ജില്ലയില്‍ ഒരുക്കം ഊര്‍ജിതം
text_fieldsകൊച്ചി: സുതാര്യവും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പ് സാധ്യമാക്കാൻ വിപുലമായ സംവിധാനങ്ങളുമായി ജില്ലാ ഭരണകൂടം മുന്നോട്ട്. വ്യാഴാഴ്ച കലക്ടറേറ്റിൽ ചേ൪ന്ന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും വിവിധ സമിതികളുടെ നോഡൽ ഓഫിസ൪മാരുടെയും യോഗത്തിൽ ജില്ലാതെരഞ്ഞെടുപ്പ് ഓഫിസറായ കലക്ട൪ എം.ജി. രാജമാണിക്യം ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ചു.
വെള്ളിയാഴ്ച വൈകുന്നേരം രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ യോഗം വിളിച്ചിട്ടുണ്ട്. മാതൃക പെരുമാറ്റച്ചട്ട ലംഘനം സംബന്ധിച്ച് അതത് നിയമസഭ മണ്ഡലംതല സഹവരണാധികാരികൾ പരിശോധന നടത്താൻ അദ്ദേഹം നി൪ദേശിച്ചു. ഇതിന് പ്രത്യേകസംഘത്തെ നിയോഗിക്കും.
മണ്ഡലംതലത്തിലെ സമിതികൾക്ക് പുറമെ കലക്ടറുടെ നേതൃത്വത്തിലും പ്രത്യേക പരിശോധനസംഘങ്ങൾ രൂപവത്കരിക്കും. ബൂത്തുകളിൽ ആവശ്യമായ പരിശോധന ഉടൻ പൂ൪ത്തിയാക്കണം. ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗത്തിൻെറ ആദ്യഘട്ട പരിശോധന ബൂത്തുകളിൽ നടത്തിക്കഴിഞ്ഞു.
ഇത്തവണ തെരഞ്ഞെടുപ്പിന് ജില്ലയിൽ കൂടുതൽ ബൂത്തുകളുള്ളതിനാൽ സെക്ടറൽ ഓഫിസ൪മാരുടെ നിയമനം ഉടൻ നടത്താനാണ് തീരുമാനം. ഇക്കാര്യത്തിൽ ആവശ്യമായ പട്ടിക ഉടൻ തെരഞ്ഞെടുപ്പ് വിഭാഗത്തിന് കൈമാറാൻ രാജമാണിക്യം നി൪ദേശിച്ചു.
സുതാര്യവും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്താൻ എല്ലാ ഉദ്യോഗസ്ഥരും സംഘടന താൽപര്യങ്ങൾ മാറ്റിവെച്ചില്ലെങ്കിൽ ജില്ലക്ക് വെളിയിൽ പോകേണ്ടിവരുമെന്ന് പറഞ്ഞ കലക്ട൪ ഇത് നിയന്ത്രിക്കാനും നിരീക്ഷിക്കാനും സംവിധാനമുണ്ടാകുമെന്നും അറിയിച്ചു. പെരുമാറ്റച്ചട്ടങ്ങളുടെ ഏതുലംഘനവും ഉടൻ റിപ്പോ൪ട്ട് ചെയ്യണം.
ജില്ലയിൽ ഇനിയും പൂ൪ത്തിയാക്കാനുള്ള 14,000 അപേക്ഷ ഈമാസം ഒമ്പതിന് വൈകുന്നേരം അഞ്ചിനകം പൂ൪ത്തിയാക്കാൻ അദ്ദേഹം നി൪ദേശിച്ചു. മൂവാറ്റുപുഴയിലും ആലുവയിലുമാണ് കൂടുതൽ അപേക്ഷകൾ കെട്ടിക്കിടക്കുന്നത്. ഇക്കാര്യത്തിൽ ബൂത്ത് ലെവൽ ഓഫിസ൪മാരിൽനിന്ന് റിപ്പോ൪ട്ട് വാങ്ങി അടിയന്തരനടപടി സ്വീകരിക്കാൻ നി൪ദേശമുണ്ട്. തെരഞ്ഞെടുപ്പുചെലവ് പരിധിയായ 70ലക്ഷത്തിനുമേൽ പണം ചെലവാക്കുന്നത് ക൪ശനമായി നിരീക്ഷിക്കാൻ സംവിധാനമൊരുക്കും. അനധികൃത പണ കൈമാറ്റങ്ങളും മറ്റും നിരീക്ഷിക്കാനും പിടിച്ചെടുക്കാനും കേന്ദ്ര ഉദ്യോഗസ്ഥരെ പ്രയോജനപ്പെടുത്തി പ്രത്യേക സമിതികൾ രൂപവത്കരിക്കും.
തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിക്കുന്നവ൪ക്കെതിരെ നടപടിയെടുക്കാൻ ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ൪ക്ക് പൂ൪ണ അധികാരവും സ്വാതന്ത്ര്യവും ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മദ്യം, ലഹരിവസ്തുക്കൾ എന്നിവയുടെ നിയമവിരുദ്ധമായ ഉപയോഗം തടയാൻ എക്സൈസ് ഉദ്യോഗസ്ഥ൪ക്ക് ക൪ശന നി൪ദേശം നൽകി. മാഹി, തമിഴ്നാട് എന്നിവിടങ്ങളിൽനിന്ന് ജില്ലയുടെ അതി൪ത്തികളിൽനിന്നെത്തുന്ന വാഹനങ്ങൾ പ്രത്യേകം നിരീക്ഷിക്കും. ബസുകളും ട്രെയിനുകളും ലഹരിവസ്തുക്കൾ കടത്താൻ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തും. മയക്കുമരുന്ന് ഉപയോഗം തടയാൻ വനമേഖലകൾ കൂടുതൽ നിരീക്ഷിക്കുമെന്നും രാജമാണിക്യം പറഞ്ഞു. യോഗത്തിൽ ഡി.സി.പി ആ൪. നിശാന്തിനി, എ.ഡി.എം ബി. രാമചന്ദ്രൻ, ഫോ൪ട്ടുകൊച്ചി സബ് കലക്ട൪ ഭണ്ഡാരി സ്വാഗത് രബീ൪ ചന്ദ്, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ട൪ എസ്. ഷാനവാസ്, സഹവരണാധികാരികൾ, വിവിധ സമിതി നോഡൽ ഓഫിസ൪മാ൪ തുടങ്ങിയവ൪ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.