‘നിര്‍ഭയ കേരളം സുരക്ഷിത കേരളം’ പദ്ധതി ഉദ്ഘാടനം നാളെ
text_fieldsതിരുവ നന്തപുരം: സ്ത്രീകളുടെ സാമൂഹിക ഉന്നമനവും സുരക്ഷയും ലക്ഷ്യമിട്ട് കേരള പൊലീസ് ആവിഷ്കരിച്ച ‘നി൪ഭയ കേരളം സുരക്ഷിത കേരളം’ പദ്ധതിക്ക് ശനിയാഴ്ച തുടക്കമാവും. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ തടയാനും സ്ത്രീകൾക്ക് സുരക്ഷിതമായും നി൪ഭയമായും യാത്ര ചെയ്യാനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കലുമാണ് ‘നി൪ഭയ കേരളം’ പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾ കണ്ടെത്താനും തടയുന്നതിനുമായി പ്രാദേശിക തലങ്ങളിൽ വനിതാ വളണ്ടിയ൪ ഗ്രൂപ്പുകളുടെ രൂപവത്കരണം, മനുഷ്യക്കടത്തും തട്ടിക്കൊണ്ടുപോകലും തടയുന്നതിന് നിലവിലുള്ള സംവിധാനങ്ങൾ ശക്തിപ്പെടുത്തൽ, നിയമലംഘനങ്ങൾ തടയുന്നതിനുള്ള ബോധവത്കരണം, സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിന് പരിശീലനം, കുറ്റകൃത്യങ്ങൾക്കിരയാകുന്ന സ്ത്രീകളുടെയും കുട്ടികളുടെയും പുനരധിവാസവും സംരക്ഷണവും എന്നിവ ഉൾക്കൊള്ളുന്നതാണ് പദ്ധതി.
വിവിധ എജൻസികളുമായി ബന്ധപ്പെട്ട് പ്രവ൪ത്തിക്കുന്ന സ്വയംസഹായ സംഘങ്ങൾ, വനിതാ ജാഗ്രതാ സമിതികൾ എന്നിവയിലെ അംഗങ്ങളെ ഉൾപ്പെടുത്തിയാണ് പ്രാദേശിക തലങ്ങളിൽ നി൪ഭയ വളണ്ടിയ൪ സംഘങ്ങൾക്ക് രൂപംനൽകുക.
ഓരോ പഞ്ചായത്തിൽനിന്നും 10 അംഗങ്ങളെ വീതവും മുനിസിപ്പാലിറ്റിയിൽനിന്ന് 30 അംഗങ്ങളെയും കോ൪പറേഷനുകളിൽനിന്ന് 100 അംഗങ്ങളെയും ഉൾപ്പെടുത്തി ജില്ലാതല വനിതാ സ്ക്വാഡുകൾക്ക് രൂപം നൽകും. യൂനിഫോം, ബാഡ്ജ്, തിരിച്ചറിയൽ കാ൪ഡ് എന്നിവ ഉണ്ടാകും.
സ്ത്രീസുരക്ഷയും കുറ്റകൃത്യങ്ങളും സംബന്ധിച്ച് ഇവ൪ക്ക് എസ്.പിമാ൪വരെയുള്ള ഉദ്യോഗസ്ഥരെ വിവരങ്ങൾ അറിയിക്കാം. സംസ്ഥാനത്തൊട്ടാകെ 12000ഓളം നി൪ഭയ വളണ്ടിയ൪മാ൪ ഈ പദ്ധതിയുടെ ഭാഗമായുണ്ടാകും.
അടിസ്ഥാനസൗകര്യങ്ങൾ, മനുഷ്യ വിഭവശേഷി, വാ൪ത്താവിനിമയം എന്നിവ നൽകി ആൻറി ഹ്യൂമൻ ട്രാഫിക്കിങ് സെല്ലുകൾ ശക്തിപ്പെടുത്തും. ഇതിന് വിശ്വാസ്യതയുള്ള എൻ.ജി.ഒകളുടെ സഹകരണവും തേടും. ആദ്യഘട്ടമായി തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, കാസ൪കോട്, കോഴിക്കോട്, കൊച്ചി നഗരം, എന്നിവിടങ്ങളിൽ ആൻറി ഹ്യൂമൻ ട്രാഫിക്കിങ് സെല്ലുകൾ ആരംഭിക്കും.രണ്ടാം ഘട്ടമായി എല്ലാ ജില്ലകളിലും പദ്ധതി നടപ്പിലാക്കും.
അതിക്രമങ്ങൾക്കെതിരെ സധൈര്യം പരാതി നൽകുന്നതിനും അതിക്രമങ്ങൾക്കിരയാവുന്നവരെ സാമൂഹിക മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനുമായി എല്ലാ ജില്ലകളിലും ഷോ൪ട്ട് സ്റ്റേ ആൻഡ് റിഹാബിലിറ്റേഷൻ സെൻററുകൾ ആരംഭിക്കും.
പരാതിക്കാരോട് സൗമ്യമായി ഇടപെടുന്നതിനും മൊഴി രേഖപ്പെടുത്തുന്നതിനുമുൾപ്പെടെ പൊലീസ് സേനയിൽ ക്രിയാത്മക മനോഭാവം സൃഷ്ടിക്കുന്നതിനുള്ള പരിശീലനവും നി൪ഭയ കേരളം പദ്ധതിയുടെ ഭാഗമാണ്. സ്കൂളുകളിലും മറ്റും പെൺകുട്ടികൾക്ക് കായിക പരിശീലനം നൽകും. 70 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുക.
നാളെ എറണാകുളം സെൻറ് ആൽബ൪ട്ട്സ് സ്കൂൾ ഗ്രൗണ്ടിൽ രാവിലെ 11 ന് യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി പദ്ധതി ഉദ്ഘാടനം ചെയ്യും.
മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മുഖ്യാതിഥിയായിരിക്കും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അധ്യക്ഷതവഹിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.