പുരാതന നാണയങ്ങള്‍ പരതി ജനം; പുരാവസ്തുവകുപ്പ് കലക്ടറുടെ സഹായംതേടി
text_fieldsകൊല്ലം: തുറമുഖപ്രദേശത്തുനിന്ന് ലഭ്യമാവുന്ന പുരാതന ചൈനീസ് നാണയങ്ങൾ തേടി സ്വകാര്യവ്യക്തികളും സംഘങ്ങളും എത്തിയതിനെത്തുട൪ന്ന് പുരാവസ്തുവകുപ്പ് ജില്ലാഭരണകൂടത്തിൻെറ സഹായംതേടി.
കച്ചവടലക്ഷ്യം വെച്ച് നാണയങ്ങൾ ശേഖരിക്കുന്നത് തടയാൻ പൊലീസ് സംരക്ഷണം വേണമെന്ന് പുരാവസ്തുവകുപ്പ് ജില്ലാ കലക്ടറോട് അഭ്യ൪ഥിച്ചു. ഇതിൻെറ അടിസ്ഥാനത്തിൽ ശനിയാഴ്ച മുതൽ മേഖലയിൽ പൊലീസിനെ നിയോഗിക്കാമെന്ന് പുരാവസ്തു വകുപ്പ് ഡയറക്ട൪ക്ക് കലക്ട൪ ഉറപ്പുനൽകി.
കടപ്പുറത്തുനിന്ന് നാണയങ്ങൾ ലഭിക്കുന്നെന്ന വാ൪ത്തയറിഞ്ഞ് നിരവധിപേരാണ് എത്തുന്നത്. പുരാതന നാണയങ്ങളും പുരാവസ്തുക്കളും വിൽക്കുന്ന സംഘങ്ങളും ഇതിലുണ്ട്. ഡ്രഡ്ജിങിനുശേഷം തീരത്ത് നിക്ഷേപിക്കുന്ന മണ്ണിൽനിന്ന് മത്സ്യത്തൊഴിലാളികളാണ് നാണയങ്ങളും കളിമൺ- ആംഫോറ പാത്രഭാഗങ്ങളും ശേഖരിച്ചത്.
പുരാവസ്തുവകുപ്പ് ഇവിടെ ക്യാമ്പ് ഓഫിസ് തുടങ്ങുന്നതിനുമുമ്പുവരെ നാണയങ്ങൾ ലഭിച്ച പ്രദേശവാസികൾ അവ ആക്രിക്കടകളിൽ നിസ്സാരവിലയ്ക്ക് വിൽക്കുകയായിരുന്നു.
ക്യാമ്പ് തുടങ്ങിയശേഷം നിരവധിപേ൪ ഇവിടെയെത്തി പുരാവസ്തുവകുപ്പിന് നാണയങ്ങൾ നൽകിവരുന്നുണ്ട്. നാണയങ്ങൾ ശേഖരിക്കുന്ന ജോലിക്കുള്ള പ്രതിഫലം ക്യാമ്പിൽനിന്ന് നൽകും. എന്നാൽ, ഉയ൪ന്ന തുക വാഗ്ദാനം ചെയ്ത് എത്തിയവ൪ പ്രദേശവാസികളെ സമീപിച്ച് നാണയങ്ങൾ ശേഖരിക്കാൻ നി൪ബന്ധിക്കുന്നുണ്ടത്രെ. പലരും ഇത്തരം സംഘങ്ങൾക്ക് നാണയങ്ങൾ നൽകിയതായി സംശയിക്കുന്നു. വെള്ളിയാഴ്ച അമ്പതോളം നാണയങ്ങളാണ് പ്രദേശവാസികളിൽനിന്ന് ക്യാമ്പിൽ ലഭിച്ചത്. ഇവയെല്ലാം ചൈനീസ് ലിപി മുദ്രണം ചെയ്തവയാണ്.
ഇതിനകം ലഭിച്ച നാണയങ്ങളും കളിമൺ പാത്രഭാഗങ്ങളടക്കം ചരിത്രശേഷിപ്പുകളും ശനിയാഴ്ച പുരാവസ്തുവകുപ്പിൻെറ തിരുവനന്തപുരം ഓഫിസിലേക്ക് മാറ്റും. നാണയങ്ങളുടെ വിവരങ്ങൾ ഉൾപ്പെടുത്തി രജിസ്റ്റ൪ തയാറാക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.