വ്യാജ നമ്പറുള്ള ബൈക്കിലെത്തി മാല മോഷണം; രണ്ടുപേര്‍ പിടിയില്‍
text_fieldsമാവൂ൪: വ്യാജ നമ്പറുള്ള ബൈക്കിലെത്തി സ്വ൪ണമാല പിടിച്ചുപറിച്ച രണ്ടുപേ൪ പൊലീസ് പിടിയിൽ. മലപ്പുറം ജില്ലയിലെ തൃപ്പനച്ചി സ്വദേശികളായ മുളവീട്ടിൽ മുനീ൪ (23), നെച്ചിങ്ങാതൊടിയിൽ മുഹമ്മദ് ഫൈസൽ (26) എന്നിവരെയാണ് മാവൂ൪ പൊലീസ് അറസ്റ്റുചെയ്തത്.
ഞായറാഴ്ച വൈകുന്നേരം നാലോടെ പെരുവയൽ കൊടശ്ശേരി താഴത്തുവെച്ചാണ് പിടിയിലായത്. വെള്ളിപറമ്പ് പുത്തലത്ത് ചാലിൽ സ്വദേശിനിയായ യുവതിയുടെ അഞ്ചു പവൻെറ മാലയാണ് തട്ടിയെടുത്തത്.
കൊടശ്ശേരിതാഴത്തെ ഒരു വിവാഹവീട്ടിൽ പോയി മടങ്ങിവരുമ്പോൾ ബൈക്കിലെത്തിയ സംഘം മാല പിടിച്ചുപറിക്കുകയായിരുന്നു. യുവതിയുടെയും ഒപ്പമുള്ളവരുടെയും ബഹളംകേട്ട് ഓടിക്കൂടിയ നാട്ടുകാ൪ വാഹനങ്ങളിൽ മോഷ്ടാക്കളെ പിന്തുട൪ന്നു. സ്ഥലപരിചയമില്ലാതിരുന്ന മോഷ്ടാക്കൾ ഒരു ഊടുവഴിയിലൂടെ പോയശേഷം മറ്റിടങ്ങളിലേക്ക് പോകാൻ വഴിയില്ലാതെ തിരികെ വരുംവഴി നാട്ടുകാ൪ പിടിക്കുകയായിരുന്നു.
ഉടൻ പൊലീസ് സ്ഥലത്തെത്തി മോഷ്ടാക്കളെയും ഇരുചക്രവാഹനവും കസ്റ്റഡിയിലെടുത്തു. കെ.എൽ.10.എ.പി.8911 നമ്പ൪ ബൈക്കാണ് പിടികൂടിയത്. എന്നാൽ, പൊലീസ് നടത്തിയ പരിശോധനയിൽ കെ.എൽ.10.281 എന്നതാണ് യഥാ൪ഥ നമ്പറെന്ന് തെളിഞ്ഞു.
രണ്ടിൻെറ സ്ഥാനത്ത് സെല്ലുലോസ് ടാപ്പ് ഉപയോഗിച്ച് എട്ട് എന്നാക്കുകയും ഒന്ന് എന്ന നമ്പ൪ അധികമായി ചേ൪ക്കുകയുമാണ് ചെയ്തത്. വിദേശത്തുപോയി ജോലിയില്ലാതെ മടങ്ങിവന്നപ്പോഴുണ്ടായ കടബാധ്യതയാണ് മോഷണത്തിന് പ്രേരിപ്പിച്ചതെന്നാണ് ചോദ്യംചെയ്യലിൽ വെളിപ്പെടുത്തിയതെന്നറിയുന്നു. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.