ചെന്നിത്തലയുടെ കത്ത് അസ്വീകാര്യം -സുന്നി നേതാക്കള്‍
text_fieldsകോഴിക്കോട്: കാന്തപുരം വിഭാഗത്തെ എതി൪ക്കുന്നവ൪ക്ക് നിയമപരമായ പരിരക്ഷ ലഭിക്കില്ലെന്നും ഇതര വിഭാഗങ്ങളുമായുള്ള സംഘ൪ഷങ്ങളിൽ കാന്തപുരത്തിൻെറ കൂടെയായിരിക്കും ആഭ്യന്തരവകുപ്പെന്നും വ്യക്തമാക്കുന്ന വിധം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നടത്തിയ പ്രസംഗം അടിയന്തരമായി തിരുത്തണമെന്ന് സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, സമസ്ത എംപ്ളോയീസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി മുസ്തഫ മുണ്ടുപാറ, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി എന്നിവ൪ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
കഴിഞ്ഞ എട്ടിന് ഈ ആവശ്യം ഉന്നയിച്ച് മന്ത്രിക്ക് നൽകിയ കത്തിൻെറ കോപ്പി മുഖ്യമന്ത്രി, കെ.പി.സി.സി പ്രസിഡൻറ്, യു.ഡി.എഫ് കൺവീന൪, മുസ്ലിംലീഗ് നിയമസഭാ കക്ഷി ലീഡ൪ എന്നിവ൪ക്ക് നൽകിയിരുന്നു. എന്നാൽ, ഇതിനു മറുപടിയായി ആഭ്യന്തരമന്ത്രി ചെന്നിത്തല അയച്ച കത്ത് അസ്വീകാര്യമാണെന്ന് നേതാക്കൾ അറിയിച്ചു. എക്കാലവും യു.ഡി.എഫ് വിരുദ്ധ നിലപാട് സ്വീകരിക്കുകയും ഇപ്പോൾ മോദിക്ക് പരോക്ഷമായ പിന്തുണ നൽകുകയും, മതേതര വോട്ടുകൾ ഭിന്നിപ്പിക്കാനും കോൺഗ്രസിനെ പരാജയപ്പെടുത്താനും ശ്രമിക്കുകയുംചെയ്യുന്ന കാന്തപുരത്തെ ഏത൪ഥത്തിലാണ് നിയമം മറികടന്ന് സംരക്ഷിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കണമെന്ന് പ്രസ്താവന ആവശ്യപ്പെട്ടു.
കാന്തപുരത്തിൻെറ വ്യാജ മുടിക്കും ആത്മീയ ചൂഷണങ്ങൾക്കും അനുകൂലമായി കോടതിയിൽ സത്യവാങ്മൂലം നൽകി വിവാദം സൃഷ്ടിച്ചതും ചെന്നിത്തല കെ.പി.സി.സി പ്രസിഡൻറായപ്പോഴും കോൺഗ്രസ് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്തപ്പോഴുമാണ്. കാന്തപുരത്തിൻെറ പരിപാടിയിൽ പങ്കെടുക്കുന്നതിനെ മുടക്കാൻ ചില൪ ശ്രമിച്ചെന്നും ആ മുടക്കികളെ മറികടന്നാണ് ഞാൻ പങ്കെടുത്തതെന്നും പറയുന്ന മന്ത്രി ആരാണീ മുടക്കികൾ എന്ന് വ്യക്തമാക്കണമെന്നും അവ൪ ആവശ്യപ്പെട്ടു.
സമസ്തയെ കുത്തിനോവിച്ച് മുന്നോട്ടുപോകാനുള്ള മന്ത്രിയുടെ നീക്കം മുഖ്യമന്ത്രിയും കോൺഗ്രസ് നേതാക്കളും തടഞ്ഞിട്ടില്ലെങ്കിൽ വരുന്ന എല്ലാ പ്രത്യാഘാതങ്ങൾക്കും അവ൪തന്നെയായിരിക്കും ഉത്തരവാദികളെന്ന് സുന്നി നേതാക്കൾ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.