ജനത്തിരക്കില്ലാത്ത ജവാസാത്ത്; 50 ശതമാനം സേവനവും അബ്ശിര്‍ വഴി
text_fieldsറിയാദ്: സൗദിയിൽ പാസ്പോ൪ട്ട് വിഭാഗത്തിൻെറ മിക്ക സേവനങ്ങളും മേലിൽ ഓൺലൈൻ വഴി നൽകുമെന്നും സ്വദേശികൾക്കും വിദേശികൾക്കും ഒരു പോലെ ഉപകാരപ്പെടുന്ന അബ്ശി൪ വഴി 50 ശതമാനം സേവനവും ലഭ്യമാകുമെന്നും ജവാസാത്ത് മേധാവി മേജ൪ ജനറൽ സുലൈമാൻ അൽയഹ്യ പറഞ്ഞു. 100 ജോലിക്കാരിൽ കൂറവുള്ള സ്ഥാപനങ്ങൾക്കും അബ്ശി൪ സംവിധാനം ഉപയോഗപ്പെടുത്താം. ഇതുവരെയായി 22,50,000 പേ൪ അബ്ശി൪ സംവിധാനത്തിൽ റജിസ്റ്റ൪ ചെയ്തിട്ടുണ്ടെന്നാണ് ജവാസാത്തിൻെറ കണക്ക്. സ്വദേശികളും വിദേശികളും വ്യാപകമായി ഓൺലൈൻ സംവിധാനം ഉപയോഗിക്കാൻ ആരംഭിക്കുന്നതിലൂടെ ജനത്തിരക്കില്ലാത്ത ജവാസാത്ത് എന്ന ലക്ഷ്യം നേടാനാവുമെന്നും സുലൈമാൻ അൽയഹ്യ പ്രത്യാശ പ്രകടിപ്പിച്ചു.
കഴിഞ്ഞ രണ്ട് മാസത്തിനകം 30,000 സേവനങ്ങൾ ഓൺലൈൻ വഴി ലഭ്യമാക്കിയിട്ടുണ്ട്. അബ്ഷി൪ വഴി എക്സിറ്റ് റീ-എൻട്രി നേടിയവരുടെ എണ്ണം 406 ശതമാനം വ൪ധിച്ചു. സൗദി ജവസാത്ത് നൽകിയ റീ എൻട്രിയുടെ 80 ശതമാനവും അബ്ശി൪ വഴിയാണ്. വ്യക്തികളുടെയും ചെറുകിട സ്ഥാപനങ്ങളുടെയും സ്പോൺസ൪ഷിപ്പിലുള്ളവരുടെ ഇഖാമ പുതുക്കാൻ അബ്ശി൪ സംവിധാനം ഉപയോഗിക്കുന്നത് 448 ശതമാനം വ൪ധിച്ചു. പുതുക്കിയ ഇഖാമകളുടെ 82 ശതമാനവും അബ്ശി൪ വഴിയാണെന്നും ജവാസാത്ത് വൃത്തങ്ങൾ വ്യക്തമാക്കി.
രാജ്യത്തെ പ്രമുഖ നഗരങ്ങളിലുള്ള വൻ ഷോപ്പിങ് കേന്ദ്രങ്ങളിലും ജനത്തിരക്കുള്ള സ്ഥലങ്ങളിലും അബ്ശി൪ സംവിധാനം ഉപയോഗിക്കാനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
മുൻകൂട്ടി റജിസ്റ്റ൪ ചെയ്തവ൪ക്ക് വീട്ടിലിരുന്ന് ഓൺ ലൈൻ വഴിയും സംവിധാനം ഉപയോഗപ്പെടുത്താം. കൂടുതൽ മെച്ചപ്പെട്ട സേവനം അതിവേഗത്തിലും പ്രയാസം കൂടാതെയും ലഭ്യമാകാൻ കൂടുതൽ പേ൪ ഓൺലൈൻ സംവിധാനം ഉപയോഗപ്പെടുത്തണമെന്നും ജവാസാത്ത് മേധാവി അഭ്യ൪ഥിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.