കരീമിന് മുന്നില്‍ ലോകം ഇരുളുന്നു; ജീവിതവും
text_fieldsകാസ൪കോട്: അബ്ദുൽകരീമിന് മുന്നിൽ ലോകക്കാഴ്ചകൾ ഇരുളുകയാണ്, ഒപ്പം ജീവിതവും. സമ്പദ്സമൃദ്ധിയുടെ നടുവിൽനിന്ന് പുറമ്പോക്കിലേക്ക് താമസം മാറ്റേണ്ടിവന്ന ഈ മനുഷ്യന് അടുത്ത ബന്ധുക്കളെപ്പോലും ശബ്ദത്തിലൂടെ മാത്രമേ തിരിച്ചറിയാനാവുന്നുള്ളൂ.
കുവൈത്തിൽ ജോലി ചെയ്തിരുന്ന ചായ്യോത്ത് ചിറമ്മൽ വീട്ടിലെ സി.എച്ച്. അബ്ദുൽകരീം (49) ചായ്യോത്ത് ബസാറിന് സമീപത്തെ ദ൪ഘാസ് ഭൂമിയിൽ വളച്ചുകെട്ടിയുണ്ടാക്കിയ ഷെഡിലാണ് അന്തിയുറങ്ങുന്നത്.
ചായ്യോത്ത് ബസാറിലെ കടവരാന്തയിൽ രാത്രി വൈകുവോളം ആരെയോ കാത്തിരിക്കുന്നതുപോലെ കരീം ഇരിക്കുന്നുണ്ടാവും. സുഹൃത്തുക്കളുടെയും പരിചയക്കാരുടെയും കനിവിൽ തപ്പിത്തടഞ്ഞാണ് ജീവിതം മുന്നോട്ട് നീങ്ങുന്നത്. സാമ്പത്തികമായി മെച്ചപ്പെട്ട സ്ഥിതിയിലുള്ള കുടുംബമായിരുന്നു അബ്ദുൽകരീമിൻേറത്. ഇദ്ദേഹത്തിന് കുവൈത്തിലെ സ്വകാര്യ കമ്പനിയിൽ തരക്കേടില്ലാത്ത ജോലിയുണ്ടായിരുന്നു. ഗൾഫ് യുദ്ധകാലത്ത് തിരികെ വരേണ്ടിവന്നെങ്കിലും പിന്നീട് വീണ്ടും കുവൈത്തിലെത്തി രണ്ടുവ൪ഷത്തോളം ജോലി ചെയ്തു.
ഇതിനിടെ, ജോലി നഷ്ടപ്പെട്ട് കരീമിന് നാട്ടിലേക്ക് മടങ്ങേണ്ടിവന്നു. മാസങ്ങൾക്കകം കാഴ്ചശക്തി മങ്ങിത്തുടങ്ങി. പ്രമേഹവും രക്താതിസമ്മ൪ദവും മൂ൪ച്ഛിച്ചതാണ് കാരണമെന്ന് ഡോക്ട൪മാ൪ പറയുന്നു. ഇപ്പോൾ രണ്ട് കണ്ണുകളും കാഴ്ച നഷ്ടപ്പെട്ട അവസ്ഥയിലാണ്.
സഹായത്തിനാരുമില്ല. പട്ടിണിയുടെ വക്കിലെത്തിയപ്പോൾ പലേടത്തും ജോലിക്കുവേണ്ടി ശ്രമിച്ചെങ്കിലും ഒന്നും ഫലപ്രദമായില്ല. മാവുങ്കാലിലെ ചായക്കടക്കാരൻ ജോലി നൽകാൻ തയാറായെങ്കിലും കാഴ്ചയില്ലായ്മ പണികളിലെ കൃത്യതക്ക് തടസ്സമായി. രണ്ട് ദിവസത്തിനകം അവിടെനിന്ന് ജോലി മതിയാക്കി മടങ്ങേണ്ടിവന്നു.
വിദഗ്ധ ചികിത്സ ലഭിച്ചാൽ കണ്ണുകളെ പൂ൪വ സ്ഥിതിയിലാക്കാനാവുമെന്നാണ് ഡോക്ട൪മാരുടെ അഭിപ്രായം. കണ്ണുകളിലൊന്നിന് ലേസ൪ ചികിത്സയും മറ്റൊന്നിന് ശസ്ത്രക്രിയയും നി൪ദേശിച്ചിട്ടുണ്ട്. ഇതിന് അരലക്ഷത്തോളം രൂപ ചെലവ് വരും.
പക്ഷേ, ഗുളിക വാങ്ങാൻപോലും ഗതിയില്ലാത്ത സ്ഥിതിയിലാണ് താനെന്ന് കരീം പറയുന്നു. മറ്റുള്ളവ൪ക്ക് മുന്നിൽ കൈ നീട്ടി ചെല്ലാനും മനസ്സ് അനുവദിക്കുന്നില്ല. ബന്ധുക്കളും സഹായിക്കാൻ കഴിയുന്ന അവസ്ഥയിലല്ല. കുടുംബത്തിൻെറ തക൪ച്ച ഇദ്ദേഹത്തെ മാനസികമായി തള൪ത്തിയിരിക്കയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.