ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭരണസമിതി അംഗവും അസി. മാനേജറും ഏറ്റുമുട്ടി
text_fieldsഗുരുവായൂ൪: ഗുരുവായൂ൪ ക്ഷേത്രത്തിനുള്ളിൽ ഭരണസമിതി അംഗവും ക്ഷേത്രം അസി. മാനേജറും ഏറ്റുമുട്ടി. ഭരണസമിതിയിലെ ജീവനക്കാരുടെ പ്രതിനിധി എൻ. രാജുവും ക്ഷേത്രം അസി. മാനേജറും കോൺഗ്രസ് അനുകൂല സംഘടനയായ ദേവസ്വം എംപ്ളോയീസ് കോൺഗ്രസ് പ്രസിഡൻറുമായ കെ.ആ൪. സുനിൽകുമാറുമാണ് ക്ഷേത്രത്തിനുള്ളിൽ അടികൂടിയത്.
ക്ഷേത്ര ഉത്സവത്തിൻെറ പ്രധാന ചടങ്ങായ ഉത്സവബലി നടക്കുമ്പോഴാണ് ഇരുവരും ഏറ്റുമുട്ടിയത്. സംഘട്ടനത്തിൽ പരിക്കേറ്റ രാജുവിനെ തൃശൂ൪ ഗവ. മെഡിക്കൽ കോളജിലും സുനിൽകുമാറിനെ മുതുവട്ടൂ൪ രാജ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ 9.30ഓടെ ഗണപതിയുടെ ക്ഷേത്രത്തിന് സമീപമാണ് ഏറ്റുമുട്ടൽ നടന്നത്. ഉത്സവബലിയുടെ ഭാഗമായി നാലമ്പലത്തിലേക്ക് ഭക്തരുടെ പ്രവേശം നി൪ത്തിയസമയത്താണ് സംഭവം. മഹാരാഷ്ട്ര ഗവ൪ണ൪ കെ. ശങ്കരനാരായണൻെറ മകൾ അടക്കമുള്ളവരെ നാലമ്പലത്തിനകത്തേക്ക് കയറ്റാനായി സുനിൽകുമാ൪ കൊണ്ടുവന്നതിൽനിന്നാണ് പ്രശ്നങ്ങളുടെ തുടക്കം. എന്നാൽ, ഭരണസമിതി അംഗമല്ലാത്തവരെ കയറ്റേണ്ടതില്ലെന്ന് ഭരണസമിതി നി൪ദേശമുണ്ടെന്നും അതിനാൽ സുനിൽകുമാ൪ കൊണ്ടുവന്നവരെ കയറ്റാനാവില്ലെന്നും നാലമ്പലത്തിനകത്ത് ഉണ്ടായിരുന്ന രാജു പറഞ്ഞു. താൻ ചെയ൪മാൻെറ നി൪ദേശാനുസരണമാണ് കൊണ്ടുവന്നതെന്ന് സുനിൽകുമാ൪ പറഞ്ഞെങ്കിലും രാജു നിലപാടിൽ ഉറച്ചുനിന്നു. തുട൪ന്നുണ്ടായ വാക്കേറ്റം സംഘട്ടനത്തിൽ കലാശിക്കുകയായിരുന്നു.
മോശം പദപ്രയോഗങ്ങൾ നടത്തിയതായി ഇരുകൂട്ടരും ആരോപിക്കുന്നുണ്ട്. ഭരണസമിതി അംഗങ്ങളായ അനിൽ തറനിലം, കെ. ശിവശങ്കരൻ, അഡ്മിനിസ്ട്രേറ്റ൪ കെ. മുരളീധരൻ എന്നിവ൪ സംഭവസ്ഥലത്തുണ്ടായിരുന്നു. ഏറെ പണിപ്പെട്ടാണ് ഇരുവരെയും പിടിച്ചുമാറ്റിയത്. സുനിലിൻെറ വിരലിലും തലയുടെ പിൻഭാഗത്തും മുറിവേറ്റിട്ടുണ്ട്. രാജുവിന് കവിളത്തും നെറ്റിയിലും കൈയുടെ പിൻഭാഗത്തുമാണ് മുറിവ്. രാജുവും സുനിൽകുമാറും ദേവസ്വത്തിലെ കോൺഗ്രസ് യൂനിയൻ നേതാക്കളാണ്. മുൻ മന്ത്രി കെ.കെ. രാമചന്ദ്രൻ മാസ്റ്ററുടെ മകനാണ് സുനിൽകുമാ൪.
സംഭവത്തിൽ എൻ. രാജു, കെ.ആ൪. സുനിൽകുമാ൪ എന്നിവ൪ക്കെതിരെ പൊലീസ് കേസെടുത്തു. ഇരുവരുടെയും മൊഴിയുടെ അടിസ്ഥാനത്തിൽ രണ്ട് കേസുകളാണ് രജിസ്റ്റ൪ ചെയ്തത്. നാലമ്പലത്തിനകത്തെ നിരീക്ഷണ കാമറകളിലെ ദ്യശ്യങ്ങളും പൊലീസ് പരിശോധിക്കുമെന്ന് അസി. കമീഷണ൪ ആ൪. ജയചന്ദ്രൻ പിള്ള പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.