27ാം ടെസ്റ്റില്‍ ഡ്രൈവിങ് ലൈസന്‍സ്; നംഷീദിന് സ്വപ്ന സാഫല്യം
text_fieldsദുബൈ: ഒന്നിൽ പിഴച്ചാൽ മൂന്നിൽ എന്നാണ് പഴഞ്ചൊല്ല്. എന്നാൽ ഷാ൪ജയിലെ കഫ്തീരിയയിൽ ജോലി ചെയ്യുന്ന നാദാപുരം കച്ചേരി സ്വദേശി നംഷീദിന് 26 തവണ പിഴച്ചു. തോറ്റ് പിന്മാറാൻ ഒരുക്കമല്ലാത്തതിനാൽ 27ാം തവണ നേടിയെടുക്കുകയും ചെയ്തു. പറഞ്ഞുവരുന്നത് യു.എ.ഇ ഡ്രൈവിങ് ലൈസൻസിനെക്കുറിച്ചാണ്. യു.എ.ഇയിലെത്തുന്ന പല൪ക്കും ബാലികേറാമലയായ അതേ ഡ്രൈവിങ് ലൈസൻസ്. മൂന്നര വ൪ഷം നീണ്ട പരിശ്രമത്തിനൊടുവിൽ 40,000 ദി൪ഹത്തോളം ചെലവഴിച്ചാണ് നംഷീദ് ഡ്രൈവിങ് ലൈസൻസിന് ഉടമയായത്.
മൂന്നര വ൪ഷം മുമ്പ് അജ്മാനിലെ കഫ്തീരിയയിൽ ജോലി ചെയ്യുമ്പോഴാണ് നംഷീദിന് ഡ്രൈവിങ് ലൈസൻസ് എടുക്കണമെന്ന മോഹമുദിച്ചത്. പണമടച്ച് ഫയൽ തുറന്നു. പിന്നെ തീവ്ര പരിശീലനം. പാകിസ്താനികളും മലയാളികളുമൊക്കെയായിരുന്നു ഗുരുക്കന്മാ൪. പരിശീലന സമയത്ത് വണ്ടിയോടിക്കാൻ പ്രശ്നങ്ങളൊന്നുമില്ലായിരുന്നു. എന്നാൽ ടെസ്റ്റിന് പോകുമ്പോൾ സ്ഥിതി മാറി. ഇൻസ്പെക്ട൪ അടുത്തിരിക്കുമ്പോൾ തൊണ്ട വരളും. കൈകാലുകൾ വിറക്കും. ധൈര്യം ചോ൪ന്നുപോകും. റോഡ് ടെസ്റ്റിലും ബ്രിഡ്ജ് ടെസ്റ്റിലും പരാജയപ്പെടും. പേടി മാറാൻ ഗുളിക വരെ കഴിച്ചുനോക്കിയെങ്കിലും ഫലമുണ്ടായില്ല. എന്നാൽ ഓരോ പരാജയവും വാശി കൂട്ടി. ലൈസൻസ് എടുത്തിട്ടേ അടങ്ങൂവെന്ന് തീരുമാനിച്ചു. വിവാഹം കഴിക്കുന്നതും ലൈസൻസ് എടുത്തിട്ടേ ഉള്ളൂവെന്ന് ശപഥം ചെയ്തു.
അജ്മാനിൽ ജോലി ചെയ്യുമ്പോൾ 17 ടെസ്റ്റിൽ തോറ്റു. തുട൪ന്ന് ഷാ൪ജ നാഷണൽ പെയിൻറിന് സമീപം അഡ്നോക് പമ്പിനടുത്തുള്ള അൽ മുബാഷി൪ കഫ്തീരീയയിലേക്ക് ജോലി മാറി. ബന്ധുവിൻെറ തന്നെ കഫ്തീരിയയാണിത്. 16 മണിക്കൂറോളം നീളുന്ന കഫ്തീരിയയിലെ ജോലി കഴിഞ്ഞ് ക്ഷീണിച്ചാണ് ടെസ്റ്റിന് പോകുന്നത്. ടെസ്റ്റ് നടക്കുന്ന സ്ഥലത്തെത്താൻ ടാക്സി പിടിക്കണം. അങ്ങനെയും കുറെ പണം ചെലവായി. എന്നാൽ പരാജയം തുട൪ക്കഥയായി. ലൈസൻസ് കിട്ടാതെ വിവാഹം കഴിക്കില്ലെന്ന തീരുമാനം മാറ്റേണ്ടിവന്നു. ബന്ധുക്കളുടെ നി൪ബന്ധമായിരുന്നു കാരണം. കഴിഞ്ഞ റമദാന് മുമ്പ് ചൊക്ളി സ്വദേശി ശബ്നയെ ജീവിത സഖിയാക്കി. ആഘോഷങ്ങളില്ലാതെ നിക്കാഹ് മാത്രം.
തിരിച്ചെത്തി വീണ്ടും ഡ്രൈവിങ് ടെസ്റ്റ്. 21 ടെസ്റ്റുകളാണ് ഫയലിൽ രേഖപ്പെടുത്തിയിരുന്നതെങ്കിലും 26 ടെസ്റ്റുകൾക്ക് ഹാജരായി. പരാജയ കഥക്ക് മാറ്റമില്ല. 27ാം ടെസ്റ്റ് നിശ്ചയിച്ചത് ഫെബ്രുവരി 19ന്. അതിന് മുമ്പ് വീണ്ടും പ്രതിസന്ധി. നാട്ടിൽ കാ൪ തട്ടി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഭാര്യാപിതാവ് 18ന് മരിച്ചു. ഏറെ മോഹിച്ച ലൈസൻസിനുള്ള ടെസ്റ്റ് നടക്കാനിരിക്കുന്നതിനാൽ നാട്ടിലേക്ക് വരേണ്ടതില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.
ബുധനാഴ്ച നടന്ന ടെസ്റ്റിൽ വിജയിക്കുകയും ചെയ്തു. മരണത്തിൻെറ ദു:ഖാന്തരീക്ഷമുള്ളതിനാൽ അമിതമായ ആഘോഷങ്ങളൊന്നുമുണ്ടായിരുന്നില്ല. സുഹൃത്തുക്കളെല്ലാം അഭിനന്ദിച്ചു. രണ്ടുമാസം കഴിഞ്ഞാൽ നാട്ടിൽ പോയി വിവാഹം നടത്തണം. തിരിച്ചെത്തി ഡ്രൈവിങ് ലൈസൻസിൻെറ ബലത്തിൽ മറ്റൊരു ജോലി കിട്ടുമെങ്കിൽ നോക്കണം. ഇതൊക്കെയാണ് നംഷീദിൻെറ ഭാവി പദ്ധതികൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.