നാട്യന്‍ചിറ ക്വാറി: പഞ്ചായത്ത് സ്റ്റോപ് മെമ്മോ നല്‍കും
text_fieldsചേലക്കര: നാട്യൻചിറ ക്വാറിവിരുദ്ധ ജനകീയ സമരത്തിന് വിജയം. ക്വാറിയുടെ പ്രവ൪ത്തനം നി൪ത്താൻ പഞ്ചായത്ത് സ്റ്റോപ് മെമ്മോ നൽകും. കഴിഞ്ഞ ദിവസം ഗ്രാമപഞ്ചായത്ത് ഭരണസമിതി നൽകിയ പ്രവ൪ത്തനാനുമതിയാണ് മറ്റ് വഴിയില്ലാതെ പിറ്റേദിവസം തിരുത്തിയത്. ഇതോടെ ഒരുമാസത്തോളം നീണ്ട ജനകീയ പ്രക്ഷോഭത്തിന് താൽക്കാലിക വിരാമമായി. പഞ്ചായത്തിന് മുന്നിൽ ഒരാഴ്ച പിന്നിട്ട നാട്ടുകാരുടെ കുത്തിയിരിപ്പ് സമരത്തിനൊടുവിൽ കഴിഞ്ഞ ദിവസം പഞ്ചായത്തംഗം എ.കെ. അഷ്റഫ് പഞ്ചായത്തോഫിസിൽ നിരാഹാരമിരുന്നതോടെ പ്രസിഡൻറ് ലിസി തോമസ് വ്യാഴാഴ്ച അടിയന്തരയോഗം വിളിക്കുകയായിരുന്നു. ജനവികാരം മാനിക്കാതെയുള്ള ഭരണസമിതി തീരുമാനം തിരുത്തണമെന്ന് യോഗത്തിൽ എ.കെ. അഷ്റഫ് ആവശ്യപ്പെട്ടു. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് എ. അസനാ൪, പഞ്ചായത്തംഗങ്ങളായ പി.സി. മണികണ്ഠൻ, പി.എം. റഫീഖ്, സി.വി. റഷീദ് തുടങ്ങിയവരും ഭരണസമിതിക്കെതിരെ എതി൪പ്പറിയിച്ചു. അതോടെ പ്രതിപക്ഷാംഗങ്ങളും അനുകൂലിക്കുന്നതായി അറിയിച്ചു. എങ്കിലും തലേദിവസം നൽകിയ പ്രവ൪ത്തനാനുമതി തൊട്ടടുത്ത ദിവസം തിരുത്തുന്നതെങ്ങനെയെന്ന് പറഞ്ഞുകൊണ്ട് പ്രസിഡൻറ് ലിസി തോമസും വൈസ് പ്രസിഡൻറ് സുദേവൻ പള്ളത്തും എതി൪ത്തുനിന്നു. ഇവരൊഴികെയുള്ളവരെല്ലാം ജനവികാരം മാനിക്കണമെന്ന വികാരത്തിലുറച്ചുനിന്നതോടെ ക്വാറിക്ക് സ്റ്റോപ് മെമ്മോ നൽകാൻ തീരുമാനമായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.