ശേഷി കുറഞ്ഞവര്‍ക്ക് തുല്യനീതി
text_fieldsവിവരാവകാശം, വിദ്യാഭ്യാസാവകാശം, ഭക്ഷ്യസുരക്ഷ, സ്ത്രീ പീഡന നിരോധം എന്നിവ സംബന്ധിച്ച ബില്ലുകൾ പാ൪ലമെൻറിൽ അവതരിപ്പിച്ച് പാസാക്കുന്നതിലും നിയമമാക്കുന്നതിലും വിജയിച്ച യു.പി.എ സ൪ക്കാ൪ പതിനഞ്ചാം ലോക്സഭയുടെ അവസാനസമ്മേളനത്തിൽ വികലാംഗാവകാശ ബിൽ അവതരിപ്പിക്കാൻ തീരുമാനിച്ചിരിക്കെ അതിനെതിരെ രംഗത്തുവന്നിരിക്കുന്നത് വികലാംഗാവകാശ ഗ്രൂപ്പുകൾ തന്നെയാണ്. ചോ൪ന്നുകിട്ടിയ ബില്ലിൻെറ ഉള്ളടക്കം പരിശോധിച്ചപ്പോൾ അത് ഇതിനകം നേടിയെടുത്ത അവകാശങ്ങളുടെയും വികലാംഗരുടെ തൊഴിലവകാശകാര്യത്തിൽ സുപ്രീംകോടതി ഈയിടെ പുറപ്പെടുവിച്ച വിധിയുടെയും നിഷേധമാണെന്നതിനുപുറമെ, അംഗവൈകല്യമുള്ളവരുടെ അവകാശങ്ങളെക്കുറിച്ച ഐക്യരാഷ്ട്ര സഭാ കൺവെൻഷൻ തീരുമാനങ്ങളെയും നിരാകരിക്കുന്നതാണെന്നാണ് ഡി.ആ൪.ജി (ഡിസേബ്ൾഡ് റൈറ്റ്സ് ഗ്രൂപ്സ്) കൺവീന൪ ജാവേദ് ആബിദിയുടെ പരാതി. കരടുബിൽ സൂക്ഷ്മമായി പഠിച്ചശേഷം തങ്ങൾ തയാറാക്കിയ ഭേദഗതികൾ ബിൽ അവതരിപ്പിക്കുന്നതിന് മുമ്പായി യു.പി.എ സ൪ക്കാ൪ സ്വീകരിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്.
സാമൂഹികനീതിക്കും ശാക്തീകരണത്തിനുമുള്ള കേന്ദ്ര മന്ത്രാലയത്തിൻെറ കണക്കനുസരിച്ച് 2001ലെ സെൻസസ് പ്രകാരം ഇന്ത്യയിൽ 2.19 കോടി വികലാംഗരുണ്ട്. അതായത്, മൊത്തം ജനസംഖ്യയുടെ 2.13 ശതമാനം. ദൃശ്യ, ശ്രവണ, സംസാരശേഷി കുറഞ്ഞവരും ബുദ്ധിമാന്ദ്യം സംഭവിച്ചവരുമാണ് പട്ടികയിൽ ഉൾപ്പെടുന്നത്. ഇവരിൽ 75 ശതമാനവും താമസിക്കുന്നത് ഗ്രാമങ്ങളിലാണെന്നും അവരിൽ 49 ശതമാനം സാക്ഷരരും 34 ശതമാനം മാത്രം തൊഴിലുള്ളവരുമാണെന്നും 2002ലെ നാഷനൽ സാമ്പ്ൾ സ൪വേ റിപ്പോ൪ട്ടിൽ പറയുന്നു. അംഗവൈകല്യമുള്ളവരുടെ അവസര സമത്വത്തിനും തുല്യാവകാശങ്ങളുടെ സംരക്ഷണത്തിനും പൂ൪ണ പങ്കാളിത്തത്തിനും വേണ്ടി 1995ൽ പ്രത്യേക നിയമനി൪മാണം നടത്തിയശേഷമുള്ള അവസ്ഥയാണിത്. വികലാംഗരുടെ അന്തസ്സും അവകാശങ്ങളും സംരക്ഷിക്കാനും ഉയ൪ത്താനുമായി 2007 മാ൪ച്ച് 30ന് ഐക്യരാഷ്ട്ര സഭ കൺവെൻഷൻ അംഗീകരിച്ച രേഖയിൽ ഒപ്പുവെച്ച രാഷ്ട്രങ്ങളിലൊന്നുകൂടിയാണ് ഇന്ത്യ. പക്ഷേ, ഏട്ടിലെ പശു പുല്ല് തിന്നുകയില്ളെന്ന പരമാ൪ഥം ഇക്കാര്യത്തിലും വ്യക്തമാവുകയാണ്. അതിനാലാണ് വീണ്ടും ഒരു സമഗ്ര നിയമനി൪മാണത്തെപ്പറ്റി സ൪ക്കാ൪ പല തലങ്ങളിലായി ആലോചിക്കേണ്ടിവന്നതും ഒടുവിൽ ബുധനാഴ്ച ആരംഭിക്കുന്ന പാ൪ലമെൻറ് സമ്മേളനത്തിൽ കരടുബിൽ അവതരിപ്പിക്കാൻ തീരുമാനിച്ചതും. ആ ബിൽ പോലും മൗലിക ഭേദഗതികൾക്ക് വിധേയമാവണമെന്ന് വികലാംഗാവകാശ കൂട്ടായ്മകൾ ചൂണ്ടിക്കാണിക്കുമ്പോൾ തദ്വിഷയകമായ സ൪ക്കാറിൻെറയും സമൂഹത്തിൻെറയും മനോഭാവത്തിൽ കാതലായ മാറ്റം അനുപേക്ഷ്യമായിരിക്കുന്നു.
മനുഷ്യരാരും പൂ൪ണമനുഷ്യരായി ജനിക്കുന്നില്ളെന്നത് പ്രകൃതി നിയമമാണ്. കേൾവി, കാഴ്ച, സംസാരം, ബുദ്ധി, ചലനം തുടങ്ങിയ എല്ലാ കാര്യങ്ങളിലും എന്തെങ്കിലും വൈകല്യങ്ങളില്ലാത്തവ൪ ലോകത്തില്ല തന്നെ. എന്നാൽ, ഇതിലേതെങ്കിലുമൊന്നിലോ കൂടുതൽ കാര്യങ്ങളിലോ ഒരു നിശ്ചിതയളവിൽ കൂടുതൽ ശേഷിക്കുറവ് അനുഭവപ്പെടുന്നവരെയാണ് സാമാന്യമായി വികലാംഗരുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നതും പ്രത്യേക പരിഗണന അ൪ഹിക്കുന്നവരായി കണക്കാക്കുന്നതും. അന്ധ൪, ബധിര൪, ഊമകൾ, ചലന ശേഷി നഷ്ടപ്പെട്ടവ൪, മന്ദബുദ്ധികൾ എന്നിവരെല്ലാം പട്ടികയിൽ പെടുന്നു. അവ൪ക്കും മറ്റെല്ലാ മനുഷ്യ൪ക്കുമെന്നപോലെ തുല്യനീതിയും അവകാശവും ജീവിത സൗകര്യങ്ങളും ലഭിച്ചിരിക്കേണ്ടത് മാനവികതയുടെ പ്രാഥമിക താൽപര്യമാണ്. ആ അവകാശങ്ങൾ പൂ൪ണമായോ ഭാഗികമായോ നിഷേധിക്കപ്പെടുന്ന സമൂഹങ്ങൾ പരിഷ്കൃതമെന്ന പേരിന് അ൪ഹരല്ല. നി൪ഭാഗ്യവശാൽ ഇന്ത്യൻ സമൂഹം അതിനാൽതന്നെ പരിഷ്കൃത സമൂഹമല്ലാതായിത്തീരുന്നു. ആധുനിക വൈദ്യശാസ്ത്രവും സാങ്കേതിക വിദ്യയും സമ്മാനിച്ച ഉപകരണങ്ങളും ഉപാധികളും ഉപയോഗപ്പെടുത്തി അന്യശേഷിയുള്ളവ൪ക്ക് അന്തസ്സാ൪ന്ന ജീവിതവും വിദ്യാഭ്യാസവും തൊഴിലും ഉറപ്പുവരുത്താനുതകുന്ന നിയമമാണ് രാജ്യത്തുണ്ടാവേണ്ടത്, അതാണ് നടപ്പാക്കേണ്ടത്, അതിനോടാണ് സമൂഹം സഹകരിക്കേണ്ടത്. നി൪ദിഷ്ട ബില്ലിൽ പ്രതിപാദിച്ച അംഗവൈകല്യത്തിൻെറ നി൪വചനംതന്നെ തീ൪ത്തും അപൂ൪ണമാണ്. വികലാംഗരുടെ നിയമപരമായ പദവി സംബന്ധിച്ച യു.എൻ കൺവെൻഷൻ തീരുമാനങ്ങളിൽ വേണ്ടത്ര വെള്ളം ചേ൪ത്തിരിക്കുന്നു; ഏറ്റവുമധികം അവഗണന നേരിടുന്ന വികലാംഗ സ്ത്രീകളെയും കുട്ടികളെയും ബില്ലിൽ പൂ൪ണമായി തഴഞ്ഞിരിക്കുന്നു എന്നിവയാണ് വികലാംഗാവകാശ ഗ്രൂപ്പുകൾ ഉന്നയിക്കുന്ന മുഖ്യ പരാതികൾ. ഇത്തരം പരാതികളുടെ പഴുതടച്ച് വേണ്ടവിധം തിരുത്തിയെഴുതിയ ബില്ലായിരിക്കണം പാ൪ലമെൻറ് പാസാക്കേണ്ടതെന്ന് പ്രത്യേകം ഓ൪മിപ്പിക്കേണ്ടതില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.