എലത്തൂര്‍ വ്യവസായ എസ്റ്റേറ്റിനോട് ചേര്‍ന്ന് കണ്‍വെന്‍ഷന്‍ സെന്‍റര്‍ ഉയരും
text_fieldsകോഴിക്കോട്: എലത്തൂ൪ കൈപ്പുറത്ത് പാലത്തെ നഗരസഭാ ഉടമസ്ഥതയിലുള്ള 1.38 ഏക്കറോളം സ്ഥലം ഉപയോഗയോഗ്യമാക്കാൻ തീരുമാനം. എലത്തൂ൪ ഗ്രാമപഞ്ചായത്ത് നേരത്തേ വ്യവസായ എസ്റ്റേറ്റിനും മറ്റുമായി ഏറ്റെടുത്ത സ്ഥലമാണ് ഏറക്കാലമായി അനാഥമായിക്കിടക്കുന്നത്. കനോലി കനാലിനും വിശാലമായ നീ൪ത്തടത്തിനും ഇടയിലുള്ള സ്ഥലത്ത് മിനി കൺവെൻഷൻ സെൻറ൪ സ്ഥാപിക്കാനാണ് തീരുമാനം. ഇതിനായി, പദ്ധതി ഫണ്ടിൽ 50 ലക്ഷം രൂപ വകയിരുത്തി. 2014-15 കാലത്ത് 20 ലക്ഷവും തൊട്ടടുത്ത കൊല്ലം 30 ലക്ഷവും വകയിരുത്തി കൺവെൻഷൻ സെൻറ൪ യാഥാ൪ഥ്യമാക്കാനാണ് തീരുമാനം.
കനോലി കനാലിന് സമാന്തരമായുള്ള പാത വഴി നേരിട്ട് വന്നാൽ കൈപ്പുറത്ത് താഴത്ത് എത്താമെന്നതാണ് മുഖ്യ ആക൪ഷണീയത. കൺവെൻഷൻ സെൻററുകളില്ലാത്ത നഗരത്തിൽ ശാന്തമായ സ്ഥലത്ത് പണിയുന്ന സെൻറ൪ ഏറെ ശ്രദ്ധനേടുമെന്നാണ് പ്രതീക്ഷ.
നിലവിലുള്ള വ്യവസായ എസ്റ്റേറ്റിൽ കുടുംബശ്രീ ആഭിമുഖ്യത്തിൽ ചെറുകിട വ്യവസായ പദ്ധതികൾ ആരംഭിക്കാനും തീരുമാനമുണ്ട്. എരഞ്ഞിക്കൽ പാലത്തിനടുത്തുനിന്ന് കനോലി കനാലിന് സമാന്തരമായി വ്യവസായ എസ്റ്റേറ്റിലേക്കുള്ള പാത നന്നാക്കി ഗതാഗതയോഗ്യമാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതോടെ, കുറ്റ്യാടി-പാവങ്ങാട് സംസ്ഥാന പാതയിൽനിന്ന് വ്യവസായ എസ്റ്റേറ്റിലേക്ക് എളുപ്പം എത്താനാകും. കല്ലുത്താൻ കടവിനും എരഞ്ഞിക്കലിനുമിടയിൽ കനോലി കനാലിന് സമാന്തരമായി ഇതോടെ റോഡ് യാഥാ൪ഥ്യമാകും.
കുറ്റ്യാടി സംസ്ഥാനപാതയിൽനിന്നുള്ള ദൂരം നാലു കി.മീറ്ററെങ്കിലും കുറയാനും ഇതിടയാക്കും. കനോലി കനാൽ നവീകരണത്തിൻെറ ഭാഗമായി ജലസേചന വകുപ്പ് ഇരുഭാഗത്തും പുതിയ ഭിത്തി കെട്ടൽ നടപടി ഈ ഭാഗത്ത് പുരോഗമിക്കുന്നു. നഗരസഭയുടെ പൂരത്തറ ചാലിയിൽ റോഡ് നവീകരണം ഈയിടെ പൂ൪ത്തിയാക്കുകയും ചെയ്തു. ഇതോടെ, വിജനമായിക്കിടന്ന ഈ ഭാഗം ഇപ്പോൾ അരയിടത്തുപാലം സരോവരം ബയോപാ൪ക്ക് എന്നപോലെ നഗരത്തിൻെറ വടക്കേയറ്റത്തെ മുഖ്യ ആക൪ഷണ കേന്ദ്രമായി മാറിയിരിക്കുകയാണ്.
മുമ്പ് എലത്തൂ൪ പഞ്ചായത്ത് വ്യവസായ എസ്റ്റേറ്റിനായി പണിത കെട്ടിടങ്ങൾ സാമൂഹികവിരുദ്ധരുടെ താവളമാണിപ്പോൾ. നീ൪ത്തടത്തിൻെറ ഭാഗത്ത് എട്ട് മുറികളും റോഡ് ഭാഗത്തേക്ക് ആറ് മുറികളുമുള്ള കെട്ടിടമാണ് വെറുതെ കിടക്കുന്നത്.
അക്കേഷ്യ കാടുകൾക്കിടയിൽ കിടക്കുന്ന കെട്ടിടത്തിൻെറ മുറികൾ മിക്കതും തുറന്നുകിടപ്പാണ്. ചുമരുകളും മറ്റും അശ്ളീല ചിത്രങ്ങളും വാക്യങ്ങളുമെഴുതി വൃത്തികേടാക്കിയിട്ടുണ്ട്. കാവൽക്കാരനില്ലാതെ ഗേറ്റ് എപ്പോഴും തുറന്നുകിടക്കുന്ന വ്യവസായ എസ്റ്റേറ്റ് ഭൂമിയിൽ അധികൃത൪ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ നാട്ടുകാ൪ക്ക് തലവേദനയായി മാറുമെന്നുറപ്പ്.
വൈദ്യുതി കണക്ഷൻ കെട്ടിടങ്ങൾക്ക് ലഭിക്കാനും ട്രാൻസ്ഫോമ൪ പണിയാനും സത്വര നടപടിയെടുത്താലേ നിലവിലെ ശോച്യാവസ്ഥക്ക് പരിഹാരമാകൂ എന്ന് പരിസരവാസികൾ ചൂണ്ടിക്കാട്ടുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.