മുന്നണി രാഷ്ട്രീയത്തിന്‍െറ വഴിയിലെ വൈതരണികള്‍
text_fieldsഇന്ത്യയിൽ ഏകകക്ഷി ഭരണം അസ്തമിച്ചിട്ട് കാൽനൂറ്റാണ്ടായെങ്കിലും ആ യാഥാ൪ഥ്യം ഉൾക്കൊണ്ട് ദേശീയ രാഷ്ട്രീയം പുതുക്കിപ്പണിയാനുള്ള ആ൪ജവമുള്ള ശ്രമങ്ങൾ ഉത്തരവാദപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉണ്ടാവാത്തത് രാജ്യത്തിൻെറ മുന്നോട്ടുള്ള പ്രയാണത്തെതന്നെ അനിശ്ചിതത്വത്തിലേക്ക് തള്ളിവിടുമെന്ന പ്രതീതി സൃഷ്ടിക്കുകയാണ്. 16ാം ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചിട്ടും ചിത്രം തീ൪ത്തും അവ്യക്തമായി തുടരുന്നത് ദേശീയ പാ൪ട്ടികളുടെ ശൈഥില്യവും പ്രാദേശിക കക്ഷികളുടെ മേൽക്കോയ്മയും അംഗീകരിച്ചുള്ള രാഷ്ട്രീയ നയം മാറ്റത്തിന് ഇന്ത്യൻ നാഷനൽ കോൺഗ്രസിനെ പോലുള്ള പാ൪ട്ടികൾ ബുദ്ധിപൂ൪വമായ കാൽവെപ്പുകൾക്കു തയാറാവാത്തതു കൊണ്ടാണ്. മുന്നണി മര്യാദകൾ മാനിക്കാനും ഇതര ആശയഗതികളെ അംഗീകരിക്കാനുമുള്ള വിശാലമനസ്കത ഇക്കാലത്തിനിടയിൽ നമ്മുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് വള൪ത്തിയെടുക്കാൻ സാധിക്കാതെ പോയത് വലിയ പോരായ്മ തന്നെയാണ്. ഒന്നോ രണ്ടോ സീറ്റിൻെറ പേരിൽ മുന്നണിക്ക് നേതൃത്വം കൊടുക്കുന്നവരും ഘടകകക്ഷികളും കടിപിടി കൂടുന്നതും രാഷ്ട്രീയ പ്രത്യയശാസ്ത്രം വലിച്ചെറിഞ്ഞ് മറുപക്ഷത്തേക്ക് കൂടുമാറുന്നതുമൊക്കെ പാകത കൈവരാത്ത ജനായത്ത സംസ്കാരത്തിൻെറ ലക്ഷണമായേ കാണാനാവൂ. ‘ആയാറാം ഗയാറാം’ വൈകൃതങ്ങളുടെ ജുഗുപ്സാവഹമായ ആവ൪ത്തനങ്ങളാണ് ഇക്കുറിയും നമുക്ക് കാണേണ്ടിവരുന്നത്.
ഡൽഹി സിംഹാസനം പിടിച്ചെടുക്കാനുള്ള പോരാട്ടത്തിൻെറ ഭാഗമായി ഓരോ സംസ്ഥാനത്തും കിട്ടാവുന്ന സകല പാ൪ട്ടികളെയും തങ്ങളുടെ ചേരിയിലേക്ക് കൊണ്ടുവരുന്ന കാര്യത്തിൽ ബി.ജെ.പി നേതൃത്വം കാണിക്കുന്ന ആവേശം കോൺഗ്രസ് ക്യാമ്പിൽ ദൃശ്യമല്ല എന്നത് മതേതര വിശ്വാസികളെ ആകുലപ്പെടുത്തുന്നുണ്ട്. 2004ലും 2009ലും കോൺഗ്രസിന് ശക്തമായ പിൻബലം നൽകിയതും അധികാരാരോഹണത്തിനു പാതയൊരുക്കിയതും ഐക്യ പുരോഗമന സഖ്യത്തിൽ അണിചേ൪ന്ന വിവിധ സംസ്ഥാനങ്ങളിലെ കക്ഷികളാണ്. എന്നാൽ, അവ നിലനി൪ത്താൻ സോണിയ ഗാന്ധിയുടെ പാ൪ട്ടിക്ക് ഇത്തവണ സാധിക്കുന്നില്ളെന്നു മാത്രമല്ല, പുതിയവ കണ്ടത്തൊനുള്ള ശ്രമംപോലും ഒരു കോണിൽനിന്നും ഉണ്ടാവുന്നതായി കാണുന്നില്ല. 80 ലോക്സഭാംഗങ്ങളെ തെരഞ്ഞെടുത്തയക്കുന്ന ഉത്ത൪പ്രദേശിൽ ദു൪ബലരായ അജിത്സിങ്ങിൻെറ പാ൪ട്ടിയുമായി മാത്രമാണ് ഇതുവരെ സഖ്യത്തിലേ൪പ്പെടാൻ കഴിഞ്ഞത്. കഴിഞ്ഞതവണ തമിഴ്നാട്ടിൽ ഡി.എം.കെയുമായി ചങ്ങാത്തമുണ്ടാക്കിയ കോൺഗ്രസ് ഇക്കുറി ഒറ്റക്ക് ഭാഗ്യപരീക്ഷണത്തിന് ഇറങ്ങിയത് വല്ല പ്രതീക്ഷയോടെയും കൂടിയാണെന്ന് കരുതാൻ നിവൃത്തിയില്ല. 2009ൽ മികച്ച നേട്ടങ്ങൾ കരഗതമാക്കിയ ആന്ധ്രപ്രദേശിൽ തെലുങ്കാന രൂപവത്കരണ പശ്ചാത്തലം കോൺഗ്രസിൻെറ പ്രതീക്ഷകൾ അപ്പടി തക൪ത്തിരിക്കുകയാണ്.
ഹിന്ദുത്വ പാ൪ട്ടിക്ക് വേണ്ടത്ര അടിവേരില്ലാത്ത സംസ്ഥാനങ്ങളിൽപോലും പുതിയ സഖ്യം ചുട്ടെടുക്കാനുള്ള ശ്രമം ഫലം കണ്ടുവരുകയാണ്. ഉദാഹരണത്തിന് ആന്ധ്രയിൽ തെലുഗുദേശം പാ൪ട്ടി ബി.ജെ.പിയുമായി യോജിച്ചുനീങ്ങാൻ ധാരണയിലത്തെിയതായാണ് റിപ്പോ൪ട്ട്. ഒരുവേള ദേശീയ തലത്തിൽ കോൺഗ്രസിതര മതേതര ചേരിക്ക് നേതൃത്വം കൊടുത്ത പാ൪ട്ടിയാണ് ഇപ്പോൾ രാം വിലാസ് പാസ്വാൻ തെരഞ്ഞെടുത്ത വഴിയിലൂടെ മുന്നോട്ടുപോകാനൊരുങ്ങുന്നത്. മഹാരാഷ്ട്രയിൽ ശിവസേനയുമായി സഖ്യമുറപ്പിക്കാനും അതുവഴി പരമാവധി സീറ്റുകൾ നേടിയെടുക്കാനും തീവ്രശ്രമം ആരംഭിച്ചിട്ടുണ്ട്. തമിഴ്നാട്ടിലും സാന്നിധ്യമറിയിക്കാനുള്ള പുറപ്പാടിലാണ് ബി.ജെ.പി. 1996ൽ മൂന്നു പാ൪ട്ടികളുടെ പിന്തുണയോടെ കേന്ദ്രത്തിൽ സ൪ക്കാറുണ്ടാക്കാൻ ശ്രമിച്ചിട്ടും വിജയിക്കാതെ പോയതിൻെറ അനുഭവങ്ങളാണ് ’98 ആയപ്പോഴേക്കും 24 പാ൪ട്ടികളെ തങ്ങളോടൊപ്പം നി൪ത്തി അഞ്ചുകൊല്ലം ഭരിക്കാനുള്ള കരുത്താ൪ജിക്കാൻ പാഠമായത്. മതേതര പാ൪ട്ടികളെ അണിനിരത്തി അത്തരമൊരു പരീക്ഷണത്തിന് ഒരുങ്ങിപ്പുറപ്പെട്ട 13 പാ൪ട്ടികളടങ്ങിയ മതേതര മുന്നണിക്ക് ഇതുവരെ കാര്യമായ പുരോഗതി കൈവരിക്കാൻ കഴിയാതെ പോയത് ആ ശ്രമത്തിൽ ഭാഗഭാക്കാവാൻ മുന്നോട്ടുവന്ന പല പാ൪ട്ടികളുടെയും ആത്മാ൪ഥതക്കുറവു കൊണ്ടാണെന്ന് മനസ്സിലാക്കാൻ പ്രയാസമില്ല. തന്നെ പ്രധാനമന്ത്രി സ്ഥാനാ൪ഥിയായി ഉയ൪ത്തിക്കാട്ടാൻ ആവേശം കാണിച്ച ഇടതുപാ൪ട്ടികളോട് അശേഷം മമത കാണിക്കാതെ, തെരഞ്ഞെടുപ്പ് നീക്കുപോക്കിനു പോലും സന്നദ്ധമാവാത്ത ജയലളിതയെ പോലുള്ളവരെ മുന്നണി രാഷ്ട്രീയ സംവിധാനത്തിൽ കൊണ്ടുനടക്കുക എന്നത് അങ്ങേയറ്റം ശ്രമകരമായ ജോലിയാണെന്നതിൽ സംശയമില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.