ചൈനയിലെ നാ ലി വിപ്ളവം
text_fields‘എന്നെ സമ്പന്നയാക്കിയ ഏജൻറ് മാക്സ് ഇസൻബഡിന് നന്ദി. എല്ലാം ഉപേക്ഷിച്ച് എനിക്കൊപ്പം ഓരോ മത്സരവേദിയിലുമത്തെി കുടിവെള്ളവും റാക്കറ്റുമായി കാത്തിരുന്ന്്, ഇടവേളകളിൽ വിശ്രമിക്കാൻ കൂട്ടിരുന്ന് എന്നും നിഴൽപോലെ പിന്തുടരുന്ന പ്രിയപ്പെട്ട പങ്കാളി ജിയാങ് ഷാന് നന്ദി. എന്നെ പിന്തുണച്ച കാണികൾക്കും നന്ദി.....’ -സചിൻ ടെണ്ടുൽകറുടെ വിടവാങ്ങൽ പ്രസംഗത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു റോഡ് ലെവ൪ അറീനയിലെ
ആസ്ട്രേലിയൻ ഓപൺ വേദിയിൽ വനിതാ സിംഗ്ൾസ് കിരീടം ചൂടിയ ശേഷം നാ ലിയെന്ന ചൈനക്കാരി നടത്തിയ പ്രസംഗം. ഗ്രാൻഡ്സ്ളാം ചാമ്പ്യൻഷിപ്പിലെ മികച്ച പ്രഭാഷണങ്ങളിലൊന്നായി മാധ്യമങ്ങളും വിലയിരുത്തിയ നാ ലിയുടെ സംസാരം ഗാലറിയിലൊരു ചിരിയുടെ മലപ്പടക്കംകൂടിയായിരുന്നു.
സ്വന്തക്കാ൪ നോവിക്കുമ്പോൾ ആശ്വാസം ചൊരിഞ്ഞവ൪ക്കുള്ള നന്ദിയുണ്ടായിരുന്നു ആ വാക്കുകളിൽ. തൻെറ കിരീട ദാഹത്തിനു മുന്നിൽ അടിയറു പറഞ്ഞ സ്ളൊവാക്യൻ എതിരാളി ഡൊമിനിക സിബുൾകോവയോടും നാ ലി ക്ഷമ ചോദിച്ചു.
2008 ബെയ്ജിങ് ഒളിമ്പിക്സിൽ സംഘാടന മികവു കൊണ്ടും പ്രകടന മികവുകൊണ്ടും ലോകത്തെ അദ്ഭുതപ്പെടുത്തിയ ചൈനീസ് മാതൃകയുടെ മറുവശത്തോടുള്ള കണക്കു തീ൪പ്പ് കൂടിയായിരുന്നു നാ ലിയുടെ രണ്ടാം ഗ്രാൻഡ് സ്ളാം നേട്ടം.
2011 ആസ്ട്രേലിയൺ ഓപൺ ഫൈനലിൽ കിം കൈ്ളസ്റ്റേഴ്സിനു മുന്നിൽ കീഴടങ്ങി കോ൪ട്ട് വിടുമ്പോൾ ഏറെ വേദനിപ്പിച്ച നാട്ടുകാരോടുള്ള മധുര പ്രതികാരം.
ചൈനക്കുള്ളിൽ തന്നെയായിരുന്നു പ്രായത്തെ തോൽപിക്കുന്ന മിടുക്കുമായി കിരീടം ചൂടിയ നാ ലിയുടെ വിപ്ളവം. ആദ്യം തന്നെ തോൽപിച്ച ചൈനീസ് സ്പോ൪ട്സ് സംഘാടകരോട്. പിന്നെ വഞ്ചകയെന്ന് മുദ്രകുത്തിയ നാട്ടിലെ മാധ്യമങ്ങളോട്.
*** *** ***
17 ഗ്രാൻഡ്സ്ളാം കിരീടങ്ങളിൽ മുത്തമിട്ട സെറീന വില്യംസിൻെറയും റോജ൪ ഫെഡററുടെയും വീരകഥകൾക്കിടെയാണ് രണ്ട് ഗ്രാൻഡ് സ്ളാം കിരീടങ്ങളുമായി ചൈനക്കാരി നാ ലി താരമാവുന്നത്. യൂറോപ്പുകാരും അമേരിക്കക്കാരും വാരിക്കൂട്ടിയ പുരുഷ-വനിതാ കിരീടങ്ങൾക്കിടയിൽ നാലിയുടെ രണ്ട് ഗ്രാൻഡ്സ്ളാമുകൾ അത്രചെറുതല്ല. 2011 ആസ്ട്രേലിയൻ ഓപൺ ഫൈനലിൽ കടക്കുമ്പോൾ ഈ നേട്ടത്തിലത്തെുന്ന ആദ്യ ഏഷ്യക്കാരിയായിരുന്നു നാ ലി. കിരീടം അനുഗ്രഹിച്ചില്ളെങ്കിലും, നഷ്ടങ്ങൾക്ക് തൊട്ടുപിന്നാലെ ഫ്രഞ്ച് ഓപണിൽ കണക്കു തീ൪ത്തു. 115 കോടി ചൈനക്കാ൪ കണ്ട കലാശപ്പോരാട്ടത്തിൽ ഇറ്റലിയുടെ ഫ്രാൻസിസ്ക ഷിയാവോണിനെ തോൽപിച്ച് കിരീടം ചൂടിയ നാ ലി ചൈനയുടെ മാത്രമല്ല ഏഷ്യയുടെ തന്നെ ആദ്യ ഗ്രാൻഡ്സ്ളാം ജേതാവായി.
എല്ലാം പട്ടാളച്ചിട്ടക്കുള്ളിലാക്കുന്ന ചൈനയുടെ ഇരുമ്പുമറക്കു പുറത്താണ് നാ ലിയുടെ ഇടം. ബാഡ്മിൻറൺ കളിക്കാനായ അച്ഛനെ കണ്ട് ഷട്ടിൽ റാക്കറ്റ് കൈയിലേന്താൻ തുടങ്ങിയ എട്ടുവയസ്സുകാരി ഒരു നിമിത്തം പോലെയായിരുന്നു ടെന്നീസിലത്തെിയത്. യൂത്ത് ടെന്നീസ് ക്ളബിൽ നിന്നും 1997ൽ ദേശീയ ടീമിലത്തെിയതോടെ താരം പിറവിയെടുക്കുകയായി. അമേരിക്കയിലെ ടെക്സാസിൽ പോയി മികച്ച പരിശീലനം നേടിമടങ്ങിയത്തെിയ നാ ലി അധികം വൈകും മുമ്പ് ദേശീയ ടീമിനോട് ഉടക്കിപിരിഞ്ഞു. സ്വന്തം നിലയിൽ കോച്ചിനെ വെച്ച് വളരാനുള്ള താരത്തിൻെറ ശ്രമത്തെ ദേശീയ അസോസിയേഷൻ എതി൪ത്തതോടെയായിരുന്നു പ്രശ്നങ്ങൾക്ക് തുടക്കം. മാധ്യമങ്ങൾ ഇതിനെ ചൈനീസ് വിരുദ്ധതയാക്കി വിശേഷിപ്പിച്ചു. അതുകൊണ്ടു തന്നെ കൈയ്യത്തെുമകലെ കിരീടങ്ങൾ നഷ്ടപ്പെടുമ്പോൾ നാട്ടുകാരിൽ പലരും സന്തോഷിച്ചുവെന്ന് പറയുമ്പോൾ ഒരു കായിക താരത്തെ ഞെക്കികൊല്ലാനുള്ള തിടുക്കമുണ്ടതിൽ.പിന്നീട് രാജ്യത്തും പുറത്തും ഒറ്റയാനായി വള൪ച്ചയായി. ജീവിത പങ്കാളി ജിയാങ് ഷാനെ കോച്ചായി നിയമിച്ച് സ്വന്തം ചിലവിൽ ടൂ൪ണമെൻറുകൾ കളിച്ചും പരിശീലിച്ചും വള൪ന്ന നാ ലിയുടെ നേട്ടങ്ങൾ അവരുടെ മാത്രം മിടുക്കിനുള്ള പ്രതിഫലങ്ങളാണ്. ആ ഗണത്തിൽ തന്നെ വരും ഈ വ൪ഷത്തെ ആസ്ട്രേലിയൻ ഓപൺ കിരീടവും.
രാജ്യത്തെ കായിക സംഘാടകരുടെ പട്ടാളച്ചിട്ടയെ പൊളിച്ചടുക്കിയ താരമെന്ന നിലയിൽ നാ ലി ചൈനയുടെ സൂപ്പ൪ താരമാണിത്. ചൈനീസ് യുവത്വം മാതൃകാ വ്യക്തിത്വമായി അംഗീകരിച്ചുകഴിഞ്ഞു. ലോകത്തിനു മുന്നിൽ നട്ടെല്ലുള്ള ചൈനീസ് ബ്രാൻഡും ഇപ്പോൾ നാ ലി തന്നെ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.