പുതിയ വോട്ടില്‍ കണ്ണുനട്ട് എല്‍.ഡി.എഫ്; ഭൂരിപക്ഷം കൂടുമെന്ന് യു.ഡി.എഫ്
text_fieldsതൃശൂ൪: കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കാൽ ലക്ഷത്തിലധികം വോട്ടിന് പരാജയപ്പെട്ടെങ്കിലും പിന്നീട് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ മുന്നേറ്റവും പുതിയ വോട്ട൪മാരുമാണ് തൃശൂരിൽ ഇടതുമുന്നണി പ്രതീക്ഷിക്കുന്ന അനുകൂല ഘടകങ്ങളിൽ ചിലത്.
2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 25,151 വോട്ട് അധികം നേടിയാണ് സി.പി.ഐയിലെ സി.എൻ. ജയദേവനെ കോൺഗ്രസിലെ പി.സി. ചാക്കോ പരാജയപ്പെടുത്തിയത്. ചാക്കോക്ക് 3,85,297 വോട്ടും ജയദേവന് 3,60,146 വോട്ടുമാണ് കിട്ടിയത്. ബി.ജെ.പിയിലെ രമ രഘുനന്ദനൻ 54,680 വോട്ട് പിടിച്ചു. തൃശൂ൪ ലോക്സഭയിൽ ഉൾപ്പെടുന്ന നിയമസഭാ മണ്ഡലങ്ങളിൽ തൃശൂ൪, ഒല്ലൂ൪, മണലൂ൪, ഗുരുവായൂ൪, ചാലക്കുടി എന്നിവിടങ്ങളിൽ യു.ഡി.എഫിനും പുതുക്കാട്ടും നാട്ടികയിലും എൽ.ഡി.എഫിനുമാണ് മേൽകൈ കിട്ടിയത്. മണലൂരിൽ കേവലം 16 വോട്ടാണ് യു.ഡി.എഫിന് അധികം കിട്ടിയത്. തൃശൂരിൽ അധികം കിട്ടിയ 14,816 വോട്ടും ഒല്ലൂരിലെ 9,803 വോട്ടുമാണ് പി.സി. ചാക്കോയെ തുണച്ചത്. പുതുക്കാട്ടും നാട്ടികയിലും പ്രതീക്ഷിച്ച ഭൂരിപക്ഷം കുറഞ്ഞതും ഗുരുവായൂരിലും മണലൂരിലും പ്രതീക്ഷക്ക് വിരുദ്ധമായി യു.ഡി.എഫിനെക്കാൾ വോട്ട് കുറഞ്ഞതും എൽ.ഡി.എഫിന് തിരിച്ചടിയായി.
അതേസമയം, 2011ലെ നിയമസഭാ തെരഞ്ഞെടുപ്പോടെ കാര്യങ്ങൾ മാറിമറിഞ്ഞു. തൃശൂരിൽ ഉൾപ്പെടുന്ന ഏഴ് നിയമസഭാ മണ്ഡലങ്ങളിലും ചേ൪ത്ത് എൽ.ഡി.എഫിന് 17,203 വോട്ട് അധികം കിട്ടി. അന്ന് എൽ.ഡി.എഫ് 4,20,883 വോട്ടും യു.ഡി.എഫ് 4,03,680 വോട്ടുമാണ് ആകെ നേടിയത്. ബി.ജെ.പി വോട്ട് പതിനായിരത്തിലേറെ ഉയ൪ന്ന് 65,578 ആയി.
ഗുരുവായൂ൪, നാട്ടിക, പുതുക്കാട് അസംബ്ളി സീറ്റുകളാണ് എൽ.ഡി.എഫ് നേടിയത്. ഇതിൽ പുതുക്കാട്ട് സി. രവീന്ദ്രനാഥ് 26,482 വോട്ടിൻെറ ഭൂരിപക്ഷം നേടി. ഗുരുവായൂരിൽ കെ.വി. അബ്ദുൽഖാദ൪ 9,968 വോട്ട് ഭൂരിപക്ഷം നേടിയപ്പോൾ നാട്ടികയിൽ ഗീത ഗോപിയുടെ ലീഡ് 16,054 ആയിരുന്നു. മണലൂ൪ സീറ്റ് 481 വോട്ടിൻെറ വ്യത്യാസത്തിലാണ് എൽ.ഡി.എഫിന് നഷ്ടപ്പെട്ടത്. അതേസമയം തൃശൂ൪ നിയമസഭാ മണ്ഡലത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിനെക്കാൾ യു.ഡി.എഫിൻെറ ഭൂരിപക്ഷം മെച്ചപ്പെട്ടു. 16,169 വോട്ടിൻെറ ഭൂരിപക്ഷത്തിനാണ് തേറമ്പിൽ രാമകൃഷ്ണൻ ജയിച്ചത്. ഇരിങ്ങാലക്കുടയിലും യു.ഡി.എഫ് നില മെച്ചപ്പെടുത്തി. കേരള കോൺഗ്രസ്-എമ്മിലെ തോമസ് ഉണ്ണിയാടൻ 12,404 വോട്ട് അധികം നേടി. അതേസമയം, ഒല്ലൂരിൽ ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് യു.ഡി.എഫിൻെറ ഭൂരിപക്ഷം 6247 ആയി കുറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിലെ മേൽകൈയും പുതിയ മുക്കാൽ ലക്ഷം വോട്ട൪മാരിലെ നല്ലൊരു പങ്കും ചേ൪ത്താണ് എൽ.ഡി.എഫ് പ്രതീക്ഷ കെട്ടിപ്പൊക്കുന്നത്. തൃശൂരിൽ മുന്നണിയിൽ മറ്റെന്നത്തേക്കാളും ഒരുമയും അനുകൂല ഘടകമായി കാണുന്നുണ്ട്. എന്നാൽ, യു.ഡി.എഫ് നേതാക്കൾ ഇതെല്ലാം തള്ളുന്നു. ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിലെ വോട്ടിങ് നില രണ്ടായി കാണണമെന്നാണ് മുന്നണി നേതാക്കളുടെ പക്ഷം. പ്രതിപക്ഷത്തിരുന്നിട്ടും എൽ.ഡി.എഫിന് പ്രതികൂല ഘടകങ്ങൾ വ൪ധിക്കുകയാണ് ചെയ്തതെന്ന് ഇവ൪ പറയുന്നു. കോൺഗ്രസിലെ ഗ്രൂപ്പും ക്രൈസ്തവ സഭയുടെ നിലപാടും തെരഞ്ഞെടുപ്പ് വിജയത്തെ ബാധിക്കില്ല. പി.സി. ചാക്കോ നേടിയതിനേക്കാൾ വലിയ ഭൂരിപക്ഷം ധനപാലന് കിട്ടും. പണ്ടത്തെ കാലം പോലെ പുതിയ വോട്ട൪മാ൪ എൽ.ഡി.എഫിനെ പിന്തുണക്കുന്നില്ല. അവരെ ആക൪ഷിക്കുന്ന ആം ആദ്മി പോലുള്ള ഘടകങ്ങളുമുണ്ടെന്ന് യു.ഡി.എഫ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.