്ളൂവെന്ന ധനമന്ത്രി പി. ചിദംബരത്തിൻെറ തീരുമാനം വീണ്ടും കള്ളക്കടത്ത് ആക൪ഷകമാക്കിയിരിക്കുകയാണ്. ഹവാലക്കാ൪ക്കും ചാകരയായി.
അതിനിടെയാണ് അഞ്ചു ലക്ഷത്തിൽ കൂടുതൽ രൂപക്കുള്ള സ്വ൪ണ ഇടപാട് വിവരങ്ങൾ ജ്വല്ലറികൾ അറിയിക്കണമെന്ന കേന്ദ്രസ൪ക്കാറിൻെറ പുതിയ ഉത്തരവ്. ഏതായാലും നിയന്ത്രണങ്ങൾ മുറുകുന്നത് മുൻകൂട്ടി കണ്ട് കേരളത്തിലെ ഏതാണ്ടെല്ലാ ജ്വല്ലറി ഗ്രൂപ്പുകളും ദുബൈയിൽ പുതിയ ഷോറൂമുകൾ തുറന്നുകഴിഞ്ഞു.
കാര്യമറിയാതെ ‘കാരിയ൪’മാ൪
ദുബൈയിൽനിന്ന് കേരളത്തിലേക്ക് സ്വ൪ണം നികുതിയടച്ച് കൊണ്ടുവരുന്നവരിൽ ഭൂരിഭാഗവും മറ്റുള്ളവ൪ക്കുവേണ്ടി ‘കാരിയ൪’ ആയി പ്രവ൪ത്തിക്കുന്നവരാണ്. ഒരുകിലോ സ്വ൪ണം ഇങ്ങനെ കൊണ്ടുപോയാൽ വിമാന ടിക്കറ്റും 40,000-50,000 വരെ രൂപയുമാണ് പ്രതിഫലമായി ലഭിക്കുക.
ആറു മാസത്തിൽ കൂടുതൽ വിദേശത്തു കഴിഞ്ഞവ൪ക്ക് ഒരു കിലോ സ്വ൪ണം നികുതിയടച്ച് കൊണ്ടുപോകാമെന്ന ചട്ടം മുതലെടുത്താണ് ഇങ്ങനെ സ്വ൪ണം കൊണ്ടുപോകുന്നത്. നികുതിയടച്ച് കൊണ്ടുപോകുന്നതിനാൽ ‘റിസ്ക്’ ഇല്ളെന്നു കരുതി ധാരാളം പ്രവാസികൾ കാരിയ൪മാരായി മാറുന്നുണ്ട്.
എന്നാൽ, ഇങ്ങനെ സ്വ൪ണം കൊണ്ടുവന്നയാളുടെ വിവരം കസ്റ്റംസ് ആദായനികുതി വകുപ്പിനെ അറിയിക്കുന്നുണ്ട്. അതായത് സ൪ക്കാറിൻെറ കണ്ണിൽ ഈ വ്യക്തിയാണ് സ്വ൪ണം കൊണ്ടുവന്നത്.
അത് മറ്റൊരാൾക്കുവേണ്ടിയാണെന്നും അതു കൈമാറിയെന്നും പറഞ്ഞ് വാഹകന് ഒഴിയാൻ പറ്റില്ല.
ഇങ്ങനെ സ്വ൪ണം കൊണ്ടുവന്നവരോട് സ൪ക്കാ൪ സമ്പത്ത് നികുതിയോ മറ്റേതെങ്കിലും പുതിയ നികുതിയോ ചുമത്തിയാൽ അവ൪ അടക്കാൻ ബാധ്യസ്ഥരാണ്. സ്വ൪ണം വിറ്റെന്നാണ് മറുപടിയെങ്കിൽ അതിനുള്ള രേഖ ഹാജരാക്കേണ്ടിവരും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.