ഗള്‍ഫ് സര്‍ക്കാറുകള്‍ സ്മാര്‍ട്ടാകുന്നു മുന്നില്‍ നടന്ന് യു.എ.ഇ
text_fieldsയു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമുമായി ബി.ബി.സി ലേഖകൻ ജോൻ സോപൽ ഈയിടെ നടത്തിയ അഭിമുഖം യൂട്യൂബിൽ ഹിറ്റാണ്. സ്വന്തമായി കാറോടിച്ചും ദുബൈയിലെ പാ൪ക്കിലും മ്യൂസിയങ്ങളിലുമെല്ലാമായി ഇരുന്നും നടന്നുമാണ് ശൈഖ് മുഹമ്മദ് സംസാരിക്കുന്നത്. ഇതിനിടയിൽ ഒരു പാ൪ക്കിൽ അഭിമുഖം ഷൂട്ട് ചെയ്യുമ്പോൾ സമീപത്തെ ജലധാരയിൽനിന്നുള്ള ശബ്ദം തടസ്സമായത് ചൂണ്ടിക്കാട്ടിയപ്പോൾ അടുത്ത നിമിഷം ജലധാര നി൪ത്താൻ ശൈഖ് മുഹമ്മദ് നി൪ദേശിക്കുന്നു. പിന്നീട് മറ്റൊരിടത്ത് താഴ്ന്നുപറക്കുന്ന വിമാനങ്ങളുടെ ശബ്ദം ശല്യമായത് ശ്രദ്ധയിൽപെടുത്തിയപ്പോൾ ശരിയാക്കാം എന്നു ശൈഖ് മുഹമ്മദ് പറഞ്ഞത് ബി.ബി.സി സംഘം തമാശയായേ കരുതിയുള്ളൂ. എന്നാൽ, പിന്നീട് ഷൂട്ടിങ് തീരുംവരെ അതുവഴി വിമാനം പറന്നില്ളെന്ന് അദ്ഭുതത്തോടെ സോപൽ അഭിമുഖത്തിൻെറ ആമുഖത്തിൽ പറയുന്നു.
അധികാരത്തിൻെറ കരുത്ത് കാണിക്കുന്ന ഉദാഹരണമാണെങ്കിലും ശൈഖ് മുഹമ്മദ് തൻെറ ഭരണനൈപുണ്യത്താലും ലോകത്തെ അദ്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുകയാണിന്ന്.
ഗൾഫ് മേഖലയിൽ മാത്രമല്ല അറബ് രാജ്യങ്ങൾക്കെല്ലാം ശൈഖ് മുഹമ്മദും ദുബൈയും യു.എ.ഇയും മാതൃകയായിക്കൊണ്ടിരിക്കുന്നു. വികസനത്തിലും ഭരണത്തിൻെറ കാര്യക്ഷമതയിലും സാമ്പത്തിക പുരോഗതിയിലും ജനക്ഷേമ പ്രവ൪ത്തനത്തിലും മറ്റു രാജ്യങ്ങൾക്ക് മുന്നിൽ നടന്ന് ദുബൈയും യു.എ.ഇയും പുതിയ ഭരണരീതിയിലേക്ക് അവരെ ക്ഷണിക്കുകയും ചെയ്യുന്നു. ‘അറബ് വസന്താ’നന്തര കാലഘട്ടത്തിൽ ഗൾഫ് രാജ്യങ്ങളെല്ലാം ഭരണം കാര്യക്ഷമമാക്കാനും കൂടുതൽ ജനസേവന പരിപാടികൾ ആരംഭിക്കാനും ശ്രദ്ധവെക്കുമ്പോൾ അതിന് മുമ്പേ ഈ പാതയിൽ സഞ്ചരിക്കുകയായിരുന്നു യു.എ.ഇ.
2008ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിന് മുന്നിൽ മിക്ക ഭരണാധികാരികളും പകച്ചുനിന്നപ്പോൾ ദുബൈ വളരെപ്പെട്ടെന്ന് അതിൽനിന്ന് മുക്തരായി പ്രതാപത്തിൻെറ പുതിയ പതാക പറപ്പിച്ചുകൊണ്ടിരിക്കുകയാണ്. അന്ന് നിശ്ചലമായ ക്രെയിനുകൾ വീണ്ടും എല്ലായിടത്തും തലയുയ൪ത്തിനിൽക്കുന്നു. അതുകൊണ്ടുതന്നെ മിക്ക അറബ് രാജ്യങ്ങളും ഇപ്പോൾ യു.എ.ഇയിലേക്കാണ് നോക്കുന്നത്.
ലോകത്തെ ഏറ്റവും മികച്ചതും കാര്യക്ഷമവുമായ ഭരണമാണ് തൻെറ ലക്ഷ്യമെന്നും ഇത് ജനങ്ങളുടെ സന്തോഷത്തിനു വേണ്ടിയാണെന്നും ശൈഖ് മുഹമ്മദ് നിരന്തരം പറയുന്നു. ദുബൈ സ൪ക്കാറിൻെറ ഏതു ജനക്ഷേമ പരിപാടികൾ സംബന്ധിച്ച വാ൪ത്താക്കുറിപ്പിലും ‘ജനങ്ങളുടെ സന്തോഷമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെ’ന്ന വാചകം നി൪ബന്ധമായും ഉണ്ടാകും.
ഇതിനനുസരിച്ച് ജനങ്ങൾക്ക് കൂടുതൽ സഹായകരമാകുന്ന, സൗകര്യപ്രദമായ നടപടികൾ ദിനംപ്രതിയെന്നോണം നടപ്പായിക്കൊണ്ടിരിക്കുകയാണ് ഈ ലോക നഗരത്തിൽ.
അത്യാധുനിക സാങ്കേതിക വിദ്യയുടെ ഫലപ്രദമായ ഉപയോഗത്തിലൂടെയാണ് കാലത്തിന് മുമ്പേ പറക്കുന്ന നഗരമായി ദുബൈ മാറുന്നത്. ലോകത്തെ പല സ൪ക്കാറുകളും ഇ-ഭരണത്തിലേക്ക് മാറുമ്പോൾ ദുബൈ അടുത്ത ഘട്ടമായ എം(മൊബൈൽ)ഭരണത്തിലേക്ക് ചുവടുവെച്ചുകഴിഞ്ഞു. ഓൺലൈനായി ഇപ്പോൾ നൽകിക്കൊണ്ടിരിക്കുന്ന 2000ത്തിലേറെ സ൪ക്കാ൪ സേവനങ്ങൾ മൊബൈൽ പ്ളാറ്റ്ഫോമിലേക്ക് മാറ്റുകയാണ് ലക്ഷ്യം. ഇപ്പോൾ സ്മാ൪ട്ട് ഫോൺ ഉപയോഗിച്ച് സ൪ക്കാ൪ സേവനങ്ങൾക്ക് പണമടക്കാനും വിമാനടിക്കറ്റ് ബുക് ചെയ്യാനും പാ൪ക്കിങ് ഫീസടക്കാനുമെല്ലാം സാധിക്കും. അടുത്ത വ൪ഷം മേയ് മാസത്തോടെ ദുബൈ നിവാസികൾ തിരിച്ചറിയൽ കാ൪ഡുമായി നടക്കേണ്ടിവരില്ല. മൊബൈൽ ഫോണായിരിക്കും അവരുടെ ഐ.ഡി. മൊബൈൽ ഫോൺതന്നെ ക്രെഡിറ്റ് കാ൪ഡായും ഉപയോഗിക്കാനാകും. മെട്രോ ട്രെയിനിലും ബസുകളിലും ഉപയോഗിക്കുന്ന ‘നോൽ’കാ൪ഡുകളും ഇനി ആവശ്യമില്ല. മൊബൈൽ ഫോൺതന്നെ യാത്രാ ടിക്കറ്റായി ഉപയോഗിക്കാം. ഇതിനായി പ്രത്യേകം സിം കാ൪ഡ് വാങ്ങി ആവശ്യത്തിന് റീചാ൪ജ് ചെയ്താൽ മതി. ക്രെഡിറ്റ്-ഡെബിറ്റ് കാ൪ഡുപയോഗിച്ച് ടാക്സിയിൽ യാത്രചെയ്യാനും കഴിഞ്ഞദിവസം സംവിധാനമായി. വിദേശികളുടെ തിരിച്ചറിയൽ കാ൪ഡ് സ്മാ൪ട്ട് ഫോൺ വഴി പുതുക്കുന്ന രീതി ഇക്കൊല്ലം നടപ്പാക്കുമെന്ന പ്രഖ്യാപനം വന്നത് കഴിഞ്ഞദിവസമാണ്.സ്വദേശികളുടെ കാ൪ഡിൻെറ കാലാവധി തീ൪ന്നാൽ ഇപ്പോൾതന്നെ മൊബൈലിൽ പുതുക്കാം. 24 മണിക്കൂറും അവധിയില്ലാതെ പ്രവ൪ത്തിക്കുന്ന സ൪ക്കാ൪ ഓഫിസുകളാണ് എം-ഗവൺമെൻറിലൂടെ ദുബൈ ലക്ഷ്യമിടുന്നത്. പാലങ്ങളും റോഡുകളും അംബരചുംബികളും മാത്രമല്ല വികസനത്തിൻെറ അടയാളമെന്നും ജനജീവിതം സുഗമമാകുന്ന നടപടികളാണ് പ്രധാനമെന്നുമാണ് യു.എ.ഇ മറ്റു ഗൾഫ് രാജ്യങ്ങൾക്ക് പക൪ന്നുനൽകുന്ന പാഠം.
സ൪ക്കാ൪ സേവനങ്ങൾ എങ്ങനെ കൂടുതൽ മെച്ചപ്പെട്ട രീതിയിലും കാര്യക്ഷമമായും ജനങ്ങൾക്ക് സന്തോഷം പകരുന്ന വിധത്തിൽ എത്തിക്കാമെന്ന് ച൪ച്ചചെയ്യാനായി കഴിഞ്ഞ രണ്ടു വ൪ഷമായി ദുബൈയിൽ ‘സ൪ക്കാ൪ ഉച്ചകോടി’ എന്ന പേരിൽ വലിയ സമ്മേളനം നടത്തുന്നു. ഏറെ പുതുമയുള്ള ഈ ഉച്ചകോടി ഈ രീതിയിൽ ലോകത്താദ്യമാണ്. ഉച്ചകോടിയിൽ പങ്കെടുക്കുന്നത് പ്രധാനമായും യു.എ.ഇയിലെയും മറ്റു ഗൾഫ്-അറബ് രാജ്യങ്ങളിലെയും മന്ത്രിമാരും ഉദ്യോഗസ്ഥരും സ൪ക്കാ൪ ജീവനക്കാരുമാണ്. ലോകപ്രശസ്തരായ ആസൂത്രണ, സാമ്പത്തിക, സാങ്കേതിക വിദഗ്ധരും ചിന്തകരും ശാസ്ത്രജ്ഞരും ഇവരോട് സംസാരിക്കുന്നു. ലോകത്തിൻെറ വിവിധ ഭാഗങ്ങളിൽനിന്നുള്ള വികസന മാതൃകകളും അനുകരണീയ പദ്ധതികളും അവതരിപ്പിക്കുകയും അത് എങ്ങനെ അതിലും മെച്ചപ്പെട്ട രീതിയിൽ നടപ്പാക്കാൻ സാധിക്കുമെന്ന് പരിശോധിക്കുകയും ചെയ്യുന്നു. പുതിയ ആശയങ്ങളും ഭരണ പരിഷ്കാരങ്ങളും പരസ്പരം പങ്കുവെക്കുന്നു. കഴിഞ്ഞാഴ്ച നടന്ന രണ്ടാമത് ഉച്ചകോടിയിൽ കേൾവിക്കാരനായി ഏറെ താൽപര്യത്തോടെ ശൈഖ് മുഹമ്മദ് തന്നെ മൂന്നു ദിവസവും സദസ്സിലുണ്ടായിരുന്നു. തീരുമാനങ്ങളും നടപ്പാക്കലും പ്രഖ്യാപനങ്ങളുമെല്ലാം വളരെ പെട്ടെന്ന് വരുന്നു. ചുകപ്പുനാട ദുബൈയിലെ സ൪ക്കാ൪ ഓഫിസുകൾക്ക് അന്യമാണെന്ന് മാത്രമല്ല ശൈഖ് മുഹമ്മദിൻെറ നി൪ദേശപ്രകാരം വിവിധ വകുപ്പുകൾ പുതിയ ആശയങ്ങൾ മത്സരിച്ച് നടപ്പാക്കുകയാണ്. 2020ലെ ലോക എക്സ്പോക്ക് ആതിഥ്യം വഹിക്കാൻ തെരഞ്ഞെടുക്കപ്പെട്ടതിൻെറ ആവേശം എല്ലായിടത്തും പ്രകടമാണ്.
ഉച്ചകോടിയുടെ ഫലങ്ങൾ യു.എ.ഇക്ക് വേണ്ടി മാത്രമുള്ളതല്ളെന്നും അത് ലോകത്തിനാകെ സമ൪പ്പിക്കുകയാണെന്നും ശൈഖ് മുഹമ്മദ് പറയുമ്പോൾ ഉദ്ദേശിക്കുന്നത് അറബ് മേഖലയെതന്നെയാണ്. അതിൻെറ ഭാഗമായി എം-ഗവൺമെൻറ് നടപ്പാക്കുന്നതിനെക്കുറിച്ച് ച൪ച്ചചെയ്യാൻ ജി.സി.സി രാജ്യങ്ങളിലെ ടെലി കമ്യൂണിക്കേഷൻ മന്ത്രിമാരുടെ വട്ടമേശ സമ്മേളനവും ഉച്ചകോടിയിൽ നടന്നു.
ഒൗദ്യോഗിക രേഖകളുടെയും തിരിച്ചറിയൽ കാ൪ഡുകളുടെയും വിതരണം കാര്യക്ഷമമാക്കുന്നതിന് പൈലറ്റില്ലാത്ത ചെറു വ്യോമ പേടകങ്ങൾ ഉപയോഗിക്കാമെന്ന നി൪ദേശം വന്നതിന് പിറ്റേന്നുതന്നെ ഇതിൻെറ കണ്ടുപിടിത്തത്തിന് യു.എ.ഇ സ൪ക്കാ൪ അന്താരാഷ്ട്ര മത്സരം പ്രഖ്യാപിച്ചു. അന്താരാഷ്ട്ര മത്സരത്തിൽ വിജയികൾക്ക് 10 ലക്ഷം ഡോളറാണ് സമ്മാനത്തുക. അടുത്ത വ൪ഷത്തെ സ൪ക്കാ൪ ഉച്ചകോടിയിൽ വിജയികളെ പ്രഖ്യാപിക്കും. പിന്നാലെ ഇവ പ്രായോഗികതലത്തിൽ കൊണ്ടുവരുമെന്നും അധികാരികൾ പ്രഖ്യാപിച്ചുകഴിഞ്ഞു. നടപ്പായാൽ ഡ്രൈവിങ് ലൈസൻസും തിരിച്ചറിയൽ കാ൪ഡുമെല്ലാം ഈ പറക്കും യന്ത്രമായിരിക്കും ഉടമയുടെ വീട്ടിലത്തെിക്കുക.
സ൪ക്കാ൪ സേവനം മെച്ചപ്പെടുത്താനായി ആരുടെയെങ്കിലും പക്കൽ പുതിയ ആശയങ്ങളുണ്ടെങ്കിൽ അത് നി൪ദേശിക്കാനായി പ്രത്യേക വെബ്സൈറ്റും തുടങ്ങിയിട്ടുണ്ട്.
നക്ഷത്ര ഹോട്ടലുകൾ പോലെ യു.എ.ഇയിൽ സ൪ക്കാ൪ വകുപ്പുകൾക്കും പ്രവ൪ത്തന മികവിൻെറ അടിസ്ഥാനത്തിൽ നക്ഷത്രപദവിയോടെയുള്ള ഗ്രേഡിങ് നൽകാനുള്ള തീരുമാനമാണ് മറ്റൊന്ന്. 42ാമത് അറബ് ലീഗ് അംഗീകരിച്ച തീരുമാനമാണ് യു.എ.ഇ നടപ്പാക്കുന്നത്. വിവിധ മാനദണ്ഡങ്ങൾ വിലയിരുത്തിയുള്ള ഗ്രേഡിങ് സ൪ക്കാ൪ വകുപ്പുകളുടെ പ്രവ൪ത്തനം കൂടുതൽ കാര്യക്ഷമമാക്കുമെന്നാണ് കണക്കുകൂട്ടുന്നത്. മൊബൈൽ ഗവൺമെൻറ് സംവിധാനത്തിലേക്ക് സ൪ക്കാ൪ ജീവനക്കാരെ സജ്ജമാക്കുന്നതിനായി പരിശീലനം നൽകാനായി പ്രത്യേക പോ൪ട്ടലുമുണ്ട്. ദുബൈയിലാകെ അതിവേഗ ഇൻറ൪നെറ്റ് സംവിധാനം ഒരുക്കുന്ന ‘സ്മാ൪ട്ട് സിറ്റി’ പദ്ധതിയുടെ ആദ്യപടിയായി ബു൪ജ് ഖലീഫയോടനുബന്ധിച്ച ഡൗൺടൗൺ ദുബൈയിൽ സൗജന്യ വൈ ഫൈ വന്നുകഴിഞ്ഞു. ദുബൈയിലെ ഹോട്ടലുകളിലും മാളുകളിലും സ൪ക്കാ൪ ഓഫിസുകളിലും പാ൪ക്കുകളിലും ബസിലും ട്രെയിനിലും വരെ വൈ ഫൈ വ്യാപകമായിക്കൊണ്ടിരിക്കുന്നു.
ഡിജിറ്റൽ പ്ളാറ്റ്ഫോം ഉപയോഗിച്ച് സ൪ക്കാ൪ സേവനങ്ങൾ നൽകുകയും ജനങ്ങളുമായി സമ്പ൪ക്കം പുല൪ത്തുകയും ചെയ്യുന്ന ലോകത്തെ 10 രാജ്യങ്ങളിൽ മൂന്നാം സ്ഥാനം യു.എ.ഇക്കാണെന്ന പുതിയ പഠനം ഇതോട് ചേ൪ത്തുവായിക്കേണ്ടതാണ്.ലോക പ്രശസ്ത മാനേജ്മെൻറ്, സാങ്കേതിക വിദ്യ കൺസൾട്ടൻസിയായ ആക്സൻഷ്വ൪ നടത്തിയ പഠനത്തിൽ സിംഗപ്പൂരും നോ൪വേയുമാണ് മുന്നിലുള്ളത്. അഞ്ചാം സ്ഥാനത്ത് സൗദി അറേബ്യയാണ്. പട്ടികയിൽ ഇന്ത്യക്ക് എട്ടാം സ്ഥാനമുണ്ട്.
20 ശതമാനം വരുന്ന സ്വദേശികളും 200ലേറെ രാജ്യക്കാരായ വിദേശികളും സമാധാനത്തോടെയും സന്തോഷത്തോടെയും കഴിയുന്ന ദുബൈയിൽനിന്ന് ലോകത്തിനുതന്നെ ഒരുപാട് പഠിക്കാനുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.