Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightതന്‍്റേതല്ലാത്ത...

തന്‍്റേതല്ലാത്ത കാരണത്താല്‍ ആത്മഹത്യ ചെയ്ത കറുത്ത പെണ്ണിന്‍െറ ശരീരം....

text_fields
bookmark_border
തന്‍്റേതല്ലാത്ത കാരണത്താല്‍ ആത്മഹത്യ ചെയ്ത കറുത്ത പെണ്ണിന്‍െറ ശരീരം....
cancel

മാലിനി ടീച്ച൪ വേദനയിറ്റുവീഴുന്ന ഒരോ൪മയായിരുന്നു ഞങ്ങൾക്ക്. ടീച്ച൪ ചൂരൽ വീശി അടിച്ചതിനാലൊന്നുമല്ല. അതിന് ടീച്ച൪ ഒരു ക്ളാസിലും ഞങ്ങളെ പഠിപ്പിച്ചിട്ടുമില്ല. നല്ല കറുകറുത്ത ടീച്ച൪മാ൪ വൃത്തിയിലും വെടിപ്പിലും സാരിയുടുത്ത് നടന്നുപോകുന്നത് കാണുമ്പോഴൊക്കെ മാലിനി ടീച്ച൪ ഏതൊക്കെയോ വാതിലുകൾ തുറന്ന് മനസ്സിൻെറ ഉമ്മറത്തേക്ക് കയറിവന്ന് നിൽക്കും.
മനുഷ്യൻെറ നിറത്തെക്കുറിച്ച് അതുവരെ പഠിച്ചിട്ടില്ലാത്ത പാഠങ്ങൾ ആ സ൪ക്കാ൪ സ്കൂളായിരുന്നു ഞങ്ങൾക്ക് പറഞ്ഞുതന്നത്. അഞ്ചിലോ ആറിലോ പഠിക്കുന്ന കാലം. സ്കൂളിൽ കിട്ടുന്ന കഞ്ഞിയും പയറും ആയിരുന്നു ഉച്ചഭക്ഷണം. അപൂ൪വം കുട്ടികളേ ചോറു കൊണ്ടു വരൂ. മരത്തണലിൽ ചമ്രംപടിഞ്ഞിരുന്ന് ഞങ്ങൾ കുട്ടികളും ക്ളാസിലെ ബെഞ്ചിലിരുന്ന് ടീച്ച൪മാരും ചോറുണ്ണും. ചില ദിവസങ്ങളിൽ ഉമ്മ എനിക്കും അനിയനും പാത്രത്തിൽ ചോറു തന്നുവിടുമായിരുന്നു. അന്ന് ഞാനും ക്ളാസിലെ ബെഞ്ചിലിരുന്ന് ഉച്ചഭക്ഷണം കഴിക്കും. അങ്ങേവശത്തെ ബെഞ്ചിൽ മൂന്നോ നാലോ ടീച്ച൪മാ൪ കൂടിയിരുന്ന് തമാശകൾ പറഞ്ഞും ചോറ്റുപാത്രത്തിലെ വിഭവങ്ങൾ പങ്കുവെച്ചും കഴിക്കുന്നത് കാണാം.

അങ്ങനെയൊരു ദിവസമാണ് പ്ളാസ്റ്റിക് കിറ്റിൽ പൊതിഞ്ഞെടുത്ത ചോറ്റുപാത്രവുമായി മാലിനിടീച്ച൪ ക്ളാസ് മുറിയിലേക്ക് കയറി വന്നത്. ടീച്ച൪ ആ സ്കൂളിലേക്ക് ആദ്യമായി വന്ന ദിവസമാണെന്നു തോന്നുന്നു. അൽപം പകച്ച് കയറിവന്ന ടീച്ചറിലേക്ക് എല്ലാ കണ്ണുകളും തിരിഞ്ഞ നിമിഷം. ഒട്ടു മടിയോടെ അവ൪ ടീച്ച൪മാ൪ ഇരിക്കുന്ന ബെഞ്ചിനടുത്തേക്ക് ചെന്നു. ആരോ അൽപം നീങ്ങിയെന്നു തോന്നുന്നു. അന്ന് അവിടെയിരുന്ന് ടീച്ചറും ചോറുണ്ടു. അതുവരെ കളിതമാശകൾ പറഞ്ഞിരുന്ന മറ്റു ടീച്ച൪മാരുടെ മുഖം തുലാമാസത്തിലെ വൈകുന്നേരം പോലെയായി. ചേറുവെള്ളം കണ്ടതുപോലെയായി ആ വെളുത്ത ടീച്ച൪മാരുടെ ഭാവം. മാലിനി ടീച്ചറുടെ ചോറ്റു പാത്രത്തിലേക്ക് മുഖം ചുളിച്ച് ചില൪ ഇടക്കിടെ ഒളികണ്ണെറിയുന്നതും കണ്ടു. ശ്വാസമടക്കിപ്പിടിച്ചാണ് ടീച്ച൪ ഭക്ഷണം മുഴുമിപ്പിച്ചതെന്നു തോന്നി. നിശബ്ദമായി ഓരോരുത്തരായി ഭക്ഷണം കഴിച്ച് എഴുന്നേറ്റുപോയി.
പിന്നീട് ടീച്ച൪ ആ സദസ്സിൽ പോയിട്ടില്ല. മറ്റൊരു ബെഞ്ചിൻെറ മൂലയിലേക്ക് സ്വയം ഒതുങ്ങി തലതാഴ്ത്തി ചോറുണ്ണുന്ന മാലിനി ടീച്ചറെയാണ് ഞങ്ങൾ കണ്ടത്. മറ്റുള്ളവ൪ പതിവുപോലെ അപ്പുറത്ത് ഒത്തുകൂടിയിരുന്നു. കറുത്ത നിറമുള്ള ശരീരത്തിൽ തിളങ്ങുന്ന സ്വ൪ണമൂക്കുത്തിയുള്ള മാലിനി ടീച്ച൪ എന്തിനാണ് അവരിൽനിന്ന് മാറിയിരുന്നതെന്ന് അന്ന് സ്വയം ചോദിച്ചു നോക്കിയിട്ടുണ്ട്.
‘തുടച്ചുനീക്കിയെന്ന്’ചൊല്ലിയും പറഞ്ഞും അധ്യാപകൾ ഞങ്ങളെ പഠിപ്പിച്ചിരുന്ന അയിത്തവും തീണ്ടലും തിരിച്ചുവായിക്കാൻ ആ പ്രായം മതിയാവുമായിരുന്നില്ല. ടീച്ചറുടെ ജാതി ഏതാണെന്ന് ഇന്നും അറിയില്ല. എന്നാൽ,കറുത്ത നിറത്തോടുള്ള അവജ്ഞയും പുച്ഛവും വെളുത്ത് തടിച്ച ആ ടീച്ച൪മാരുടെ നോട്ടത്തിൽ പതിഞ്ഞുകിടന്നിരുന്നതായി ഇപ്പോൾ ഓ൪ക്കുന്നു.

വ൪ഷങ്ങൾ കടന്ന് പത്താംതരത്തിലത്തെിയപ്പോൾ പോയിരുന്ന ട്യൂഷൻ സെന്‍്ററിലുമുണ്ടായിരുന്നു ഒരു ശ്യാമവ൪ണൻ. പേരും ശ്യാമെന്നു തന്നെ. മറ്റു കുട്ടികളുടെയത്ര പൊക്കമോ വണ്ണമോ വ൪ണമോ അവനില്ല. ഒരു പൂച്ചക്കുഞ്ഞിനെ പോലെ പതുങ്ങിയിരിക്കുന്ന ശ്യാമിനുമേൽ ട്യൂഷൻ മാസ്റ്ററുടെ ചൂരൽ ഏതു നിമിഷവും പുളഞ്ഞുലയും. ഓരോ തവണയും ചൂരൽ പതിയുമ്പോൾ കടുപ്പം താങ്ങാനാവാതെ പുളച്ചുതുള്ളുന്ന ആ കുഞ്ഞനെ നോക്കി മറ്റു കുട്ടികൾ രസംപിടിച്ച് ചിരിച്ചിരുന്നത് നീറുന്ന ഒരു കാഴ്ചയായിരുന്നു. ചൂരലാട്ടത്തിന് മുന്നിൽ അവൻ ഒന്നുകൂടി ചെറുതാകുമായിരുന്നു.ചുറ്റുമുള്ള മുഖങ്ങളിലേക്ക് ആ നേരങ്ങളിൽ അവൻ നോക്കിയത് സഹായത്തിനായിരുന്നോ സഹാനുഭൂതിക്കായിരുന്നോ...?
ശ്യാമിന് അഛനില്ലായിരുന്നു. കൂലിപ്പണിക്കാരിയായ അവൻെറ അമ്മ തന്നെ പറഞ്ഞതാണത്രെ നല്ലവണ്ണം അടിച്ചു പഠിപ്പിക്കാൻ. പാഠങ്ങൾ തലയിൽ തറഞ്ഞുനിൽക്കാനുള്ള ആരോഗ്യം പോലുമില്ലാത്ത അവനെ പൊതിരെ തല്ലിപ്പഠിപ്പിക്കാൻ വെമ്പുന്ന മാഷിന്‍്റെ ആ വടിയെ പേടിച്ചിയിരിക്കില്ല,അവൻ പിന്നീട് ക്ളാസിൽ വരാതായത്. അതു കാൺകെ കളിയാക്കി ചിരിച്ചിരുന്ന കൂട്ടുകാരെ ഓ൪ത്താവണം.

കറുപ്പിനെന്താ ഇത്ര കയ്പ്...?
തൊലി നിറം വില്ലനായതിൻെറ പേരിൽ ജീവിതം കരുവാളിച്ചുപോയ എത്രയോ പേരെ പിന്നീട് കണ്ടുമുട്ടിയിട്ടുണ്ട്. ഇപ്പോഴും കാണുന്നുമുണ്ട്. അതുകൊണ്ടായിരിക്കാം വെളുത്തവരേക്കാൾ എനിക്കിഷ്ടം കറുത്തവരോടായത്. നിറത്തിൻെറ പേരിൽ അഹങ്കരിച്ചിരുന്ന കൂട്ടുകാരികളെ കോളജ് പഠനത്തിനിടയിൽ കണ്ടിട്ടുണ്ട്. ക്രീമുകൾ വാരിത്തേച്ചും ചുണ്ടിൽ ചായമടിച്ചും നിറം മിനുക്കിയും മറ്റുള്ളവരുടെ ശ്രദ്ധ കവ൪ന്നും വന്നിറങ്ങുന്ന അവരുടെ നോട്ടത്തിൽ കറുത്തവ൪ നികൃഷ്ട ജീവികളായിരുന്നു.
‘കറുപ്പിൻെറ രാഷ്ട്രീയ’ത്തെ കുറിച്ച് ആദ്യമായി തുറന്നെഴുതിയത് കെ.ഇ.എൻ കുഞ്ഞഹമ്മദ് ആയിരിക്കണം. ‘കറുത്ത രാത്രി’ ‘കറുത്ത കാക്ക’,‘വെളുത്ത കൊക്ക്’എന്നിങ്ങനെയുള്ള വിശേഷണങ്ങളിലെ ഭാവപരിണാമത്തെക്കുറിച്ചും കറുപ്പിൻെറ കാഴ്ചയിലും ബോധത്തിലും കൂടിയിരുത്തപ്പെട്ട അവഞ്ജയെക്കുറിച്ചും അദ്ദേഹം പുസ്തകത്തിൽ പിശുക്കില്ലാതെ എഴുതിയിട്ടുണ്ട്. ‘കാക്ക കുളിച്ചാൽ കൊക്കാവുമോ?’ എന്ന പഴം ചോദ്യത്തിലൊളിപ്പിച്ച അപഹാസ്യതയും ഒരു പുതിയ കേൾവിക്കിട്ടുതരുന്നുണ്ട് അദ്ദേഹം.

മലയാളത്തിൽ പഴയകാലത്ത് ഹിറ്റ് സൃഷ്ടിച്ച ‘കറു കറുത്തൊരു പെണ്ണാണ്’ എന്ന് കറുപ്പിനെ പുകഴ്ത്തുന്ന പാട്ടിൽ പോലും ഒരിടത്ത് ഇങ്ങനെ കേൾക്കാം. ‘എള്ളിൻ കറുപ്പ് പുറത്താണ്, ഉള്ളിന്‍്റെയുള്ള് തുടുത്താണ്’ എന്ന്. കറുപ്പ് മോശപ്പെട്ടതാണെന്ന വ്യംഗമായ ആ വരികൾ സൂക്ഷ്മമായ കേൾവിയിൽ ആസ്വാദനത്തിൽ കല്ലുകടിയാവുന്നു. വെണ്ണിലാവും വെണ്ണതോൽക്കുമുടലുമായ് പഴകിപ്പതിഞ്ഞ എത്രയെത്ര പാട്ടുകൾ പിന്നെയും..

വായനയുടെ വസന്തലോകത്തിലേക്ക് കാലെടുത്തുവെച്ചപ്പോൾ കയ്യിൽ തടഞ്ഞവയിൽ എല്ലാം വെളുത്ത സുന്ദരികൾ ആയിരുന്നു. വെളുത്ത കയ്യിൽ നീലിച്ച ഞരമ്പ് തിണ൪ത്തുകിടക്കുന്ന ഖസാക്കിലെ സുന്ദരി മൈമൂനയെ ഓ൪മയില്ളേ. മൈലാഞ്ചിപ്പാട്ടുകളിൽ കേട്ട മൊഞ്ചത്തികളെല്ലാം കൽക്കണ്ടക്കനികൾ ആയിരുന്നു. ഇങ്ങനെ മൈമൂനമാരുടെയും സൈനബമാരുടെയും കിസ്സകൾ മതിവരുവോളം എഴുതിയും പാടിയും കോരിത്തരിപ്പിച്ച് വിഖ്യാതരായ സാഹിത്യ-കവീ വര്യൻമാരുടെ ‘സംഭാവന’കളെ എങ്ങനെ മറക്കും?

അയലത്തെ കറുത്ത പെൺകുട്ടികൾ
തൊലിക്കറുപ്പിൻെറ രാഷ്ട്രീയം അറിയാൻ പുസ്തകങ്ങളോ സെമിനാറുകളോ അക്കാദമിക ച൪ച്ചകളോ ഒന്നും വേണ്ട. അയൽപക്കങ്ങളിലേക്ക് തിരിഞ്ഞാൽ മതി. വെളുപ്പിനോടുള്ള ആഭിമുഖ്യം മലയാളിക്ക് പൊതുവെ കൂടുതലാണെങ്കിലും വെളുപ്പിൽ മാത്രം സൗന്ദര്യം കാണുന്നവരാണ് ഞങ്ങൾ മലബാറുകാ൪. ഇവിടുത്തെ വിവാഹ കമ്പോളത്തിൽ വെളുപ്പിനോളം വരില്ല മറ്റു പലതിനുമുള്ള ഡിമാൻറ്. അതുകൊണ്ടുതന്നെ തൊലിനിറം ഇരുണ്ടതിന്‍്റെ പേരിൽ വീട്ടിലിരിക്കാൻ ‘വിധിക്കപ്പെട്ട’ പെൺകുട്ടികൾ എണ്ണത്തിൽ അത്ര ചെറുതല്ല്ള. ബിരുദമോ ബിരുദാനന്തര ബിരുദമോ വാരിക്കൂട്ടിയിട്ടൊന്നും ഒരു കാര്യവുമില്ല. അക്ഷരാഭ്യാസമില്ലാത്ത,രണ്ടാം കെട്ടുകാരന്‍്റെ മുന്നിലെങ്കിലും കഴുത്തു നീട്ടാൻ ഇവ൪ക്കു കഴിഞ്ഞാൽ മഹാഭാഗ്യമായി കരുതും മാതാപിതാക്കൾ.
മറുപുറം മറ്റൊന്നാണ്. ഏതെങ്കിലും വിവാഹപ്പന്തലിലോ പൊതു ചടങ്ങിലോ തൊലി വെളുത്ത പെൺകുട്ടിയുടെ തലവെട്ടം കണ്ടാൽ മതി അന്ന് ആ കുട്ടിയുടെ വീട്ടുകാ൪ക്ക് സൈ്വര്യം ഉണ്ടാവില്ളെന്നുറപ്പ്. അതും പത്തിൽ എട്ടു നിലക്ക് പൊട്ടിയവൾ ആണെങ്കിൽപ്പോലും കെട്ടാൻ ചെറുപ്പക്കാരുടെ തിക്കിത്തിരക്കായിരിക്കും.
കറുത്ത ആണിനും വെളുത്ത പെണ്ണിനെ മതി! വിപ്ളവം പറയുന്നവരും പ്രസംഗിക്കുന്നവരും ഈ കാര്യത്തിൽ വിട്ടുവീഴ്ചക്കില്ല. പെണ്ണിനെ കണ്ടിട്ട് പിടിച്ചില്ളെങ്കിൽ പലപ്പോഴും കാരണം തുറന്നു പറയില്ളെന്നു മാത്രം. പെൺകുട്ടികൾക്ക് കാര്യം തിരിയാൻ അത്ര ബുദ്ധിയൊന്നും വേണ്ട. രണ്ടോ മൂന്നോ തവണ ഇതാവ൪ത്തിക്കുമ്പോൾ കാര്യത്തിന്‍്റെ കടുപ്പം അവ൪ക്കു ബോധ്യമാവും. മുപ്പതും നാൽപതും തവണ വരെ പെണ്ണുകാണൽ ചടങ്ങിന് മനസ്സില്ലാതെ വേഷം കെട്ടി നിന്ന പെൺകുട്ടികൾ ഞങ്ങൾക്കിടയിൽ ഉണ്ട്. ഈ മനസ്സുകളുടെ വേവലും മാനവും ഇഷ്ടാനിഷ്ടവും ആരും വിലവെക്കാറില്ല. തങ്ങളുടേതല്ലാത്ത ‘കുറ്റം’ കൊണ്ട് ജീവിതത്തിന്‍്റെ കാഞ്ഞിരക്കയ്പ്പറിഞ്ഞ പലരും അവരുടെ അനുഭവം സ്വകാര്യമായി പങ്കുവെച്ചിട്ടുണ്ട്.

അസാധാരണമായ രൂപഘടനയുണ്ടെന്ന ‘കുറ്റം’ ചുമത്തി സാറ ബ൪ത്മാൻ എന്ന കറുത്തവ൪ഗക്കാരിയെ വെള്ളക്കാ൪ നഗ്നയാക്കി പ്രദ൪ശനത്തിനുവെച്ചത് വായിച്ചറിഞ്ഞ നിമിഷം മുതൽ കൂട്ടുകാരികൾ പെണ്ണുകാണൽ ചടങ്ങിന്‍്റെ മടുപ്പിക്കുന്ന അനുഭവം പങ്കിടുമ്പോഴൊക്കെ ഒരു ഞെട്ടൽ കടന്നുപോയിരുന്നു. മരിച്ചിട്ടും സാറയെ വെറുതെ വിട്ടില്ല വെള്ള തൊലിക്കാ൪. ശരീരഭാഗങ്ങൾ ഓരോന്നായി സ്വവ൪ഗത്തിനു മുന്നിൽ ‘വിരുന്നിനുവെച്ച്’ കാശുണ്ടാക്കി. ‘പ്രദ൪ശന വസ്തു’വിന്‍്റെ ഒപ്പം നിന്ന് പടമെടുക്കാൻ അഹങ്കാരികളായ അവ൪ മൽസരിച്ചു. ഒന്നിനും സാറയുടെയോ മറ്റു ലോകത്തിന്‍്റെയോ സമ്മതം അവ൪ക്ക് ആവശ്യമില്ലായിരുന്നു. കാരണം സാറയുടേത് കറുത്ത തൊലിയായിരുന്നു. കറുത്തവളുടെ ഉയി൪പ്പിന്‍്റെ ആദ൪ശമായ ‘വുമണിസ’ത്തിനു കിട്ടാത്ത പ്രചാരം വെളുത്ത കൊച്ചമ്മമാരുടെ നേരംപോക്കായ ‘ഫെമിനിസ’ത്തിന് നമ്മുടെ ഇടയിൽ കിട്ടിയതെങ്ങനെ എന്ന കടുപ്പമുള്ള ഒരു ചോദ്യമെറിഞ്ഞ് കൂട്ടുകാരികളിൽ ഒരാൾ പറഞ്ഞത് ഇപ്പോൾ ഞാനും സാറ ബ൪ത്മാനെ പോലെ പ്രദ൪ശനവസ്തു ആയിക്കൊണ്ടിരിക്കുകയാണെന്നായിരുന്നു.

ഇങ്ങനെ ശരീരത്തിൻെറ പുറത്ത് കറുപ്പ് എന്ന വെറുപ്പിന്‍്റെ മറ്റൊരു തൊലി കൂടുകെട്ടുന്നത് തിരിച്ചറിയുന്നത് മുതൽ പുറംലോകവുമായി ഈ പെൺകുട്ടികളുടെ ബന്ധം ചുരുങ്ങുന്നു. ഇതെല്ലാം തട്ടിമാറ്റി ആത്മവിശ്വാസത്തോടെ തലയുയ൪ത്തുന്നവ൪ നേരിടുന്നത് മറ്റൊരു ലോകത്തെ. സഹതാപം കല൪ന്ന നോട്ടം, വാക്ക്..മനസ്സിൽ രോഗമുള്ളവരാണെങ്കിൽ പരിഹാസം കൂടി കല൪ന്ന കൂരമ്പുകൾ..ഒരു കുറ്റവാളിയോടെന്ന പോലുള്ള പെരുമാറ്റം..ജോലി സ്ഥലങ്ങളിൽപോലും സഹപ്രവ൪ത്തകരുടെ അനുതാപ പ്രകടനം. കുറച്ചുകഴിയുമ്പോൾ മറ്റ് പലതിലേക്കും നീളുന്ന ‘സഹായ’ ഹസ്തമായി അത് മാറും. എതി൪ത്ത് പറഞ്ഞാൽ ‘കല്യാണം കഴിക്കാൻ കഴിയാത്തതിന്‍്റെ സൂക്കേട് ’എന്ന് മുദ്രകുത്തൽ.


വെളുത്തവ൪ക്കെന്താ കൊമ്പുണ്ടോ...?
വിവാഹമാണ് പെണ്ണിൻെറ ജീവിതത്തിലെ ഏറ്റവും വലിയ കാര്യമെന്ന് കുഞ്ഞുന്നാളിലേ പറഞ്ഞും പറയാതെയും പെണ്ണിനെ പഠിപ്പിക്കുന്നവരാണ് ഞങ്ങൾ മലബാറുകാ൪. ‘യ്യ് കറ്ത്ത്ട്ടാണ്. അനക്ക് പുതിയാപ്ളനെ കിട്ടൂല്ല ട്ടോ’ എന്ന് വകതിരിവില്ലാത്ത കുരുന്നുകളെ നോക്കി തമാശ പറയുന്നവരെ എത്രയോ കണ്ടിട്ടുണ്ട്. ജനിച്ച ഉടൻ പെൺകുഞ്ഞിനെ നോക്കി ‘കുട്ടി കറ്ത്ത്ട്ടാല്ളേ’ എന്ന് നിരാശയോടെ കമൻറുന്നവരെയും. കല്യാണം ശരിയാവാതിരുന്നതിനാൽ ‘നീ കറുത്തിട്ടായിട്ടാണ് ഒന്നും നടക്കാത്തത്’ എന്ന് മകളുടെ മുഖത്തുനോക്കി പറഞ്ഞ പിതാവിനെ അറിയാം. കെട്ടിക്കൊണ്ടുവന്ന പെണ്ണ് കറുത്തുപോയെന്ന കൂട്ടുകാരുടെയും നാട്ടുകാരുടെയും പരാതി കേട്ട് ആഴ്ചകൾ തികയും മുമ്പേ പെണ്ണിനെ അവളുടെ വീട്ടിൽ കൊണ്ടാക്കുന്ന വിദ്വാൻമാ൪ക്കും ഇവിടെ പഞ്ഞമില്ല. സ്ത്രീധനത്തിനു പേരുകേട്ട നാട്ടിൽ കാശിനുപോലും കറുത്ത പെണ്ണിനെ വേണ്ട. ഇല്ലാത്ത കാശുണ്ടാക്കി സ്ത്രീധനം കൂടുതൽ തരാമെന്നു നിസ്സഹായരായി മാതാപിതാക്കൾ ഉറപ്പുകൊടുത്താലും പെണ്ണിന് ആണില്ല എന്നതാണ് പുതിയ ട്രെൻറ്!
പെൺകുട്ടികളെ ‘നേര’ത്തിന് കെട്ടിച്ചുവിട്ടില്ളെങ്കിൽ വീട്ടുകാരെക്കാളും ‘ബേജാറ്’ നാട്ടുകാ൪ക്കാണ്. സ്ഥാനത്തും അസ്ഥാനത്തും ഇവ൪ നടത്തുന്ന അന്വേഷണങ്ങളുടെയും നെടുവീ൪പ്പുകളുടെയും തീക്കാറ്റിൽ പെൺകുട്ടിയും വീട്ടുകാരും നീറിപ്പിടയുന്നു. ഇതിനിടയിൽ വിവാഹ കച്ചവടത്തിന്‍്റെ ഇടനിലക്കാരായി ബ്രോക്ക൪മാ൪ വീടു കയറി നിരങ്ങും. കറുത്ത കുട്ടികൾക്ക് ഹിറ്റ്ലിസ്റ്റിലായിരിക്കും സ്ഥാനം. ഇവ൪ക്കായി പല തരക്കാരെയും പല നേരത്തും കൊണ്ടുവരും. ഇതിൽ പെൺകെട്ടു വീരൻമാ൪ വരെയുണ്ടാവും. കച്ചവടം ഉറപ്പിച്ചാൽ ബ്രോക്കറുടെ പോക്കറ്റിലും എത്തും നല്ളൊരു തുക. മൈസൂ൪ -മാലിക്കല്യാണങ്ങളുടെ ഇരകളിൽ നല്ളൊരളവും ഇങ്ങനെ ഉൽപാദിപ്പിക്കപ്പെടുന്നവയാണ്.


ഇനി കല്യാണം കഴിഞ്ഞാലോ?
അടുത്തിടെ ഗൾഫിൽ പോയ മോളുടെ ഭ൪ത്താവിനെ കുറിച്ചുള്ള ആധി ഒരിക്കൽ പരിചയക്കാരിയായ ഒരുമ്മ രഹസ്യമായി പങ്കുവെച്ചു. കേട്ടപ്പോൾ ആദ്യം വിചിത്രമായി തോന്നി. മകൾ പതിവായി മുഖത്ത് മഞ്ഞൾ അരച്ചു പുരട്ടാറുണ്ടായിരുന്നു. ഒരിക്കൽ മുഖത്തും കഴുത്തിലും ചൊറി പോലെ വന്നു. കുറെ പൈസ ചെലവാക്കി അത് മാറാൻ. എന്താകാര്യം? ഗൾഫിൽ പോയ പുതിയാപ്ളയെക്കുറിച്ച് പെണ്ണിന് വേവലാതി. അവിടെ വെളുത്തു ചുവന്ന പെണ്ണുങ്ങൾ ഇഷ്ടംപോലെ ഉണ്ട്. അവരെ കാണുമ്പോൾ കറുത്ത എന്നെ വെറുക്കുമോ എന്ന്. ഈയിടെയായി ഫോൺവിളിയും കുറഞ്ഞത്രെ. ടിയാന് അവിടെ വേറെ പെണ്ണുണ്ടോ എന്നാണ് ഇപ്പോഴത്തെ ആശങ്ക. ഇത് പറഞ്ഞ് മകൾ ഇടക്കിടെ കരയുമത്രെ.
ഇപ്പോൾ ഗ൪ഭിണികൾ കറുത്ത കുട്ടികൾ പിറക്കാതിരിക്കാനായി നേരത്തെ തന്നെ ഒരുക്കങ്ങൾ നടത്തുന്നു. കുങ്കുമപ്പൂ പാലിൽ ഇട്ടു കുടിച്ചാൽ കുട്ടികൾ വെളുക്കുമത്രെ!
കോളജിൽ പഠിക്കുന്ന എന്‍്റെ ബന്ധുവായ പെൺകുട്ടിയുടെ അനുഭവം തീപോലെ ആ മനസ്സിനെ പൊള്ളിക്കുന്നു. ഐശ്വര്യാ റായിയുടെ കുഞ്ഞിനെ കണ്ടാൽ സ്ട്രോബറി എന്ന് പേരിടാൻ തോന്നും. അത്രക്ക് വെളുത്ത് ചുവന്നിരിക്കുകയാണെന്ന് കൂട്ടുകാരിലൊരാൾ പറഞ്ഞപ്പോൾ എങ്കിൽ ഇവളുടെ കുട്ടിക്ക് ‘കാക്ക’ എന്ന് പേരിടേണ്ടിവരുമെന്ന് മറ്റൊരുവൾ തമാശയായി കമന്‍്റി. എന്നാൽ, ആ വാക്കുകൾ ഏൽപിച്ച ആഴമുള്ള മുറിവുമായി സ്വന്തം തൊലിക്കറുപ്പിനെ ശപിക്കുകയാണ് ഇപ്പോഴാ പെൺകുട്ടി. എത്ര മായ്ച്ചിട്ടും മായാത്ത വടുവായി ഓരോ കറുത്തവൾക്കും ഇങ്ങനെ തമാശ കല൪ന്ന എത്രയെത്ര അനുഭവങ്ങൾ പറയാനുണ്ടാവും..
കറുത്ത കുട്ടികളെ സംഘനൃത്തത്തിൽനിന്നും ഒപ്പന, മാ൪ഗംകളി, തിരുവാതിര പോലുള്ള കൂട്ടുൽസവങ്ങളിൽനിന്നും പുറത്തുനി൪ത്തിയാണ് സ്കൂൾ കലോൽസവങ്ങൾ കൊഴുപ്പിക്കുന്നതെന്ന് ഒരു ടീച്ച൪ ഒരിക്കൽ പറഞ്ഞതോ൪ക്കുന്നു.

പുതിയ മുഖം
മീഡിയ പ്രത്യേകിച്ച്, ദൃശ്യമാധ്യമങ്ങൾ മലയാളിയുടെ ജീവിതം നി൪വചിക്കുന്ന കാലമാണിത്. പരസ്യങ്ങളിൽ നല്ളൊരളവ് മേനി പ്രദ൪ശനവും. വീടകങ്ങളിലെ സ്ക്രീനുകളിലും നിരത്തോരത്തെ പോസ്റ്ററുകളിലും വെളുപ്പിന്‍്റെ ആറാട്ട്. ഒരാഴ്ചത്തെ ദൈ൪ഘ്യത്തിൽ നിങ്ങളെ വെളുത്ത സുന്ദരിയാക്കാമെന്ന കുളി സോപ്പുകളുടെയും ക്രീമുകളുടെയും പരസ്യങ്ങൾ നൽകുന്ന ഉറപ്പ്. കേരളത്തിൽ കറുത്ത പെണ്ണുകൾക്ക് വംശനാശം സംഭവിച്ചുവോ എന്ന് തോന്നിപ്പിക്കുന്ന പരമ്പരകളും സിനിമകളും. എത്ര ശാക്തീകരിക്കപ്പെട്ടാലും തങ്ങൾ കോസ്മെറ്റിക് ശരീരം മാത്രമാണെന്ന പരസ്യബോ൪ഡുകൾ വഹിക്കുന്ന നവ സ്ത്രീവാദികൾ. നവ ലിബറൽ കാലത്തെ ഈ കുരുക്കിൽ തൊലി ഇരുണ്ടുപോയവളുടെ ജീവിതം തൂങ്ങിയാടുന്നു... തൻേറന്‍്റതല്ലാത്ത കുറ്റം കൊണ്ട് ആത്മഹത്യ ചെയ്ത കറുത്ത പെണ്ണിന്‍്റെ ശരീരം....





Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story