19 വിദ്യാര്‍ഥികള്‍ക്ക് സസ്പെന്‍ഷന്‍
text_fieldsകളമശേരി: കൊച്ചി സ൪വകലാശാല പോസ്റ്റ് മെട്രിക് ഹോസ്റ്റലിൽ നടന്ന ആക്രമണത്തിൻെറ പേരിൽ പൊലീസ് അറസ്റ്റ് ചെയ്ത 20 പേരിൽ 19 വിദ്യാ൪ഥികളെ സ൪വകലാശാല സസ്പെൻഡ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് സ൪വകലാശാലയിലെ എല്ലാ റെഗുല൪ ക്ളാസുകളും പരീക്ഷകളും മൂന്നു ദിവസത്തേക്ക് സസ്പെൻഡ് ചെയ്തതായി വൈസ് ചാൻസല൪ അറിയിച്ചു.
ആക്രമണത്തിന് നേതൃത്വം കൊടുത്ത മൂന്നുപേരെ പൊലീസ് റിമാൻഡ് ചെയ്തു. തിരുവനന്തപുരം നേമം ലക്ഷ്മി നിവാസിൽ പ്രേംചന്ദ് (25), സ൪വകലാശാല ബി.ടെക് വിദ്യാ൪ഥികളായ കോഴിക്കോട് എലത്തൂ൪ ശ്രീകൃഷ്ണ ഗീതത്തിൽ സൗഗന്ത് (24), മലപ്പുറം കൊടുങ്ങത്തടി വിവേക് (20) എന്നിവരാണ് റിമാൻഡിലായത്. ബാക്കിയുള്ളവ൪ക്കെതിരെ കേസെടുത്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. റിമാൻഡിലായ പ്രേംചന്ദ് നാലു വ൪ഷം മുമ്പ് പഠിത്തം പൂ൪ത്തിയാക്കി പോയ വിദ്യാ൪ഥിയാണ്. പൊലീസിനെ ആക്രമിച്ചതിനും വാഹനങ്ങൾ തടഞ്ഞുനി൪ത്തിയതിനും നാട്ടുകാ൪ക്കെതിരെ മദ്യക്കുപ്പി എറിഞ്ഞ് സംഘ൪ഷം സൃഷ്ടിച്ചതിനുമാണ് പൊലീസ് കേസെടുത്തത്.
ചൊവ്വാഴ്ച രാത്രി 10ഓടെ സ൪വകലാശാല പോസ്റ്റ് മെട്രിക് ഹോസ്റ്റലിലാണ് സംഭവം. രാവിലെ മുതൽ ഹോസ്റ്റലിൽ തമ്പടിച്ച വിദ്യാ൪ഥികൾ മദ്യലഹരിയിൽ ഒച്ചപ്പാടുണ്ടാക്കി. വൈകുന്നേരത്തോടെ ഹോസ്റ്റലിലുള്ളവരും ഷിപ് ടെക്നോളജിയിലെ വിദ്യാ൪ഥികളും തമ്മിലായി സംഘ൪ഷം. രാത്രിയായതോടെ സംഘ൪ഷം സമീപത്തെ റോഡിലെത്തി. അസഭ്യവ൪ഷവും സംഘട്ടനവുംകൊണ്ട് പൊറുതിമുട്ടിയ നാട്ടുകാ൪ വിദ്യാ൪ഥികളോട് സ്ഥലത്തുനിന്ന് വിട്ടുപോകാൻ ആവശ്യപ്പെട്ടു. അതോടെ സംഘടിതമായി വിദ്യാ൪ഥികൾ ഹോസ്റ്റലിലേക്ക് കയറി നാട്ടുകാ൪ക്കുനേരെ മദ്യക്കുപ്പികളും വടികളും പഴയ ടയറുകളും എറിയാൻ തുടങ്ങി.
ഇതറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിനുനേരെയും കുപ്പിയേറ് നടത്തി. അതോടെ കളമശേരി സി.ഐ സാജൻ സേവ്യറിൻെറ നേതൃത്വത്തിൽ കൂടുതൽ പൊലീസ് എത്തി ഹോസ്റ്റലിലുള്ള 20ഓളം വിദ്യാ൪ഥികളെ പിടികൂടി. കുറച്ചുപേ൪ ഓടി രക്ഷപ്പെട്ടു. ഇതിനിടെ കുപ്പിയേറിൽ നാട്ടുകാരിൽ ചില൪ക്ക് പരിക്കേൽക്കുകയും ചെയ്തു.
സമീപത്തെ വീടുകളിലേക്ക് വരെ മദ്യക്കുപ്പി എറിഞ്ഞു. വിദ്യാ൪ഥി ആക്രമണത്തിനെതിരെ നാട്ടുകാ൪ രാത്രിയിൽ സ൪വകലാശാല അഡ്മിനിസ്ട്രേറ്റീവ് ഓഫിസിലേക്ക് മാ൪ച്ച് നടത്തി. കഴിഞ്ഞ ദിവസം സമാപിച്ച സ൪വകലാശാല കലോത്സവത്തിൻെറ ആഘോഷമാണ് ഹോസ്റ്റലിൽ നടന്നതെന്നാണ് നാട്ടുകാ൪ പറയുന്നത്. കെയ്സ് കണക്കിന് ബിയറിൻെറയും മദ്യത്തിൻെറയും കുപ്പികളാണ് ഹോസ്റ്റലിൽനിന്ന് നാട്ടുകാ൪ക്കും പൊലീസിനും നേരെ വിദ്യാ൪ഥികൾ എറിഞ്ഞത്. കലോത്സവവുമായി ബന്ധപ്പെട്ട് സ൪വകലാശാല 7.5 ലക്ഷം രൂപ നൽകിയത് കൂടാതെ വിദ്യാ൪ഥികൾ വ്യാപക പിരിവ് നടത്തിയതായി ആരോപണം ഉയ൪ന്നിരുന്നു. ഇതിൻെറ പേരിൽ ഇതേ ഹോസ്റ്റലിൽ വിദ്യാ൪ഥികൾ പരസ്പരം ഏറ്റുമുട്ടിയിരുന്നു.
സംഭവത്തിൻെറ പേരിൽ മെട്രിക് ഹോസ്റ്റലിലെ മുഴുവൻ വിദ്യാ൪ഥികളെയും ഒഴിപ്പിക്കുകയും ഹോസ്റ്റൽ അടച്ചുപൂട്ടുകയും ചെയ്തു.
സ൪വകലാശാലയിൽനിന്ന് കോഴ്സ് പൂ൪ത്തിയാക്കി പോയ നിരവധി പേ൪ മെട്രിക് ഹോസ്റ്റലിൽ താമസിക്കാറുണ്ടെന്ന ആക്ഷേപം നേരത്തേ ഉള്ളതാണ്. ഇവരാണ് ആക്രമണങ്ങൾക്കും റാഗിങ്ങുകൾക്കും നേതൃത്വം കൊടുക്കുന്നതെന്നും പരാതിയുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.