Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightതെരഞ്ഞെടുപ്പിലെ കച്ചവട...

തെരഞ്ഞെടുപ്പിലെ കച്ചവട തന്ത്രങ്ങള്‍

text_fields
bookmark_border
തെരഞ്ഞെടുപ്പിലെ കച്ചവട തന്ത്രങ്ങള്‍
cancel

നമ്മുടെ മതനിരപേക്ഷ ജനാധിപത്യ സംവിധാനത്തിൻെറ മൗലിക ദൗ൪ബല്യങ്ങളും രോഗങ്ങളും മറ നീക്കി പുറത്തുവരുകയും പൊട്ടിയൊലിക്കുകയും ചെയ്യുന്ന സന്ദ൪ഭങ്ങളാണ് പൊതുതെരഞ്ഞെടുപ്പുകൾ. സീറ്റുകൾക്കും വോട്ടുകൾക്കും വേണ്ടിയുള്ള നെട്ടോട്ടത്തിൽ പാ൪ട്ടികൾ അതുവരെ ആക്രോശിച്ചിരുന്ന തത്ത്വങ്ങളും ഉന്നയിച്ചിരുന്ന അവകാശവാദങ്ങളും പാടെ മറന്ന്, സമ്മതിദായകരെ തീ൪ത്തും വിഡ്ഢികളാക്കി ഇന്നലെ വരെ തള്ളിപ്പറഞ്ഞ അവിശുദ്ധ കൂട്ടുകെട്ടുകൾക്കും സഖ്യങ്ങൾക്കും വഴിതേടും. ഈ കരണംമറിച്ചിലുകൾക്ക് ആത്മവഞ്ചനാപരമായ ന്യായീകരണങ്ങളുമുണ്ടാവും. ഏറ്റവും പുതിയ വാ൪ത്തകളിലൊന്ന് ബിഹാറിലെ ദലിത് നേതാവും ലോക് ജൻശക്തി പാ൪ട്ടി സ്ഥാപക നേതാവുമായ രാംവിലാസ് പാസ്വാൻെറ കൂടുമാറ്റ ശ്രമമാണ്. ഫാഷിസ്റ്റ് ഭീഷണിക്കെതിരെ മതേതരശക്തികളുടെ ഏകീകരണത്തിനുവേണ്ടി ശക്തമായി വാദിച്ചുകൊണ്ടിരുന്ന മുൻ സോഷ്യലിസ്റ്റ് കൂടിയായ പാസ്വാൻ തൻെറ കക്ഷിയായ എൽ.ജെ.പിക്ക് ബിഹാറിൽ 10 സീറ്റുകളെങ്കിലും മത്സരിക്കാൻ കിട്ടണമെന്ന അവകാശവാദത്തിൽ കോൺഗ്രസുമായി ഇടഞ്ഞാണ് നരേന്ദ്ര മോദി നയിക്കുന്ന കാവിപ്പടയോട് കൂട്ടുകൂടാൻ ശ്രമിക്കുന്നത്. 2002ൽ ഗുജറാത്ത് കലാപം നടന്നപ്പോൾ അത് തടയാൻ ശ്രമിച്ചില്ളെന്നാരോപിച്ച് എൻ.ഡി.എ മന്ത്രിസഭയിൽനിന്ന് രാജിവെച്ച പാസ്വാനാണിപ്പോൾ നേ൪ക്കുനേരെ കലാപത്തിൻെറ ചുക്കാൻ പിടിച്ച നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയാക്കാൻ നടക്കുന്ന ഹിന്ദുത്വശക്തികളോട് ഐക്യദാ൪ഢ്യം പ്രഖ്യാപിക്കാനൊരുങ്ങുന്നത്! നരേന്ദ്ര മോദിക്ക് സുപ്രീംകോടതി ക്ളീൻചിറ്റ് നൽകിയിരിക്കുന്നു എന്നാണ് പാസ്വാൻെറ പുത്രനും എൽ.ജെ.പി പാ൪ലമെൻററി പാ൪ട്ടി അധ്യക്ഷനുമായ ചിരാഗിൻെറ ന്യായീകരണം. 1992ലെ ബാബരി മസ്ജിദ് ധ്വംസനവും 2002ലെ ഗുജറാത്ത് കലാപവും ഉൾപ്പെടെയുള്ള സംഘ്പരിവാ൪ ഭീകരതയെ ഒരിക്കലും അപലപിക്കാതിരുന്ന നരേന്ദ്ര മോദിയുമായി ആത്മബന്ധം പുല൪ത്തുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുമായി സഖ്യമുണ്ടാക്കി തെരഞ്ഞെടുപ്പിനെ നേരിടാൻ പോവുന്ന കമ്യൂണിസ്റ്റ് പാ൪ട്ടികളും തത്ത്വദീക്ഷയില്ലായ്മയുടെയും അവസരവാദത്തിൻെറയും മികച്ച മാതൃക തന്നെയാണ് കാഴ്ചവെക്കുന്നതെന്ന് പറയാതെ വയ്യ. പ്രവചനങ്ങളും അഭിപ്രായ സ൪വേകളുമനുസരിച്ച് മോദി നയിക്കുന്ന എൻ.ഡി.എ ഏറ്റവും വലിയ മുന്നണിയായി മാറിയാൽ, ആ മുന്നണിയിൽ ചേക്കേറാനിരിക്കുന്ന ഒന്നാമത്തെ കക്ഷി ജയലളിതയുടേതായിരിക്കും എന്ന് സി.പി.എമ്മിനും സി.പി.ഐക്കും അറിയാത്തതല്ല പ്രശ്നം. കമ്യൂണിസ്റ്റ് പാ൪ട്ടികൾക്ക് ദേശീയ കക്ഷി പദവിപോലും നഷ്ടപ്പെടാൻ സാധ്യതയുള്ളതാണീ തെരഞ്ഞെടുപ്പ് എന്നതുകൊണ്ട് ഏതു ചെകുത്താനോടു കൂടിയിട്ടായാലും പരമാവധി വോട്ടും സീറ്റും ഉറപ്പാക്കുക എന്ന ഏകയിന അജണ്ടക്കു മുന്നിൽ സാമ്രാജ്യത്വ വിരോധവും ഫാഷിസ്റ്റ് വിരോധവുമൊക്കെ അലിഞ്ഞില്ലാതാവുകയാണ്.
ആന്ധ്ര നിയമസഭയുടെ ശക്തമായ എതി൪പ്പും സീമാന്ധ്ര മേഖലയിൽനിന്നുള്ള സ്വന്തം എം.പിമാരുടെ അതിരൂക്ഷമായ പ്രതിഷേധവും ഒടുവിൽ ആന്ധ്ര മുഖ്യമന്ത്രി കിരൺ റെഡ്ഡിയുടെ രാജിയുമെല്ലാം പാടെ അവഗണിച്ച് തെലങ്കാന സംസ്ഥാന രൂപവത്കരണത്തിന് ഏതറ്റം വരെയും പോവാൻ കോൺഗ്രസിനെ പ്രേരിപ്പിച്ചത് തെലങ്കാന രാഷ്ട്രസമിതിയുടെ ലയനവാഗ്ദാനമായിരുന്നു. തെലങ്കാന സംസ്ഥാനം യാഥാ൪ഥ്യമായാൽ തൻെറ പാ൪ട്ടി കോൺഗ്രസിൽ ലയിച്ചുകൊള്ളാമെന്ന് ചന്ദ്രശേഖരറാവു ഉറപ്പുനൽകിയിരുന്നതാണ്. 17 സീറ്റുകളിലെ വിജയസാധ്യത ഏറ്റവും ശക്തമായ പിടിവള്ളിയായി കോൺഗ്രസും കണ്ടു. പക്ഷേ, ബിൽ പാസാക്കി പാ൪ലമെൻറ് പിരിഞ്ഞപ്പോൾ ലയിക്കാൻ ടി.ആ൪.എസിന് മടി. തെരഞ്ഞെടുപ്പ് ധാരണക്കാണിപ്പോൾ ശ്രമം. ഇലക്ഷനുശേഷം ചിത്രം മാറിയാൽ ടി.ആ൪.എസ് വഴിപിരിയും എന്നതിൻെറ വ്യക്തമായ സൂചനയാണിത്. പുതിയ സംസ്ഥാന രൂപവത്കരണത്തിൽ തങ്ങൾക്കും പങ്കുണ്ടെന്ന ബി.ജെ.പിയുടെ അവകാശവാദം ഒന്നും കാണാതെയല്ല. കേരളത്തിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഇടുക്കി സീറ്റിനെച്ചൊല്ലി കലഹിച്ച് മാണി വിഭാഗത്തെയും യു.ഡി.എഫിനെയും ഒരുമിച്ച് കൈയൊഴിഞ്ഞ് എൽ.ഡി.എഫിലേക്ക് ചേക്കേറാൻ നോക്കുന്നതാണ് മറ്റൊരു സംഭവ വികാസം. നേരത്തേ ഇടതുമുന്നണിയിലായിരുന്ന പി.ജെ. ജോസഫിൻെറ പാ൪ട്ടി കാലുമാറിയതുതന്നെ ഒരാൾക്കും ബോധ്യപ്പെട്ട കാരണങ്ങളാലായിരുന്നില്ല. ക്രൈസ്തവ സഭാ നേതൃത്വത്തിൻെറ പ്രേരണയാണതിൽ പ്രവ൪ത്തിച്ചതെന്ന ധാരണ ശക്തമായി നിലനിന്നിരുന്നുതാനും. നിയമസഭാ തെരഞ്ഞെടുപ്പിൽ നേട്ടങ്ങളുണ്ടാക്കാൻ മുന്നണിമാറ്റം പര്യാപ്തമായതുമില്ല. പല കാരണങ്ങളാൽ ഭരണമാറ്റവും ഒപ്പം തെരഞ്ഞെടുപ്പിൽ നേട്ടങ്ങളും ആഗ്രഹിക്കുന്ന എൽ.ഡി.എഫാകട്ടെ പരസ്യമായി പഴയ സഖ്യകക്ഷിയെ ക്ഷണിക്കുകയും ചെയ്യുന്നു. ധ൪മസങ്കടത്തിലായ കോൺഗ്രസ് വെല്ലുവിളി എങ്ങനെ നേരിടാൻ പോവുന്നു എന്നാണ് സംസ്ഥാനം ഉറ്റുനോക്കുന്നത്. മുന്നണി ഏതായാലും സീറ്റും സ്ഥാനമാനങ്ങളും ലഭിച്ചാൽ മതി എന്നേടത്ത് ഏതാണ്ടെല്ലാ പാ൪ട്ടികളും എത്തിയിരിക്കെ, വിലപേശലിനുള്ള ശക്തി മാത്രമായിത്തീരുന്നു പ്രായോഗിക രാഷ്ട്രീയ കച്ചവടത്തിലെ ലാഭച്ഛേതങ്ങളുടെ ഏക മാനദണ്ഡം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story