ബാലരാമപുരത്ത് കുടിവെള്ളം കിട്ടാക്കനി
text_fieldsബാലരാമപുരം: പഞ്ചായത്തിൻെറ വിവിധ പ്രദേശങ്ങളിൽ കുടിവെള്ളമില്ലാതെ നാട്ടുകാ൪ വലയുന്നു. ജീവനക്കാ൪ക്ക് തോന്നിയപോലെയാണ് ജലവിതരണം നടത്തുന്നതെന്ന് ആരോപണം. പലപ്പോഴും അ൪ധരാത്രിയിലാണ് ദിവസങ്ങൾക്കുശേഷം ജലമെത്തുന്നത്. പഴയകട ലൈൻ, താന്നിമൂട് കോട്ടുകാൽകോണം, കോഴോട് പ്രദേശങ്ങളിൽ വെള്ളമെത്തിയിട്ട് ദിവസങ്ങൾ പിന്നിട്ടു.
നിരവധി തവണ നാട്ടുകാ൪ വാട്ട൪ അതോറിറ്റിയെ പരാതി അറിയിച്ചെങ്കിലും വാൽവിൻെറയും മറ്റും തകരാറാണ് കാരണമെന്നും അടിയന്തരമായി പരിഹരിക്കുമെന്നും അറിയിപ്പ് ലഭിച്ചെങ്കിലും ഫലംകണ്ടിട്ടില്ല. നിരവധി തവണ നാട്ടുകാ൪ പമ്പ് ഹൗസ് ഉപരോധിച്ച് പ്രതിഷേധിച്ചിട്ടുണ്ട്.
പൊതു പൈപ്പിലൂടെ കുടിവെള്ള വിതരണത്തിന് പഞ്ചായത്ത് കൃത്യമായി പണം നൽകുന്നുണ്ടെങ്കിലും വിതരണം നടത്താറില്ല.
ആറാലുംമൂട് വാട്ട൪ അതോറിറ്റിയുടെ കീഴിലെ പ്രദേശത്തുകാ൪ക്ക് കുടിവെള്ളം ലഭിക്കണമെങ്കിൽ പലപ്പോഴും ഉറങ്ങാതെ കാത്തിരിക്കണം. അ൪ധരാത്രിയാണ് വെള്ളം പമ്പ് ചെയ്യുന്നത്. പള്ളിച്ചൽ, ബാലരാമപുരം പഞ്ചായത്ത് ഉൾപ്പെടെ നിരവധി പ്രദേശങ്ങളിൽ കുടിവെള്ളമെത്തിക്കുന്നത് ആറാലുംമൂട് സെക്ഷൻെറ കീഴിലാണ് .ഇരുപത്തിയഞ്ച് വ൪ഷത്തിലേറെ പഴക്കം ചെന്ന പമ്പുസെറ്റാണ് ഇവിടെ പ്രവ൪ത്തിക്കുന്നത്. നാലായിരത്തിലേറെ ഉപഭോക്താക്കൾ ഉള്ള പമ്പ്ഹൗസിൻെറ ദുരവസ്ഥ അധികൃതരും കണ്ടില്ലെന്ന് നടിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.