കട്ടപ്പന കഞ്ചാവ് കടത്തിന്‍െറ ഇടത്താവളമായി മാറുന്നു
text_fieldsകട്ടപ്പന: കഞ്ചാവ് കടത്തിൻെറ ഇടത്താവളമായി കട്ടപ്പന മാറുന്നു. കഴിഞ്ഞ 10 ദിവസത്തിനിടെ കഞ്ചാവ് കടത്തുന്നതിനിടെ അഞ്ചു പേരാണ് കട്ടപ്പനയിൽ പിടിയിലായത്. എട്ടു കിലോ കഞ്ചാവും രണ്ട് ഓട്ടോയും ഒരു കാറും പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
കേരള-തമിഴ്നാട് അതി൪ത്തി പട്ടണമെന്ന നിലയിൽ കമ്പത്തുനിന്ന് അതി൪ത്തി ചെക്പോസ്റ്റ് വഴി വളരെയെളുപ്പം കഞ്ചാവ് കട്ടപ്പനയിൽ എത്തിക്കാൻ കഴിയും. പൊലീസിൻെറയും എക്സൈസിൻെറയും കണ്ണുവെട്ടിച്ച് കട്ടപ്പനയിലേക്ക് കഞ്ചാവ് എത്തിക്കാൻ നിരവധി ഊടുവഴികളുണ്ട്. പെട്ടെന്നൊന്നും പിടിയിൽപെടാതിരിക്കാൻ വളരെ വിദഗ്ധമായാണ് കഞ്ചാവ് കടത്തുന്നത്. ക൪ണാടക, ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നെത്തിക്കുന്ന കഞ്ചാവ് രഹസ്യകേന്ദ്രങ്ങളിൽ സൂക്ഷിച്ചുവെച്ച ശേഷം രഹസ്യമായാണ് കട്ടപ്പനയിലെത്തിക്കുന്നത്.
കേരളത്തിലേക്ക് പച്ചക്കറി, ഏത്തപ്പഴം, വാഴക്കുല, വളം തുടങ്ങിയ സാധനങ്ങൾ കൊണ്ടുവരുന്ന ലോറികളിലെ രഹസ്യ അറകളിൽ നിക്ഷേപിച്ചാണ് കഞ്ചാവ് കടത്ത്. സ്കൂൾ-കോളജ് കുട്ടികളെയും കഞ്ചാവ് കടത്തലിന് ഇടനിലക്കാരായി ഉപയോഗിക്കുന്നുണ്ട്. കട്ടപ്പന പഴയ ബസ്സ്റ്റാൻഡിന് സമീപത്തെ കോളനി കേന്ദ്രീകരിച്ചാണ് കഞ്ചാവ് വിൽപനയുടെ ഏജൻറുമാരുടെ പ്രവ൪ത്തനം. കഴിഞ്ഞ ദിവസം പിടിയിലായവ൪ക്ക് ഈ കോളനിയുമായി ബന്ധമുണ്ട്.
കഞ്ചാവ് വിൽപനയുടെ പ്രധാന സൂത്രധാരകരായ രണ്ടു പേരാണ് ആദ്യം പിടിയിലായത്. ഇവ൪ പിടിയിലായിട്ടും കഞ്ചാവ് വിൽപനക്ക് കുറവ് വന്നിട്ടില്ലെന്ന് സൂചിപ്പിക്കുന്ന വിധമാണ് വീണ്ടും യുവതി ഉൾപ്പെടെ മൂന്നു പേ൪ പിടിയിലായത്. ആദ്യം പിടിയിലായ ഒരാളുടെ ഭാര്യയാണ് നാലര കിലോ കഞ്ചാവുമായി പിടിയിലായവരുടെ സംഘത്തിൻെറ നേതാവ്. കട്ടപ്പന സംഗീത തിയറ്ററിന് സമീപം പിടിയിലായവ൪ ഓട്ടോയിൽനിന്ന് കാറിലേക്ക് കഞ്ചാവ് മാറ്റുന്നതിനിടയാണ്. കഞ്ചാവ് ഓട്ടോയിൽ മറ്റൊരാൾക്ക് കൈമാറാൻ കൊണ്ടുപോകുന്നതിനിടയാണ് ഭാര്യയും സംഘവും പിടിയിലായത്.
തമിഴ്നാട്ടിലെ കമ്പത്തെ രഹസ്യ കേന്ദ്രങ്ങളിലാണ് അന്യസംസ്ഥാനങ്ങളിൽനിന്ന് കൊണ്ടുവരുന്ന കഞ്ചാവ് സൂക്ഷിച്ചിരിക്കുന്നത്. പിന്നീട് പാക്കറ്റുകളാക്കി മാറ്റിയാണ് കട്ടപ്പനയിൽ എത്തിക്കുന്നത്. കട്ടപ്പന പുതിയ ബസ്സ്റ്റാൻഡിന് സമീപത്തെ പഴയ കെട്ടിടത്തിൽ സ്കൂൾ, കോളജ് കുട്ടികളടക്കമുള്ളവ൪ക്ക് കഞ്ചാവ് പൊതികളാക്കി വിൽക്കുന്നുണ്ട്. 50 മുതൽ 250 രൂപ വരെയുള്ള പൊതികളാണ് വിറ്റഴിക്കുന്നത്. കഴിഞ്ഞയാഴ്ച മൂന്ന് വിദേശ വനിതകളടക്കമുള്ളവരെ കഞ്ചാവുമായി നാട്ടുകാ൪ കണ്ടെങ്കിലും പൊലീസിൽ അറിയിക്കുന്നതിന് മുമ്പ് ഇവ൪ കടന്നുകളഞ്ഞു. കട്ടപ്പന കഞ്ചാവ് വിൽപനയുടെ പ്രധാന കേന്ദ്രമായതോടെ നിരവധി വിദേശികളും ഇവിടെ എത്തുന്നുണ്ട്. രഹസ്യമായാണ് ഇടപാട് എന്നതിനാൽ പൊലീസിൻെറ കൈയിൽപെടാറില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.