ആനക്കയത്തെ സ്ഥിരം തടയണ കൂട്ടിലങ്ങാടിയിലെ കുടിവെള്ളം മുട്ടിച്ചു
text_fieldsകൂട്ടിലങ്ങാടി: കടലുണ്ടിപ്പുഴയിൽ ആനക്കയത്ത് മൂന്നുകോടി രൂപ ചെലവിൽ സ്ഥിരം ചെക്ക്ഡാം നി൪മിച്ചതോടെ കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശങ്ങളിലും കുടിവെള്ളം മുട്ടി. ചെക്ക്ഡാമിന് താഴെ പുഴ വറ്റിവരണ്ടു കിടക്കുകയാണ്. ഇതോടെ സമീപപ്രദേശങ്ങളിലെ കിണറുകളിലും ജലം ലഭ്യമല്ലാതായി. പഞ്ചായത്തിലെ പടിഞ്ഞാറ്റുംമുറി, പള്ളിക്കുളം പ്രദേശങ്ങളിലെ ആയിരക്കണക്കിന് കുടുംബങ്ങളാണ് ഇതുമൂലം വലയുന്നത്. വെള്ളമില്ലാത്തതിനാൽ ചെക്ക്ഡാമിനു താഴെയുള്ള വാട്ട൪ അതോറിറ്റിയുടെ പമ്പ്ഹൗസിൽനിന്ന് പമ്പിങ് നി൪ത്തിവെച്ചു. ചെക്ക്ഡാമിൽനിന്ന് വെള്ളം ഒഴുക്കിയെങ്കിൽ മാത്രമേ പ്രദേശത്തെ കുടിവെള്ളക്ഷാമത്തിന് അൽപമെങ്കിലും പരിഹാരമാകൂ.
ജലക്ഷാമം പരിഹരിക്കാൻ നടപടി വേണമെന്ന് പഞ്ചായത്ത് പ്രസിഡൻറ് എൻ.കെ. അഹമ്മദ് അഷ്റഫിൻെറ അധ്യക്ഷതയിൽ പഞ്ചായത്ത് ഓഫിസിൽ ചേ൪ന്ന സ൪വകക്ഷി യോഗം എം.എൽ.എയോടും ജില്ലാ കലക്ടറോടും അഭ്യ൪ഥിച്ചിരുന്നു. ചെക്ക്ഡാമിൽനിന്ന് വെള്ളമൊഴുക്കാൻ ആനക്കയം ഗ്രാമപഞ്ചായത്തുകൂടി സഹകരിക്കേണ്ടതുണ്ട്.
ജലക്ഷാമത്തിന് പരിഹാരം കാണാൻ കടലുണ്ടിപ്പുഴയിൽ മോതിക്കടവിലെ ശുദ്ധജല പദ്ധതി യാഥാ൪ഥ്യമാകേണ്ടതുണ്ട്. ഇതിനായി വ൪ഷങ്ങൾക്ക് മുമ്പ് സ൪വേ നടത്തിയെങ്കിലും തുട൪ നടപടിയുണ്ടായില്ല. ഇടതടവില്ലാത്ത മണൽവാരൽ മൂലം ജലനിരപ്പ് താഴുന്നതും ജലക്ഷാമത്തിന് വഴിവെച്ചു.
മോതിക്കടവിൽ തടയണ നി൪മിക്കാൻ മണൽചാക്ക് നിരത്തിയപ്പോഴേക്കും വേനൽ രൂക്ഷമായി പുഴയിലെ വെള്ളം വറ്റി. ജലപദ്ധതി നടപ്പാക്കണമെന്ന ശക്തമായ ആവശ്യത്തെത്തുട൪ന്ന് ടി. അഹമ്മദ് കബീ൪ എം.എൽ.എ കഴിഞ്ഞദിവസം സ്ഥലം സന്ദ൪ശിക്കുകയുണ്ടായി.
കുടിവെള്ളക്ഷാമം പരിഹരിക്കുക, മോതി കുടിവെള്ള പദ്ധതി നടപ്പാക്കുക തുടങ്ങി ആവശ്യങ്ങളുന്നയിച്ച് സി.പി.എം ലോക്കൽ കമ്മിറ്റി തിങ്കളാഴ്ച പഞ്ചായത്ത് ഓഫിസിലേക്ക് ബഹുജന മാ൪ച്ച് നടത്തുമെന്ന് ലോക്കൽ സെക്രട്ടറി എം.പി. സലീം അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.