‘യു.ഡി.എഫ് പ്രകടനപത്രിക പ്രകടനം മാത്രമായി’
text_fieldsകൽപറ്റ: കഴിഞ്ഞ പാ൪ലമെൻറ് തെരഞ്ഞെടുപ്പിലെ എം.ഐ. ഷാനവാസിൻെറ പ്രകടനപത്രിക പ്രകടനം മാത്രമായിരുന്നുവെന്ന് വെൽഫെയ൪ പാ൪ട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം.
പാ൪ട്ടി കൽപറ്റ മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ സമസ്താലയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വയനാട് പാക്കേജ്, ദേശീയപാത 212ലെ രാത്രിയാത്രാ നിരോധം, നഞ്ചൻകോട്-വയനാട്-നിലമ്പൂ൪ റെയിൽപാത, സ൪ക്കാ൪ മെഡിക്കൽ കോളജ്, ബൈരക്കുപ്പ പാലം, കാ൪ഷികത്തക൪ച്ച തുടങ്ങിയ വിഷയങ്ങളിൽ വാഗ്ദാനങ്ങൾ യാഥാ൪ഥ്യമാക്കാൻ എം.പിയുടെ ഭാഗത്തുനിന്ന് ശ്രമംപോലുമുണ്ടായില്ല.
അഞ്ചുവ൪ഷം വയനാടിനെ പാ൪ലമെൻറിൽ പ്രതിനിധാനം ചെയ്ത എം.ഐ. ഷാനവാസിനെ ഇനി മണ്ഡലത്തിൽ വേണ്ടെന്നു പറയുന്നത് സ്വന്തം പാ൪ട്ടിക്കാരും മുന്നണി ഘടകകക്ഷികളുമാണ്.
കുത്തകകളുടെ ബിനാമികളായി മാറിയ ഇടതുപക്ഷവും ബി.ജെ.പിയും കോൺഗ്രസിനൊപ്പം ഒരേ തൂവൽപക്ഷികളാണ്.
ജനപക്ഷ രാഷ്ട്രീയ മുന്നേറ്റമാണ് 16ാം ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടാവുക. അഴിമതിരഹിത ഇന്ത്യ, നേരിൻെറ രാഷ്ടീയം, സമഗ്ര വികസനം, സമ്പൂ൪ണ മദ്യനിരോധം, സ്ത്രീ-ആദിവാസി-ദലിത് മുന്നേറ്റം, മൂല്യാധിഷ്ഠിത ജനപക്ഷ രാഷ്ട്രീയം എന്നതാണ് വെൽഫെയ൪ പാ൪ട്ടിയുടെ മുദ്രാവാക്യം.
മദ്യത്തിൽ മുങ്ങുന്ന വയനാട്ടിൽ സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും അവസ്ഥ അതീവ ദയനീയമാണെന്ന് സ്ഥാനാ൪ഥി റംല മമ്പാട് പറഞ്ഞു. സ്വാതന്ത്ര്യം നേടി അര പതിറ്റാണ്ട് കഴിഞ്ഞിട്ടും വികസനത്തിൻെറ ഗുണഭോക്താക്കളാകാൻ വയനാട്ടുകാ൪ക്ക് കഴിഞ്ഞിട്ടില്ല. ജില്ലയിലെ ദലിത്, ആദിവാസി വിഭാഗങ്ങളുടെ ജീവിതം അതിന് തെളിവാണ്. വെൽഫെയ൪ പാ൪ട്ടിയുയ൪ത്തുന്ന ജനപക്ഷ രാഷ്ട്രീയം അടിച്ചമ൪ത്തപ്പെട്ടവരുടെ വിമോചനമാ൪ഗമാകുമെന്നും അവ൪ കൂട്ടിച്ചേ൪ത്തു.
കൽപറ്റ മണ്ഡലം പ്രസിഡൻറ് ടി.എം. നൂറുദ്ദീൻ മാസ്റ്റ൪ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി കെ.കെ. ശ്രീനാഥ് സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡൻറ് വി.കെ. ബിനു, സംസ്ഥാന സമിതിയംഗം വി. മുഹമ്മദ് ശരീഫ്, നാസ൪ കീഴുപറമ്പ്, പൊന്നമ്മ ജോൺസൺ, സിദ്ദീഖ് പിണങ്ങോട് എന്നിവ൪ സംസാരിച്ചു. ടൗണിൽ പ്രകടനവും നടന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.