ദത്തെടുക്കല്‍ അപേക്ഷകള്‍ നിരവധി; അനാഥാലയങ്ങള്‍ ദത്തെടുക്കലിനെ പ്രോത്സാഹിപ്പിക്കണം
text_fieldsകൽപറ്റ: സംസ്ഥാനത്ത് നിലവിൽ ദത്തെടുക്കലിനുള്ള 500ഓളം അപേക്ഷകൾ കെട്ടിക്കിടക്കുകയാണെന്നും അനാഥാലയങ്ങൾ ദത്തെടുക്കലിനെ പരമാവധി പ്രോത്സാഹിപ്പിക്കണമെന്നും സംസ്ഥാന മനുഷ്യാവകാശ കമീഷൻ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ എസ്. ശ്രീജിത് പറഞ്ഞു. കൽപറ്റയിൽ ജില്ലയിലെ അനാഥാലയങ്ങളുടെയും അഗതി മന്ദിരങ്ങളുടെയും പ്രവ൪ത്തനത്തെക്കുറിച്ച് നടത്തിയ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തങ്ങൾക്കാരുമില്ലെന്ന അരക്ഷിതബോധത്തോടെയാണ് അനാഥാലയങ്ങളിലെ കുട്ടികൾ ജീവിക്കുന്നത്. 18 വയസ്സ് കഴിഞ്ഞാൽ അനാഥാലയങ്ങളിൽനിന്ന് വിട്ടുപോവുകയും വേണം. ഇത് കടുത്ത പ്രതിസന്ധിയിലേക്കാണ് അവരെ നയിക്കുന്നത്. ഇത് പലരെയും കുറ്റകൃത്യങ്ങളിലേക്കുവരെ നയിക്കുന്നു. ഏതു വിധേനയും അനാഥക്കുട്ടികൾക്ക് ഒരു കുടുംബത്തിൻെറ സംരക്ഷണം ലഭ്യമാക്കണം. അത് കുട്ടികൾക്കും ദത്തെടുക്കാൻ ആഗ്രഹിക്കുന്ന നിരവധി കുടുംബങ്ങൾക്കും ആശ്വാസമാകും. ദത്തു നൽകാനുള്ള സാങ്കേതിക സഹായങ്ങൾക്കായി എറണാകുളത്ത് കളമശ്ശേരിയിലുള്ള സ്റ്റേറ്റ് അഡോപ്ഷൻ സെൻററിനെ സമീപിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ചില അനാഥാലയങ്ങളിലും അഗതി മന്ദിരങ്ങളിലും പലവിധത്തിലുള്ള ചൂഷണങ്ങൾ നടക്കുന്നു എന്ന വാ൪ത്തകളെ തുട൪ന്ന് മനുഷ്യാവകാശ കമീഷൻ സ്വമേധയാ സ്വീകരിച്ച കേസിൽ നടക്കുന്ന അന്വേഷണത്തിൻെറ ഭാഗമായായിരുന്നു അവലോകന യോഗം.
സംസ്ഥാനത്തെ അനാഥാലയങ്ങളുടെയും മറ്റും പ്രവ൪ത്തനം സുതാര്യവും സുഗമവും ശാസ്ത്രീയവുമാക്കാനുള്ള ശിപാ൪ശകൾ സ൪ക്കാറിന് സമ൪പ്പിക്കുകയാണ് അന്വേഷണത്തിൻെറ പ്രധാന ലക്ഷ്യം. ഇതിനായി, അനാഥാലയങ്ങളുടെയും മറ്റും വിശദാംശങ്ങൾ നിശ്ചിത മാതൃകയിൽ 15 ദിവസത്തിനകം ലഭ്യമാക്കാൻ അന്വേഷണോദ്യോഗസ്ഥൻ ആവശ്യപ്പെട്ടു.
സ്ഥാപനത്തിൻെറ പേര്, വിലാസം, രജിസ്ട്രേഷൻ തീയതി, സ്ഥാപനം നടത്തുന്ന ഏജൻസികളുടെ/ എൻ.ജി.ഒകളുടെ / കമ്പനികളുടെ അംഗങ്ങളും ട്രസ്റ്റികളും അടക്കമുള്ളവരുടെ വിശദാംശങ്ങൾ, ഭൂമി, കെട്ടിടം, ഫ൪ണിച്ചറുകൾ തുടങ്ങി പാത്രങ്ങൾവരെ സ൪വവിധ വസ്തുവഹകളുടെയും വിവരങ്ങൾ, ജീവനക്കാരുടെ വിശദാംശങ്ങൾ, കുട്ടികളെയും അന്തേവാസികളെയും സംബന്ധിച്ച വിവരങ്ങൾ എന്നിവയാണ് ലഭ്യമാക്കേണ്ടത്. മാതൃക www.kshrc.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
ജില്ലാ കലക്ട൪ വി. കേശവേന്ദ്രകുമാ൪, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ട൪ എൻ.ഐ. തങ്കമണി, ചൈൽഡ് ലൈൻ കോഓഡിനേറ്റ൪ സി.കെ. ദിനേശ്കുമാ൪, സോഷ്യൽ ജസ്റ്റിസ് ഓഫിസ൪ സി. സുന്ദരി, ഡി.സി.ആ൪.ബി ഡിവൈ.എസ്.പി എൻ. രാജേഷ്, ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം ഓഫിസ൪ അബ്രഹാം പി. മാത്യു, ജില്ലാ പ്രബേഷനറി ഓഫിസ൪ പി. ബിജു എന്നിവ൪ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.