ഹജ്ജ് ക്വോട്ട നിര്‍ണയത്തിന് സുപ്രീംകോടതി അനുമതി
text_fieldsന്യൂഡൽഹി: കഴിഞ്ഞ വ൪ഷം കൈക്കൊണ്ട സമീപനത്തിൽ നിന്ന് ഭിന്നമായി ഈ വ൪ഷം സ൪ക്കാറിൻെറ ഹജ്ജ് ക്വോട്ട വെട്ടിച്ചുരുക്കാൻ കേന്ദ്രസ൪ക്കാ൪ സുപ്രീംകോടതിയുടെ അനുമതി തേടി. മക്കയിൽ ഹറം വികസനത്തിൻെറ ഭാഗമായുള്ള നി൪മാണപ്രവൃത്തികളുടെ പേരിൽ വെട്ടിക്കുറച്ച 34,005 സീറ്റുകളിൽ 25,005ഉം സ൪ക്കാ൪ ക്വോട്ടയിൽ നിന്ന് വെട്ടിക്കുറക്കാനാണ് തീരുമാനമെന്ന് കേന്ദ്രസ൪ക്കാ൪ സുപ്രീംകോടതിയെ അറിയിച്ചു. ജസ്റ്റിസുമാരായ രഞ്ജന പ്രകാശ് ദേശായി, മദൻ ബി ലോക്കൂ൪ എന്നിവരടങ്ങുന്ന ബെഞ്ച് സ൪ക്കാ൪ നിലപാട് അംഗീകരിച്ചു.
ഇന്ത്യയുടെ ഹജ്ജ് ക്വോട്ട സൗദി ഭരണകൂടം കഴിഞ്ഞ വ൪ഷമാണ് വെട്ടിക്കുറച്ചത്.
തുട൪ച്ചയായ രണ്ടാം വ൪ഷവും ഇത് പുനഃസ്ഥാപിക്കാത്ത സാഹചര്യത്തിൽ കഴിഞ്ഞ പ്രാവശ്യം ചെയ്തത് പോലെ സ്വകാര്യക്വോട്ടയിൽ കുറവുവരുത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.
കഴിഞ്ഞ വ൪ഷം മൂന്ന് സാധ്യതകളാണ് വിദേശമന്ത്രാലയം നിയമമന്ത്രാലയത്തിന് മുന്നിൽ വെച്ചിരുന്നത്. ഒന്ന്- വെട്ടിക്കുറച്ച 34,005 സീറ്റുകളും സ൪ക്കാ൪ ക്വോട്ടയിൽ കുറവ് വരുത്തുക. രണ്ട്- 34,005 സീറ്റുകളും സ്വകാര്യ ക്വോട്ടയിൽ നിന്ന് കുറക്കുക. മൂന്ന്- സ൪ക്കാ൪ ക്വോട്ടയിൽ നിന്നും സ്വകാര്യ ക്വോട്ടയിൽ നിന്നും ആനുപാതികമായി 20 ശതമാനം (യഥാക്രമം 25,005ഉം 9,000വും സീറ്റുകൾ വീതം) വെട്ടിക്കുറക്കുക. മൂന്ന് നി൪ദേശങ്ങളും പരിഗണിച്ച നിയമ മന്ത്രാലയം വെട്ടിക്കുറച്ച 34,005 സീറ്റുകളും സ്വകാര്യക്വോട്ടയിൽ കുറവ് വരുത്തുകയാണ് വേണ്ടതെന്ന് വിദേശമന്ത്രാലയത്തിന് നൽകിയ മറുപടിയിൽ അന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ വ൪ഷം മൂന്നാമത്തെ വഴി തെരഞ്ഞെടുത്ത വിദേശമന്ത്രാലയം സ൪ക്കാ൪ ക്വോട്ടയിൽ 25,005ഉം സ്വകാര്യ ക്വോട്ടയിൽ ഒമ്പതിനായിരവും സീറ്റുകൾ വെട്ടിക്കുറക്കാൻ തീരുമാനിക്കുകയാണ് ചെയ്തത്. ഇതുപ്രകാരം ഈ വ൪ഷം 1,00,020 പേ൪ക്കേ സ൪ക്കാ൪ ക്വോട്ടയിൽ ഹജ്ജിന് അവസരം ലഭിക്കുകയുള്ളൂ. കഴിഞ്ഞ തവണ കേവലം 10,995 സീറ്റുകൾ മാത്രം ലഭിച്ച സ്വകാര്യ ഓപറേറ്റ൪മാ൪ക്ക് ഇത്തവണ 36,000 സീറ്റുകൾ ലഭിക്കുകയും ചെയ്യും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.