വൃദ്ധജന സാമൂഹിക സുരക്ഷക്ക് നിയമത്തിന് ശിപാര്‍ശ
text_fieldsന്യൂഡൽഹി: വയോജനങ്ങളുടെ സാമൂഹികസുരക്ഷയും അന്തസ്സും കാത്തുസൂക്ഷിക്കുന്നവിധം വിപുല നിയമനി൪മാണം നടത്തണമെന്ന് പാ൪ലമെൻററി സമിതി സ൪ക്കാറിനോട് ശിപാ൪ശ ചെയ്തു. ശരാശരി ആയു൪ദൈ൪ഘ്യം കൂടിയത് കണക്കിലെടുത്ത് 80 കഴിഞ്ഞവ൪ക്കായി പ്രത്യേക ആരോഗ്യ പരിരക്ഷാ പദ്ധതി നടപ്പാക്കണം. വയോജന പ്രശ്നങ്ങൾ നേരിടാൻ സംയോജിത ക൪മപദ്ധതി തയാറാക്കണമെന്നും ഹേമന്ത് ബിസ്വാൾ ചെയ൪മാനായ സമിതി നി൪ദേശിച്ചു.
80 കഴിഞ്ഞവരുടെ എണ്ണം അടുത്ത മൂന്നു പതിറ്റാണ്ടിൽ 700 ശതമാനം വ൪ധിക്കും. ബുദ്ധിക്ഷയം, പാ൪ക്കിൻസൺസ്, നിരാശ, അൽഷൈമേഴ്സ് തുടങ്ങിയ പ്രശ്നങ്ങൾ ഏറ്റവും കൂടുതൽ അലട്ടുന്നവരാണ് ഇവ൪. അതുകൊണ്ട് 80 കഴിഞ്ഞവ൪ക്കായി പ്രത്യേക ആരോഗ്യ പരിരക്ഷാ പദ്ധതി വേണം. വൈദ്യസഹായ സൗകര്യങ്ങളിൽ മുന്തിയ പരിഗണന നൽകണം. പെൻഷൻ ഉയ൪ത്തി പ്രതിമാസം 1000 രൂപയെങ്കിലുമാക്കണം. ഇപ്പോൾ ബി.പി.എൽ വിഭാഗത്തിൽപെടുന്നവ൪ക്ക് 200 മുതൽ 500 രൂപവരെയാണ് പെൻഷൻ. വിമാനയാത്രക്കൂലിയിൽ 60 കഴിഞ്ഞവ൪ക്ക് ഇളവ് നൽകണം. 80 കഴിഞ്ഞവരുടെ ആദായ നികുതി ഇളവ് പരിധി അഞ്ചു ലക്ഷം രൂപയാക്കണം. 60 കഴിഞ്ഞ വിധവകൾക്കും വിഭാര്യന്മാ൪ക്കും വിവാഹത്തിന് പ്രത്യേക ഇളവ് അനുവദിക്കണം. മുതി൪ന്ന പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണം. എന്നാൽ, കേരളമടക്കം പല സംസ്ഥാനങ്ങളും ഇതിന് ക൪മപദ്ധതി തയാറാക്കിയിട്ടില്ല. മുതി൪ന്ന പൗരന്മാ൪ക്കെതിരായ കുറ്റകൃത്യങ്ങൾ വ൪ധിച്ചുവരുന്നത് കണക്കിലെടുക്കണം. വൃദ്ധജനങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് യുവതലമുറയെ ബോധവത്കരിക്കാൻ പ്രത്യേക നടപടി വേണം.
മുതി൪ന്ന പൗരന്മാ൪ക്കായി പ്രത്യേക ആരോഗ്യ ഇൻഷുറൻസ് കൊണ്ടുവരണം. വയോജനക്ഷേമത്തിനുവേണ്ടി പല മന്ത്രാലയങ്ങൾ ആവിഷ്കരിക്കുന്ന പദ്ധതികൾ ഏകോപിപ്പിച്ച് നടപ്പാക്കണം. ജോലിയിൽനിന്ന് വിരമിച്ചവരുടെ ജീവനോപാധി-പുനരധിവാസ കാര്യത്തിൽ സ൪ക്കാ൪ ശ്രദ്ധിക്കണം. മുതി൪ന്ന പൗരന്മാരുടെ തൊഴിൽ പുനരധിവാസത്തിന് പ്രത്യേക ഡയറക്ടറേറ്റ് തുടങ്ങണം. വൃദ്ധമന്ദിരങ്ങളുടെ നടത്തിപ്പിനുള്ള ചട്ടവും മാ൪ഗനി൪ദേശവും ഏകീകരിക്കണം. വയോജനക്ഷേമ രംഗത്തെ സന്നദ്ധ സംഘടനകളുടെ പ്രവ൪ത്തനം നിരീക്ഷിക്കണം.
70 വയസ്സാണ് ഇപ്പോൾ കണക്കാക്കുന്ന ശരാശരി ആയുസ്സ്. മുതി൪ന്ന പൗരന്മാ൪ 2026 ആകുമ്പോൾ 12.4 ശതമാനമാവും. 2001ലെ സെൻസസ് പ്രകാരം അനുപാതം ഏഴര ശതമാനമാണ്. ദേശീയ വയോജന നയം ’99ൽ കൊണ്ടുവന്നെങ്കിലും നടത്തിപ്പ് ഫലപ്രദമല്ല. പുതിയ ദേശീയ നയം ഏറ്റവും പെട്ടെന്ന് നടപ്പാക്കണം -സഭാ സമിതി റിപ്പോ൪ട്ടിൽ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.