ദലിതര്‍ ആര്‍ക്കാണ് വോട്ട് ചെയ്യേണ്ടത്
text_fieldsകേരളത്തിൽ, ദലിത് ശാക്തീകരണത്തിന് അനുകരണീയമായ മാതൃക കാട്ടിയത്, ഇപ്പോഴത്തെ റവന്യൂ മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണനാണ്. വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്, അട്ടപ്പാടിയിലെ ആദിവാസികളുടെ ഭൂമി തട്ടിയെടുത്ത് സുസ്ലോൺ കമ്പനി കാറ്റാടിയന്ത്രങ്ങൾ സ്ഥാപിക്കുന്നത്. ഈ നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധം രൂപപ്പെട്ടതോടെയാണ് ആദിവാസി രക്ഷകനായി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ രംഗപ്രവേശം ചെയ്യുന്നത്. അദ്ദേഹം ഒരു സംഘം ആദിവാസികളെയും കൂട്ടി ഡൽഹിയിലത്തെി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെയും നേരിട്ടുകണ്ട് സങ്കടഹരജി ബോധിപ്പിച്ചു. തുട൪ന്ന് നടത്തിയ പ്രസ്താവനയിൽ ‘വെള്ളാനകളുടെ നാടെ’ന്ന സിനിമയിലെ കുതിരവട്ടം പപ്പുവായി ‘ഇപ്പ ശരിയാക്കാ’മെന്നാണ് പറഞ്ഞത്. പ്രതിപക്ഷമാണ് ആവശ്യമുന്നയിച്ചതെങ്കിലും, പാവങ്ങളുടെ പടത്തലവനായ വി.എസ്. അച്യുതാനന്ദനും റവന്യൂ മന്ത്രിയായിരുന്ന രാജേന്ദ്രനും ആദിവാസികളുടെ കാര്യമായതുകൊണ്ട് ‘ഇപ്പ ശരിയാക്കാൻ’ മെനക്കെട്ടതേയില്ല.
ആദിവാസികളുടെ ഭൂമി മറുചോദ്യമില്ലാതെ കാറ്റാടി കമ്പനി കൈവശം വെച്ചുകൊണ്ടിരിക്കെയാണ് തെരഞ്ഞെടുപ്പ് നടന്നത്; യു.ഡി.എഫ് ഭരണത്തിൽ വരുന്നത്. അട്ടപ്പാടിയുൾപ്പെടുന്ന മണ്ണാ൪ക്കാട് മണ്ഡലത്തിലും യു.ഡി.എഫ് തന്നെയാണ് ജയിച്ചത്. തുട൪ന്ന്, രൂപവത്കരിക്കപ്പെട്ട, ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായ മന്ത്രിസഭയിൽ തിരുവഞ്ചൂ൪ രാധാകൃഷ്ണൻ റവന്യൂ മന്ത്രിയായി. അദ്ദേഹത്തോട് മാധ്യമപ്രവ൪ത്തക൪ ചോദിച്ചു; ‘ആദിവാസികളുടെ ഭൂമി തിരിച്ചുനൽകുമോ? മറുപടി ഇപ്രകാരമായിരുന്നു. ‘അന്ന് ഞങ്ങൾക്ക് നിയമം നോക്കേണ്ടതില്ലായിരുന്നു. ഇപ്പോൾ നിയമം നോക്കണം’. ഇതാണ് ജനാധിപത്യത്തിൽ ദലിതരോടുള്ള സമീപനം.
വ൪ത്തമാനകാല കേരളത്തിൽ ദലിതരൊഴിച്ചുള്ള ജാതീയ വിഭാഗങ്ങൾ സമുദായങ്ങളെന്ന നിലയിൽ സംഘടിതരാണ്. ദലിതരാവട്ടെ സമുദായമാകാതെ, നിരവധി ജാതി, മത, ഗോത്രങ്ങളായും എണ്ണമറ്റ സംഘടനകളിലുമായി ചിതറിക്കിടക്കുന്നതിനാൽ യു.ഡി.എഫിനോ എൽ.ഡി.എഫിനോ ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കോ അവരെ പരിഗണിക്കേണ്ടതില്ല എന്ന അവസ്ഥയാണുള്ളത്. എങ്കിലും വോട്ട് ആവശ്യമുള്ളതുകൊണ്ടുമാത്രം നടപ്പാക്കാൻ കഴിയാത്ത വാഗ്ദാനങ്ങൾ നൽകുക എന്നതാണ് പതിവുരീതി. ഇപ്രകാരം വാഗ്ദാനങ്ങൾ നൽകുന്നവ൪ക്കും അതിൻെറ ഗുണഭോക്താക്കൾക്കുമറിയാം ഇവയൊക്കെ വെറും വാക്കുകളാണെന്ന്. എങ്കിലും ഒരനുഷ്ഠാനമായി ഇടതിനോ വലതിനോ അവ൪ വോട്ട് കുത്തുന്നു.
ഈ വോട്ടിന് ആരും വിലകൽപിക്കുന്നില്ളെന്നുള്ളതാണ് വസ്തുത.
മറുവശത്തോ? ദലിതരുടേതിനേക്കാൾ ജനസംഖ്യ കുറവാണെങ്കിലും, ചില സമുദായങ്ങൾ ജോ൪ജ് ഓ൪വെലിൻെറ വാക്കുകളിൽ ‘കൂടുതൽ സമന്മരായതു’കൊണ്ട് വോട്ടിന് വിലയുണ്ട്. ഇത്തരം സമുദായങ്ങളിലെ അംഗങ്ങളെയും കൂട്ടി തിരുവഞ്ചൂ൪ രാധാകൃഷ്ണന്മാ൪ ആരെയും മുഖം കാണിക്കാൻ പോകുന്നില്ല. എങ്കിലും പട്ടികജാതിപട്ടികവ൪ഗ വികസന കോ൪പറേഷൻെറയോ പരിവ൪ത്തിത സമുദായ വികസന കോ൪പറേഷൻെറയോ ചെയ൪മാന്മാ൪ക്കില്ലാത്ത കാബിനറ്റ് പദവി മുന്നാക്ക സമുദായ വികസന കോ൪പറേഷൻ ചെയ൪മാന് ലഭിക്കുന്നു. കുറ്റബോധംകൊണ്ടാവാം, ചെയ൪മാൻ ടി.എയും ഡി.എയും വാങ്ങുന്നില്ളെന്നും സ്വന്തം കാറിലാണ് യാത്ര ചെയ്യുന്നതെന്നും മേനിനടിക്കുന്നു. എന്നിട്ടും ആ പദവി വേണ്ടേന്നുവെക്കാൻ സ൪ക്കാ൪ തയാറാകുന്നില്ല. അങ്ങനെ സംഭവിച്ചാൽ എല്ലാ ചെയ൪മാന്മാരും സമന്മാരാകുമെന്ന് ആരും പറയുന്നില്ല. കാബിനറ്റ് പദവിയുള്ള ചെയ൪മാൻെറ സമുദായത്തിൻെറ സമ്മേളനവേദിയാണ് ഇന്നും നാടുവാഴിത്തം നിലനിൽക്കുന്നുവെന്ന് ഓ൪മപ്പെടുത്തുന്നത്. സമുദായ നേതാക്കൾ വേദിയിലിരിക്കുമ്പോൾ, പഴയകാലത്തെ സിനിമാ കൊട്ടകയിലെന്നപോലെ തറയിലാണ് കേന്ദ്രസംസ്ഥാന മന്ത്രിമാ൪ക്കുള്ള ഇരിപ്പിടം. പട്ടാളവും പൊലീസും മാത്രമല്ല ഓച്ചാനിച്ചുനിൽക്കാൻ ഐ.എ.എസുകാരും ഐ.പി.എസുകാരുമുള്ളവ൪ ഗാന്ധിയന്മാരായിരുന്നെങ്കിൽ തറയിലിരുപ്പ് ലാളിത്യവും ത്യാഗവുമാകുമായിരുന്നു. എന്നിട്ടുമെന്തേയിങ്ങനെയെന്ന് ചോദിച്ചാൽ, ചില മേൽജാതിക്കാ൪ ഒന്നടങ്കം പോപ്പുമാരാണെന്നാണുത്തരം.
കോൺഗ്രസിൻെറ വഴികളിലൂടെതന്നെയാണ് സി.പി.എം അടക്കമുള്ള ഇടതുപക്ഷവും സഞ്ചരിക്കുന്നത്. ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമിയുടെ കാര്യത്തിലും ചെങ്ങറ സമരത്തിലും തൊഴിലാളിവ൪ഗ പാ൪ട്ടിയെടുത്ത നിലപാടുകൾ ചരിത്രരേഖകളാണ്. എങ്കിലും എല്ലാ തെരഞ്ഞെടുപ്പ് സ൪വേകളും ചൂണ്ടിക്കാട്ടുന്നത് 6070 ശതമാനം ദലിത് വോട്ടുകളും എൽ.ഡി.എഫിനാണെന്നാണ്. ഈ വോട്ടിനേക്കാൾ എൽ.ഡി.എഫ് വിലകൽപിക്കുന്നത്, ക്രൈസ്തവരിലെ ചെറിയൊരു വിഭാഗത്തിൻെറ വോട്ടുകളാണ്. അതുകൊണ്ടാണ് മാധവ് ഗാഡ്ഗിൽകസ്തൂരിരംഗൻ റിപ്പോ൪ട്ടുകളെക്കുറിച്ച് പ്രാഥമിക ച൪ച്ചകൾപോലും നടത്താതെ, മലയോരങ്ങളെ കടൽ വിഴുങ്ങുമെന്ന ഭീതിപരത്തി സി.വി. രാമൻപിള്ളയുടെ ‘മാ൪ത്താണ്ഡവ൪മ’ എന്ന നോവലിലെ അനന്തപത്മനാഭനായി ‘അടിയൻ ലച്ചിപ്പോം’ എന്ന് ഹ൪ത്താലുകളിലൂടെ സി.പി.എം വിളിച്ചുപറഞ്ഞത്. പാ൪ട്ടിക്കറിയാം, പശ്ചിമഘട്ട മലനിരകളിൽ പാ൪ക്കുന്ന ആദിവാസികളും ദലിതരും ദലിത് ക്രൈസ്തവരും ജന്മവാസനയാലെന്നവണ്ണം പാ൪ട്ടി ചിഹ്നത്തിൽ കുത്തുമെന്ന്. ദലിത൪ക്കവരുടെ തലയിലെഴുത്ത് മായ്ക്കാൻ കഴിഞ്ഞിട്ടില്ളെന്ന് വി.എസ്. അച്യുതാനന്ദനും പിണറായി വിജയനും പന്ന്യൻ രവീന്ദ്രനുമറിയാം. ഇവരൊക്കെ നഴ്സറി ക്ളാസുകളിൽനിന്ന് നേരിട്ട് രാഷ്ട്രീയത്തിൽ വന്നവരല്ലല്ളോ.
തെരഞ്ഞെടുപ്പ് കാലത്തെ ശീലങ്ങൾ ആരും മറക്കുന്നില്ല. സമുദായ നേതാക്കന്മാ൪ ഇരിക്കാൻ പറഞ്ഞാൽ കിടക്കുന്നവരല്ല രാഷ്ട്രീയ നേതാക്കന്മാരെന്ന് വി.ഡി. സതീശൻ ചുമ്മാ പറഞ്ഞതാണെന്ന് ആ൪ക്കാണറിവില്ലാത്തത്? എറണാകുളത്ത് സി.പി.എം സ്വതന്ത്ര സ്ഥാനാ൪ഥിയാകുമെന്ന് അറിവു കിട്ടുംമുമ്പെ, ക്രിസ്റ്റി ഫെ൪ണാണ്ടസ് നേരെപോയത് അരമനകളിലേക്കാണ്. കാര്യം പതിവുസന്ദ൪ശനമാണെന്ന വിശദീകരണവുമുണ്ടായി. ഇന്നസെൻറും ജോസ് കെ. മാണിയും കണിച്ചുകുളങ്ങരയിലത്തെി മുഖം കാണിച്ചതോടെ മഹാഭാരതത്തിലെ ശ്രീകൃഷ്ണൻെറ അവസ്ഥയിലാണിപ്പോൾ വെള്ളാപ്പള്ളി നടേശൻ. ആ കഥ ഇപ്രകാരമാണ്. യുദ്ധം തുടങ്ങുംമുമ്പ് പിന്തുണ തേടി യുധിഷ്ഠിരനും ദുര്യോധനനും ദ്വാരകയിലത്തെുന്നു. പാണ്ഡവകൗരവ നേതാക്കളുടെ സന്ദ൪ശനോദ്ദേശ്യം ദിവ്യദൃഷ്ടിയിലൂടെ അറിഞ്ഞ കൃഷ്ണൻ ഉറക്കം നടിച്ചുകിടന്നു. എങ്കിലും യുദ്ധവീരന്മാരിൽ ഒരാൾ തലക്കലും മറ്റെയാൾ കാൽക്കലും ഭവ്യതയോടെ നിന്നു. കണ്ണുതുറന്ന കൃഷ്ണൻ ഇരുവരെയും നിരാശപ്പെടുത്താതെ ഒരാൾക്ക് തൻെറ വമ്പിച്ച സൈന്യത്തെയും മറ്റെയാൾക്ക് തന്നെയും നൽകുമെന്നറിയിച്ചു. ദുര്യോധനൻ സൈന്യത്തെ സ്വീകരിച്ചപ്പോൾ, യുധിഷ്ഠിരൻ പാണ്ഡവരുടെ സാരഥിയാകണമെന്നാണ് അഭ്യ൪ഥിച്ചത്. ചുരുക്കത്തിൽ പാണ്ഡവരെയും കൗരവരെയും കൃഷ്ണൻ തൃപ്തിപ്പെടുത്തി.
ആള് വെള്ളാപ്പള്ളിയല്ളേ. അദ്ദേഹം, വെറുതെ വെള്ളത്തിൽ ചാടുകയില്ല. വാഗ്ദാനങ്ങൾ ആരും തുറന്നുപറയാത്തതുകൊണ്ട്, ഇടുക്കിയിലെ മുരുകൻമല പോലെ എന്തെങ്കിലും കിട്ടിയെന്നറിയുമ്പോഴായിരിക്കും ഈഴവരെ എങ്ങനെയാണ് വീതിച്ചുനൽകിയതെന്ന് അറിയാൻ കഴിയുകയുള്ളൂ. ഇനി ബി.ജെ.പിക്കാ൪ പടികടന്നുവരുമ്പോൾ എൽ.ഡി.എഫ്, യു.ഡി.എഫ് വാമനന്മാ൪ രണ്ടടികൊണ്ട് ആകാശവും ഭൂമിയും അളന്നെടുത്തതിനാൽ സ്വന്തം തലയുണ്ടെന്നുള്ളതാണ് വെള്ളാപ്പള്ളിക്ക് ആശ്വാസം. മുൻചൊന്ന സ്ഥാനാ൪ഥികളുടെ തീ൪ഥയാത്ര തുടക്കം മാത്രമാണ്. അണിയറയിൽ ഭാണ്ഡവും മുറുക്കി ഇടത്വലത്ബി.ജെ.പി വ്യത്യാസമില്ലാതെ നേതാക്കന്മാ൪ ഒരുങ്ങിയിരിക്കുന്നുണ്ട്. ഇവരിൽ ആരൊക്കെയാണ് തലയിൽ മുണ്ടിട്ടുവന്നതെന്ന് ജി. സുകുമാരൻ നായരെപ്പോലുള്ള സമുദായ നേതാക്കൾ വിളിച്ചുപറയുമ്പോഴറിയാം.
പതിറ്റാണ്ടുകളായി മുറതെറ്റിക്കാതെ അരമനകളിലും പെരുന്നയിലും കണിച്ചുകുളങ്ങരയിലും ചെല്ലുന്നവ൪, എന്തുകൊണ്ട് കെ.പി.എം.എസിൻെറ സാംബവ മഹാസഭയുടെ, ധീവര മഹാസഭയുടെ, വിശ്വക൪മ മഹാസഭയുടെ ഓഫിസുകളിലത്തെുന്നില്ല. ഇത്തരം ചോദ്യങ്ങളുയരുകയാണെങ്കിൽ, എല്ലാ സമുദായങ്ങളുടെയും വോട്ടിന് ഒരേ വിലയാണെന്ന് കരുതാം.
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നറിഞ്ഞ ദിവസം ചേ൪ന്ന കാബിനറ്റ് യോഗമെടുത്ത തീരുമാനങ്ങൾ അറിയിക്കാൻ മുഖ്യമന്ത്രി നടത്തിയ വാ൪ത്താസമ്മേളനത്തിലാണ് ദലിത൪ക്ക് എടുത്താൽ പൊന്താത്ത വാഗ്ദാനങ്ങളുണ്ടെന്ന വിവരമറിയുന്നത്. മുൻകാലങ്ങളിൽ കോഴിയും താറാവും ആടും നൽകുന്ന പതിവു തെറ്റിച്ച് കോളജുകളാണ് നൽകിയിരിക്കുന്നത്. വണ്ടൂരിൽ ഒരു സംഘടനക്കും പി.ആ൪.ഡി.എസിനും കെ.പി.എം.എസിനും (പുന്നല ശ്രീകുമാ൪ വിഭാഗം) കോളജുകളുണ്ട് (ഈ വാഗ്ദാനം തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണോയെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ പരിശോധിക്കുന്നുണ്ട്). എൽ.ഡി.എഫ് ഭരണകാലത്ത്, ധനമന്ത്രിയായിരുന്ന ഡോക്ട൪ തോമസ് ഐസക് വെങ്ങാന്നൂരിലെ അയ്യങ്കാളി സ്മാരക സ്കൂളിന് ബജറ്റിൽ ഒരു കോടി രൂപ അനുവദിച്ചിരുന്നു. ആയതിൽ 15 ലക്ഷം രൂപ മാത്രമാണ് കെ.പി.എം.എസിന് (ടി.വി. ബാബു വിഭാഗം) കിട്ടിയത്.
കൊല്ലത്ത് കെ.പി.എം.എസിന് കോളജ് അനുവദിച്ച തീരുമാനം ഉണ്ടാകുന്നതിനും മാസങ്ങൾക്കുമുമ്പെ, കെ.പി.എം.എസ് ശാഖകൾ ‘കെ.പി.എം.എസിന് കൊല്ലത്ത് കോളജ് അനുവദിച്ച യു.ഡി.എഫ് സ൪ക്കാറിന് അഭിവാദനങ്ങൾ’ എന്നച്ചടിച്ച പോസ്റ്ററുകൾ പതിപ്പിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടുന്നത്, അരങ്ങിലെ കളിയുടെ റിഹേഴ്സൽ അണിയറയിൽ നടന്നിരുന്നുവെന്നാണ്. പുന്നല ശ്രീകുമാറിനെപ്പോലുള്ളവ൪ പറയുന്നവ൪ക്ക് വോട്ട് ചെയ്യണമോയെന്ന് തീരുമാനിക്കേണ്ടത് ദലിത് സമുദായമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.