വേനല്‍ കനക്കും മുമ്പേ ജില്ല വെന്തുരുകുന്നു
text_fieldsകൊച്ചി: ഇപ്പോഴേ ഇങ്ങനെയാണെങ്കിൽ അടുത്തമാസം എന്താവും. ഇവിടെ ജീവിക്കാൻ കഴിയുമോ? എറണാകുളം ജില്ല വെന്തുരുകുമ്പോൾ സാധാരണക്കാരുടെ ചോദ്യം ഇങ്ങനെ. മാ൪ച്ച് കടക്കാൻ ഇനി പത്തുദിവസം അവശേഷിക്കുമ്പോഴും കൊച്ചി നഗരം അടക്കം ചൂടിൽ ഞെരിപൊരികൊള്ളുകയാണ്. നഗരങ്ങളിലെ ഫ്ളാറ്റുകളിലെ താമസക്കാ൪ ചൂടിൽ എരിപിരി കൊള്ളുകയാണ്. പലരും മുഴുവൻ സമയവും എ.സിയിൽ അഭയം തേടുകയാണ്. വൻതോതിലുള്ള എ.സി ഉപയോഗം മറ്റൊരു ദുരിതമാകുമൊയെന്ന ആശങ്കയും ഇതിനിടെ ഉയരുന്നുണ്ട്. കായലോരങ്ങളിൽ വൻതോതിൽ ഫ്ളാറ്റുകൾ നി൪മിച്ചതോടെ കരയിലേക്ക് കാറ്റ് എത്താതായതാണ് വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന കൊച്ചിയിൽപോലും വൻ ചൂട് അനുഭവപ്പെടാൻ കാരണം. വേനൽമഴ ലഭിക്കാത്തതും തിരിച്ചടിയായി.
ഇത്തവണ ഫെബ്രുവരി പകുതിക്ക് ശേഷം കൊച്ചി നഗരത്തിൽ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. കൊച്ചി മെട്രോയുടെ നി൪മാണത്തിൻെറ ഭാഗമായി നഗരത്തിലെ മുഴുവൻ തണൽ മരങ്ങളും മുറിച്ചതോടെ കാൽനടയാത്രക്കാ൪ക്ക് ആശ്വാസതണൽ പോലും ഇല്ലാതായി. എറണാകുളത്ത് ബുധനാഴ്ച 35 ഡിഗ്രി സെൽഷ്യസ് ചൂടാണ് അനുഭവപ്പെട്ടത്. ഗ്രാമീണ മേഖലകളിലും ചൂട് ക്രമാതീതമായി ഉയരുകയാണ്. കുടിവെള്ള ക്ഷാമവും അനുഭവപ്പെടുന്നുണ്ട്. തെരഞ്ഞെടുപ്പിൻെറ തിരക്കിലായതിനാൽ അധികാരികൾ ഇക്കാര്യങ്ങളിൽ അടിയന്തര നടപടികൾ സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.
ചൂട് കനത്തതോടെ കോഴിക്കോടൻ കുലുക്കി സ൪ബത്ത് എന്ന ബോ൪ഡുമായി ശീതളപാനീയ കടകൾ കൂണുപോലെ മുളച്ചുപൊങ്ങിയിട്ടുണ്ട്. തണ്ണിമത്തൻ ജൂസുകാരും സജീവം. കരിക്ക് കച്ചവടക്കാ൪ക്കും ചാകരയായിരിക്കുകയാണ്. സംഭാരം വിൽപനയും പൊടിപൊടിക്കുകയാണ്.
പൊതുവേ ചൂട് കൂടുതൽ അനുഭവപ്പെടുന്ന ഏപ്രിൽ, മേയ് മാസങ്ങളിൽ എങ്ങനെ ജീവിക്കുമെന്നാണ് നാട്ടുകാരുടെ ചോദ്യം. സംസ്ഥാനത്തെ ശരാശരി താപനില ഒരോ വ൪ഷവും 0.01 ഡിഗ്രി സെൽഷ്യസ് ഉയരുന്നതായി ഇന്ത്യൻ കാലാവസ്ഥ കേന്ദ്രത്തിൻെറ പഠനത്തിൽ തെളിഞ്ഞിരുന്നു.
എറണാകുളമടക്കം സംസ്ഥാനത്തെ ആറ് ജില്ലകളിൽ കടുത്ത വരൾച്ചയാകുമെന്നും മുന്നറിയിപ്പുണ്ട്.
ചരിത്രത്തിലെ ഏറ്റവും കാഠിന്യമേറിയ വേനൽക്കാലമാണ് ഇത്തവണ കേരളത്തെ കാത്തിരിക്കുന്നതെന്ന് സംസ്ഥാന പരിസ്ഥിതി വകുപ്പും മുന്നറിയിപ്പ് നൽകിയിരുന്നു. പാലക്കാട് ചൊവ്വാഴ്ച അനുഭവപ്പെട്ട ചൂട് 40.50 ഡിഗ്രി സെൽഷ്യസായിരുന്നു.
എ.സി, ഫാൻ ഉപയോഗം കൂടിയതോടെ വൈദ്യുതി ഉപയോഗവും കുതിച്ചുയരുകയാണ്. കൊച്ചി നഗരത്തിലടക്കം കുടിവെള്ളക്ഷാമം അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് വാട്ട൪ അതോറിറ്റിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിൻെറ അടിസ്ഥാനത്തിൽ കുടിവെള്ളം ദുരുപയോഗം ചെയ്യുന്നവ൪ക്കെതിരെ അതോറിറ്റി നടപടികൾ തുടങ്ങിയിട്ടുണ്ട്.
പെരിയാറിലടക്കം ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞിരിക്കുകയാണ്. ചൂടുകാറ്റുമൂലം ബസ് യാത്രയും ദുരിതമാകുകയാണ്. ഉച്ചയാകുന്നതോടെ ട്രെയിനുകൾ ചുട്ടുപൊള്ളും. പൊടിശല്യവും രൂക്ഷമാണ്. ഇരുചക്ര വാഹന യാത്രികരും കാൽനടക്കാരുമാണ് ഇതുമൂലം എറെ ബുദ്ധിമുട്ടിലായിരിക്കുന്നത്. ഇനി കറൻറ് കട്ടുകൂടി വരരുതേയെന്ന പ്രാ൪ഥനയിലാണ് ജില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.