മൗനദീക്ഷിത
text_fieldsഒരു പ്രായം കഴിഞ്ഞാൽ കോൺഗ്രസുകാരെക്കൊണ്ട് എന്തു ചെയ്യും എന്നത് പാ൪ട്ടിയുടെ എക്കാലത്തെയും വലിയ സൈദ്ധാന്തികപ്രശ്നമായിരുന്നു. മഷിയിട്ട് നോക്കിയാൽ പോലും സ്വന്തമായി അണികൾ ഇല്ലാത്തവ൪, എന്തെങ്കിലും ചുമതലയേൽപിച്ചാൽ കാര്യക്ഷമമായി ചെയ്യും എന്ന് ഒരുറപ്പുമില്ലാത്തവ൪, പാ൪ട്ടിക്ക് ദുഷ്പേരു കേൾപ്പിച്ചുകൊണ്ടിരിക്കുന്നവ൪ എന്നിവരെ പാക്ക് ചെയ്ത് ഏതെങ്കിലും സംസ്ഥാനത്തിൻെറ രാജ്ഭവനിൽ കുടിയിരുത്തുക എന്നതാണ് പാ൪ട്ടി കണ്ടത്തെിയ വഴി. അതിൽ തെറ്റൊന്നും പറയാനില്ല. ഭരണഘടനാപരമായി അത് ഒരു വിശ്രമകേന്ദ്രമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയവനവാസം ഒൗദ്യോഗികമായി നയിക്കാവുന്ന ഒരു പദവി കൂടിയാണ് അത്. പാ൪ട്ടിയുടെ ഭാരിച്ച ചുമതലകളിൽനിന്ന് ഒഴിഞ്ഞ് ശിഷ്ടജീവിതം വിശ്രമവേളകളാൽ ആനന്ദഭരിതമാക്കാൻ പറ്റിയ പദവി. അവിടേക്കാണ് ഉമാശങ്ക൪ ദീക്ഷിതിൻെറ പുത്രഭാര്യ ഷീല ദീക്ഷിത് വന്നിരിക്കുന്നത്.
എല്ലാവരും കൈയടിച്ച് എതിരേൽക്കേണ്ടതാണ്. പക്ഷേ, ആദ്യം തന്നെ ഉയ൪ന്നുകേട്ടത് അപസ്വരങ്ങൾ. ഷീലയെ കേരള ഗവ൪ണറാക്കുന്നതിന് എതിരെ രാഷ്ട്രപതിക്ക് നിവേദനം നൽകിയത് മുതി൪ന്ന മാധ്യമപ്രവ൪ത്തകനും സാമൂഹിക പ്രവ൪ത്തകനുമായ ബി.ആ൪.പി. ഭാസ്ക൪. തോൽക്കുന്ന രാഷ്ട്രീയ നേതാക്കളുടെ പുനരധിവാസകേന്ദ്രമായി രാജ്ഭവനെ മാറ്റരുതെന്നാണ് ബി.ആ൪.പി ആവശ്യപ്പെട്ടത്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ പുതിയ രാഷ്ട്രീയ നിയമനങ്ങൾ പാടില്ളെന്നും അദ്ദേഹം ഓൺലൈൻ നിവേദനത്തിൽ പറഞ്ഞിരുന്നു. സോഷ്യൽ മീഡിയയിൽ സജീവ ച൪ച്ചയായത് ന്യൂജനറേഷൻ നടി റീമ കല്ലിങ്കലിൻെറ പരിഹാസം. കേരളത്തിലെ എല്ലാ വനിതാ പത്രപ്രവ൪ത്തകരും ഇനിമുതൽ ആറുമണിക്ക് വീടണയണം. ദാ ഷീല ദീക്ഷിത് വരുന്നുണ്ട് എന്നാണ് റീമ ഫേസ്ബുക്കിൽ സ്റ്റാറ്റസ് മെസേജിട്ടത്. വൻതോതിൽ ഷെയ൪ ചെയ്യപ്പെട്ട പോസ്റ്റ് അച്ചടിമാധ്യമങ്ങളിലും വാ൪ത്തയായി. സെലിബ്രിറ്റിയുടെ സ്റ്റാറ്റസ് മെസേജാണ്. വാ൪ത്തയാകാതെ പറ്റില്ല. ഡൽഹി മുഖ്യമന്ത്രിയായിരിക്കെ നടത്തിയ പ്രസ്താവനയെ രൂക്ഷമായി പരിഹസിക്കുന്ന കുറിപ്പായിരുന്നു റീമയുടേത്. ഒരുപാട് മാനഭംഗങ്ങൾ നടക്കുന്ന തലസ്ഥാനനഗരിയിൽ പെൺകുട്ടികളെന്തിനാണ് വൈകുന്നേരം ആറുമണിക്കുശേഷം പുറത്തിറങ്ങി നടക്കുന്നത് എന്ന ഷീലയുടെ പ്രസ്താവനയാണ് അതിന് കാരണമായത്.
ആം ആദ്മി അവരുടെ പതിവു വിഷയമായ അഴിമതികൊണ്ടാണ് ദീക്ഷിതിനെതിരെ ആഞ്ഞടിച്ചത്. അഴിമതി ആരോപണങ്ങളിൽനിന്ന് രക്ഷപ്പെടുത്താനാണ് ഗവ൪ണ൪ പദവി നൽകിയത് എന്നായിരുന്നു അവരുടെ ആരോപണം. അതിൽ അൽപം കഴമ്പില്ളേ എന്ന് ആരും സംശയിച്ചുപോവും. ജവഹ൪ലാൽ നെഹ്റു നഗരനവീകരണദൗത്യത്തിന് കേന്ദ്രസ൪ക്കാ൪ നൽകുന്ന ഫണ്ടിൽനിന്ന് മൂന്നരക്കോടി വാങ്ങി 2008ലെ നിയമസഭാ തെരഞ്ഞെടുപ്പിനായി രാഷ്ട്രീയ പരസ്യങ്ങൾ കൊടുക്കാൻ ഉപയോഗിച്ചു എന്ന് ആരോപണമുയ൪ന്നിരുന്നു. കേസിൽ ഇപ്പോൾ അന്തിമവാദം നടക്കുകയാണ്. 2013 ആഗസ്റ്റിൽ ഓംബുഡ്സ്മാൻ കോടതി സ൪ക്കാ൪ ഫണ്ട് തിരിമറി നടത്തിയതിൻെറ പേരിൽ ദീക്ഷിതിനെതിരെ പ്രഥമവിവര റിപ്പോ൪ട്ട് ഫയൽ ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു. 2010ലെ കോമൺവെൽത്ത് ഗെയിംസിലും കൈയിട്ടുവാരിയെന്നാണ് സി.എ.ജി തന്നെ ഉയ൪ത്തിയ ആരോപണം. ഗെയിംസിൻെറ സമയത്ത് നഗരത്തിലെ തെരുവുവിളക്കുകൾ കത്തിക്കുന്നതിനായി ഇറക്കുമതി ചെയ്ത ഉപകരണങ്ങളുടെ കാര്യത്തിൽ നടത്തിയ വ്യാപകമായ ക്രമക്കേടുകളുടെ പേരിൽ സി.എ.ജി റിപ്പോ൪ട്ട് ഷീലയെ കുറ്റപ്പെടുത്തിയിട്ടുണ്ട്. ജസീക്ക ലാൽ വധക്കേസിൽ ജീവപര്യന്തം തടവുശിക്ഷയനുഭവിക്കുന്ന മനു ശ൪മക്ക് പരോൾ അനുവദിച്ചതിൻെറ പേരിൽ വലിയ വിമ൪ശത്തിന് വിധേയയായിരുന്നു. പരോൾ കിട്ടിയ മനു ശ൪മ നിശാക്ളബ്ബുകളിൽ അ൪മാദിച്ചുനടക്കുകയാണ് എന്ന മാധ്യമ റിപ്പോ൪ട്ടുകൾ പരന്നപ്പോൾ പരോൾ അനുമതിയെ ഷീല നാണമില്ലാതെ ന്യായീകരിച്ചു. എന്നാൽ, ഡൽഹി ഹൈകോടതി ഷീലയുടെ വ൪ഗബോധത്തിൻെറ വിവേചനബുദ്ധി കണ്ടുപിടിച്ചു. പരോൾ അപേക്ഷകളിൽ മനു ശ൪മക്കായിരുന്നു മുൻഗണന. വ൪ഷങ്ങളായി ജയിലിൽ ദുരിതജീവിതം നയിക്കുന്ന പാവങ്ങളെ ഷീല അവഗണിച്ചു എന്ന് കോടതി കണ്ടത്തെി. കോടതിയുടെ വിമ൪ശം ചൂണ്ടിക്കാട്ടിയ മാധ്യമപ്രവ൪ത്തകരോട് ഷീല പറഞ്ഞത് ‘തനിക്കു കിട്ടുന്ന ഫയലുകളെല്ലാം പ്രോപ൪ ചാനലുകളിലൂടെയാണ്’ എന്നാണ്. ഉപരിവ൪ഗത്തോടുള്ള അപാരമായ സ്നേഹം മാത്രമല്ല ഷീലയെക്കൊണ്ട് അതു ചെയ്യിച്ചത് എന്നു വ്യക്തം. മനു ശ൪മ വെറുമൊരു സമ്പന്ന യുവാവല്ല, ഹരിയാനയിൽനിന്നുള്ള കോൺഗ്രസ് എം.പിയായിരുന്ന വിനോദ് ശ൪മയുടെ മകനാണ്. പാ൪ട്ടിക്കൂറു കൂടി തെളിയിച്ചു ആ പരോൾ അനുമതിയിൽ. നരസിംഹറാവു മന്ത്രിസഭയിലെ സഹമന്ത്രിയും ഹരിയാന മന്ത്രിസഭയിലെ മുൻവൈദ്യുതിമന്ത്രിയും ഇപ്പോൾ അംബാല എം.എൽ.എയുമായ ഒരാളുടെ മകനോട് അൽപം സ്നേഹക്കൂടുതൽ തോന്നിയില്ളെങ്കിലല്ളേ അദ്ഭുതമുള്ളൂ.
1938 മാ൪ച്ച് 31ന് പഞ്ചാബിലെ കപൂ൪ത്തലയിൽ ജനനം. ഡൽഹി യൂനിവേഴ്സിറ്റിയിൽനിന്ന് ചരിത്രത്തിൽ ബിരുദാനന്തരബിരുദം. പഠിക്കുന്ന കാലത്ത് രാഷ്ട്രീയത്തിൽ തെല്ലുമില്ലായിരുന്നു താൽപര്യം. ജീവിതത്തിലേക്ക് രാഷ്ട്രീയം വഴിതിരിഞ്ഞത്തെിയത് കല്യാണത്തിലൂടെയാണ്. ഇന്ദിര ഗാന്ധി മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയായിരുന്ന ഉമാശങ്ക൪ ദീക്ഷിതിൻെറ പുത്രൻ വിനോദ് ദീക്ഷിതിൻെറ കഴുത്തിൽ വരണമാല്യം ചാ൪ത്തിയതോടെ. ഡൽഹി സ൪വകലാശാലയിലെ സഹപാഠിയുടെ വീട്ടിൽ കുടുംബിനിയായി ഒതുങ്ങിക്കഴിഞ്ഞ ഷീലയെ രാഷ്ട്രീയം വന്നു വിളിച്ചത് 1969ൽ. കോൺഗ്രസ് പിള൪ന്നപ്പോൾ. ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസിൻെറ കൂടെ ചേ൪ന്നു. ഗാന്ധികുടുംബവുമായി കൂടുതൽ അടുത്തു. ഇന്ദിര വധിക്കപ്പെടുകയും രാജീവ് പ്രധാനമന്ത്രിയാവുകയും ചെയ്ത 1984ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഷീലക്ക് ടിക്കറ്റ് കിട്ടി. സഹതാപതരംഗം ആഞ്ഞുവീശിയ തെരഞ്ഞെടുപ്പിൽ നിഷ്പ്രയാസം ജയിച്ചുകയറി. രാജീവിൻെറ വിശ്വസ്തയായി. 40ാം സ്വാതന്ത്ര്യദിനാഘോഷത്തിൻെറ നടത്തിപ്പു ചുമതല നൽകി രാജീവ് ആ വിശ്വസ്തതക്ക് അംഗീകാരം നൽകി. 1987 ജീവിതത്തിലെ കറുത്ത ഒരോ൪മയാണ്. അന്ന് യു.എൻ സമ്മേളനത്തിൽ പങ്കെടുക്കാൻ അമേരിക്കയിൽ ആയിരുന്നു. തേടിയത്തെിയത് ഒരു ദുരന്തവാ൪ത്ത. പിതാവിനും മകനുമൊപ്പം ട്രെയിനിൽ സഞ്ചരിക്കുമ്പോൾ ഭ൪ത്താവ് വിനോദ് ദീക്ഷിത് ഹൃദ്രോഗം വന്നു മരിച്ചു. ഉടൻ ഇന്ത്യയിലേക്കു മടങ്ങി. പിന്നീട് വേദനയുടെ നാളുകൾ. മൂന്നു വ൪ഷത്തിനുശേഷം ഉമാശങ്കറും നിര്യാതനായതോടെ ഷീല തികച്ചും ഒറ്റപ്പെട്ടു.
ഡൽഹിയിലെ സോണിയ എന്നായിരുന്നു മാധ്യമങ്ങളിലെ വിളിപ്പേര്. സോണിയ ഗാന്ധിയുമായി സമാനതയുള്ള ജീവിതമാണ്. ഇരുവരും വിധവകൾ. ഭ൪ത്താവിൻെറ കുടുംബപശ്ചാത്തലത്തിലൂടെ രാഷ്ട്രീയത്തിൽ വന്നുപെട്ടവ൪. ഡൽഹിയിൽ ഏറ്റവുമധികം കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തിയാണ്. 15 വ൪ഷത്തോളം. 2013ൽ സ്വത്തുവിവരം വെളിപ്പെടുത്തിയപ്പോൾ 2.7 കോടിയുടെ ആസ്തിയുണ്ട്. 2013ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റുവാങ്ങി. 25,864 വോട്ടിനാണ് അരവിന്ദ് കെജ്രിവാളിനോട് തോറ്റത്.
കേരളത്തിൽ വന്നതിൽ സന്തോഷമുണ്ട്. കാണാൻ മനോഹരമായ നാട്. രാഷ്ട്രീയപ്രബുദ്ധതയുണ്ട്. തിരക്കേറിയ ജീവിതത്തിൽനിന്ന് ശാന്തമായ ഒരിടത്തേക്കാണ് പോവുന്നത്. ഇനി രാജ്ഭവനിൽ മൗനം ദീക്ഷിച്ചിരുന്ന് ഹിന്ദുസ്ഥാനി സംഗീതത്തിൻെറ ലയമാധുരിയിൽ മറ്റെല്ലാം മറക്കാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.