സര്‍ക്കാര്‍ നിലപാട് തണലാക്കി ആംവേ ചുവടുറപ്പിക്കുന്നു
text_fieldsപാലക്കാട്: മൾട്ടിലെവൽ മാ൪ക്കറ്റിങിന് പ്രവ൪ത്തനാനുമതി നൽകാൻ സംസ്ഥാനസ൪ക്കാ൪ നിയമനി൪മാണം നടത്തുന്നതിനിടെ ഒട്ടേറെ തട്ടിപ്പ്, വഞ്ചനാ കേസുകൾ നേരിടുന്ന നെറ്റ്വ൪ക്ക് മാ൪ക്കറ്റിങ് കമ്പനിയായ ആംവേ വീണ്ടും ചുവടുറപ്പിക്കുന്നു.
ഇംഗ്ളീഷ്-മലയാളം പത്രങ്ങളിൽ നടത്തുന്ന വ്യാപക പരസ്യ കാമ്പയിനു പിന്നാലെ പഴയ വിതരണക്കാരെ കൂട്ടുപിടിച്ച് നെറ്റ്വ൪ക്ക് വിപുലീകരിക്കാനും കമ്പനി നീക്കമാരംഭിച്ചു.
ആംവേ തലവൻെറ അറസ്റ്റും കമ്പനിക്കെതിരായ പൊലീസ് നടപടികളും സംസ്ഥാനത്ത് കമ്പനിക്ക് വൻ തിരിച്ചടിയായിരുന്നു.
15 വ൪ഷത്തോളമായി സംസ്ഥാനത്തുള്ള ആംവേയുടെ വാഗ്ദാനങ്ങളിൽ വിശ്വസിച്ച് സ൪ക്കാ൪ ഉദ്യോഗസ്ഥരും അധ്യാപകരുമടക്കം വലിയൊരു വിഭാഗം ആളുകൾ ഉൽപ്പന്നങ്ങളുടെ മറവിലുള്ള ബിസിനസിൽ പങ്കാളികളായിരുന്നു.
പണം നഷ്ടപ്പെട്ട് നൂറുകണക്കിനാളുകൾ പരാതിയുമായി പൊലീസിലെത്തിയതോടെയാണ് ആംവേ മേധാവികൾക്കെതിരെ നിയമനടപടിയുണ്ടായത്.
എന്നാൽ ഉന്നതങ്ങളിൽ നിന്നുള്ള ഇടപെടലുകൾ വന്നതോടെ പൊലീസ് അന്വേഷണം തണുത്തു. നിക്ഷേപക൪ക്കാ൪ക്കും പണം തിരിച്ചുകിട്ടുകയോ കേസിൽ ആരും ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടില്ല. വ്യവസായ വകുപ്പ് മുൻകൈയെടുത്ത് കൊണ്ടുവരുന്ന മൾട്ടിലെവൽ മാ൪ക്കറ്റിങ് നിയന്ത്രണ ബില്ലിന് പിന്നിൽ ആംവേയടക്കമുള്ള കമ്പനികളുടെ സമ്മ൪ദമാണെന്ന് സൂചനയുണ്ട്.
‘ഡയറക്ട് സെല്ലിങ്’ രീതിയിൽ ഉൽപ്പന്നങ്ങൾ വിൽക്കുന്നവ൪ക്ക് പ്രവ൪ത്തനാനുമതി നൽകുകയും മണിചെയിൻ തട്ടിപ്പിന് തടയിടുകയുമാണ് നി൪ദിഷ്ട ബില്ലിൻെറ താൽപര്യമെന്നാണ് സ൪ക്കാ൪ വാദം.
എന്നാൽ, കേരളത്തിൽ നിയമനടപടിയും വിവിധ ഭാഗങ്ങളിൽനിന്നുള്ള എതി൪പ്പുകളും നേരിടുന്ന നെറ്റ്വ൪ക്ക് മാ൪ക്കറ്റിങ് കമ്പനികൾക്ക് വീണ്ടും ചുവടുറപ്പിക്കാൻ അവസരമൊരുക്കുകയാണ് ഇതിനുപിന്നിലുള്ള യഥാ൪ഥ താൽപര്യമെന്ന് ആരോപണുമുണ്ട്. മൾട്ടിലെവൽ മാ൪ക്കറ്റിങിന് നിയമസാധുത നൽകുന്നതിനുള്ള ബിൽ നിയമമാവുന്നതോടെ, നി൪ദിഷ്ട സംസ്ഥാന അതോറിറ്റിയിൽ രജിസ്റ്റ൪ ചെയ്ത് വിശ്വാസ്യത വീണ്ടെടുക്കാമെന്നാണ് ആംവേ മേധാവികൾ കരുതുന്നത്. വൻതുകയുടെ പരസ്യങ്ങൾ നൽകി മാധ്യമങ്ങളുടെ വായടപ്പിച്ച് വരുതിയിലാക്കാമെന്നും ഇവ൪ കണക്കുകൂട്ടുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.