സമ്പൂര്‍ണവിജയം ആവര്‍ത്തിക്കും
text_fieldsഇത്തവണ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൻെറയും മുന്നണിയുടെയും സാധ്യത എത്രത്തോളമാണ്
= പ്രചാരണത്തിൻെറ ആദ്യഘട്ടം വിജയകരമായി പൂ൪ത്തീകരിക്കാനായി. സീറ്റു വിഭജനവും കോൺഗ്രസ് സ്ഥാനാ൪ഥി നി൪ണയവും സുഗമമായിരുന്നു. പൊതു അന്തരീക്ഷം യു.ഡി.എഫിന് അനുകൂലമാണ്. ഈ നിലയിൽ മുന്നോട്ടുപോയാൽ ഇത്തവണ 1977ന് സമാനമായി സമ്പൂ൪ണവിജയം ആവ൪ത്തിക്കാൻ സാധ്യതയുണ്ട്. എന്നാൽ, തുട൪പ്രവ൪ത്തനങ്ങൾ ആശ്രയിച്ചായിരിക്കും അവിടേക്കത്തെുക. തെരഞ്ഞെടുപ്പാകുമ്പോൾ പല അപ്രതീക്ഷിത സംഭവങ്ങളുമുണ്ടാകാം. തെരഞ്ഞെടുപ്പു രംഗത്തെ പരിചയസമ്പന്നതവെച്ച് സമ്പൂ൪ണ വിജയം ഉണ്ടാകുമെന്നാണ് മനസ്സിലാക്കാനാകുന്നത്.
യു.ഡി.എഫിൻെറ സ൪വതലങ്ങളിലും ആത്മവിശ്വാസം പ്രകടമാണ്. യു.ഡി.എഫ് മണ്ഡലം തല തെരഞ്ഞെടുപ്പ് കൺവെൻഷനുകളിലെല്ലാം പ്രവ൪ത്തകരുടെ ആവേശം പ്രകടമാണ്. ഈ കൺവെൻഷനുകളിലെല്ലാം ശ്രദ്ധിക്കപ്പെട്ടത് ചെറുപ്പക്കാരുടെയും വലിയതരത്തിൽ കക്ഷിരാഷ്ട്രീയമില്ലാത്തവരും എന്നാൽ രാഷ്ട്രീയ താൽപര്യം ഉള്ളവരുമായ ആളുകളുടെയും സാന്നിധ്യമാണ്. ഒറ്റപ്പെട്ട ചില പ്രശ്നങ്ങൾ താഴത്തെട്ടിൽ ചിലയിടങ്ങളിലുണ്ട്. അത്തരം സ്ഥലങ്ങളിലെ പ്രവ൪ത്തകരിൽപോലും പ്രശ്നങ്ങൾ പരിഹരിക്കണമെന്ന ആഗ്രഹവും താൽപര്യവും ഇത്തവണ കാണുന്നുണ്ട്.
? പ്രവ൪ത്തകരിലെ ഉണ൪വ് മാത്രമാണോ ആത്മവിശ്വാസത്തിന് അടിസ്ഥാനം
= അതൊരു പ്രധാനഘടകമാണ്. എൽ.ഡി.എഫിൻെറ വിശ്വാസ്യത താഴേക്കുപോയതും കാരണമാണ്. അവരുടെ പ്രവ൪ത്തനങ്ങളിലെ വൈകല്യമാണ് ഈ സാഹചര്യം ലഭ്യമാക്കിയത്. ടി.പി. ചന്ദ്രശേഖരൻ വധത്തോടെ ഇത് ശക്തമായി. കൊലയുടെ കാരണം രാഷ്ട്രീയമാണെന്ന് കോടതിപോലും പറഞ്ഞിട്ടുണ്ട്. രാഷ്ട്രീയ അഭിപ്രായവ്യത്യാസമുള്ളവരെ ജീവിക്കാനനുവദിക്കില്ളെന്ന സമീപനമാണ് സി.പി.എമ്മിൻേറത്. ടി.പി വധത്തിനുശേഷവും ഈ സംഭവത്തോടുള്ള സി.പി.എം നേതൃത്വത്തിൻെറ പ്രതികരണം സ്വന്തം അണികളെപ്പോലും പാ൪ട്ടിയിൽനിന്ന് അകറ്റുംവിധമാണ്. സംഭവത്തിന് ഉത്തരവാദികളായവ൪ക്കെതിരെ നടപടിയെടുത്തുവെന്ന് പറഞ്ഞ് പുകമറ സൃഷ്ടിക്കാൻ ശ്രമിച്ചെങ്കിലും ആത്യന്തികമായി അവരുടെ കൂറ് കൊലയാളികൾക്കൊപ്പമാണ്.അക്കാര്യം അവ൪ ഓരോ ഘട്ടത്തിലും തെളിയിച്ചു.
ടി.പി കേസിൽ വിധിവന്ന ശേഷവും ഈ വിഷയത്തിൽ ഏതെങ്കിലും തരത്തിൽ ജനത്തെ ബോധ്യപ്പെടുത്താൻ സി.പി.എം നടപടിയെടുത്തില്ല. പിന്നീട് ആളുകളുടെ കണ്ണിൽ പൊടിയിടാൻ സംഭവംപോളിറ്റ് ബ്യൂറോ അന്വേഷിച്ചുവെന്നും വ്യക്തിവിരോധമാണ് കാരണമെന്നും പറഞ്ഞ് പ്രതികളിൽ ഒരാൾക്കെതിരെ നടപടിയെടുത്തു. സ്വന്തം അണികൾക്കുപോലും ഇത് വിശ്വസിക്കാനാവില്ല. അന്വേഷണം നടത്തിയത് ആരാണ്? ആരിൽ നിന്നെല്ലാമാണ് മൊഴിയെടുത്തത്? സംഭവത്തിൽ പി.ബിക്ക് പരാതി നൽകിയത് ടി.പിയുടെ ഭാര്യ രമയുടെ പിതാവ് മാധവനാണ്. ചുരുങ്ങിയപക്ഷം പരാതിക്കാരനായ മാധവനോടെങ്കിലും എന്തെങ്കിലും ചോദിച്ചിട്ടുണ്ടോ? കൊല്ലപ്പെട്ട ടി.പി യുടെ ഭാര്യ രമയോട് ചോദിച്ചിട്ടുണ്ടോ? അത്തരത്തിൽ ഒന്നും ഉണ്ടായിട്ടില്ല. കൊലക്കു ശേഷമുള്ള അവരുടെ ഓരോ പ്രസ്താവനയും അവരുടെ വിശ്വാസ്യത ഇല്ലാതാക്കി.
? ടി.പി കേസിൽ പ്രതിപക്ഷ നേതാവ് അച്യുതാനന്ദൻപോലും ഇപ്പോൾ നിലപാട് തിരുത്തിയില്ളേ
= അദ്ദേഹത്തിൻെറ നിലപാടുമാറ്റം പാ൪ട്ടിയുടെ ക൪ശന സമ്മ൪ദത്തിൻെറ ഫലമാണെന്ന് ആ൪ക്കാണ് അറിയാത്തത്. ആത്യന്തികമായി അദ്ദേഹത്തിന് മുൻനിലപാടിൽ നിന്ന് മാറാനാവില്ല. ഇപ്പോഴത്തെ നിലപാട് അദ്ദേഹത്തിന് ഗുണംചെയ്യില്ല. വി.എസിന് ജനങ്ങൾക്കിടയിലെ മതിപ്പ് കുറക്കാനും ഇല്ലാതാക്കാനും കഴിയുമെന്നല്ലാതെ ഈ നിലപാടുമാറ്റം വഴി ഒരു ഫലവുമില്ല. സമൂഹത്തിൽ അദ്ദേഹത്തിനുള്ള മതിപ്പ് കുറക്കുകയെന്ന ലക്ഷ്യം സി.പി.എമ്മിന് ഇതിലൂടെ നേടാനായി.
രാഷ്ട്രീയ എതിരാളികളെ ക്വട്ടേഷൻസംഘങ്ങളെ ഉപയോഗിച്ച് ഉന്മൂലനം ചെയ്യുന്ന സി.പി.എം രീതി കമ്യൂണിസ്റ്റ് സംസ്കാരമല്ല, മറിച്ച് കാട്ടാള സംസ്കാരമാണ്. ഇതെല്ലാം ജനം വിലയിരുത്തും. അക്രമരാഷ്ട്രീയം ജനം അംഗീകരിക്കില്ല. അക്രമരാഷ്ട്രീയം അവസാനിപ്പിക്കാൻ സി.പി.എം തയാറാകുന്നില്ല. കണ്ണൂരിൽ സി.പി.എം ‘വധശിക്ഷ’ നൽകിയ ഷുക്കൂറിൻെറ ഉമ്മയുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഇതേവരെയും അവ൪ക്ക് കഴിഞ്ഞിട്ടില്ല. തൃശൂ൪ പെരിഞ്ഞനത്ത് പാ൪ട്ടി ഓഫിസിൽ ക്വട്ടേഷനുമായി ഗൂഢാലോചന നടത്തി കൊല ആസൂത്രണം ചെയ്തു. അവിടെ ആളുമാറി നിരപരാധിയായ ഒരാൾ കൊല്ലപ്പെട്ടു.
? തെരഞ്ഞെടുപ്പിൽ പാ൪ട്ടി/മുന്നണി ഉന്നയിക്കുന്ന പ്രധാന വിഷയങ്ങൾ എന്തെല്ലാമാണ്
= കോൺഗ്രസിൻെറ നേതൃത്വത്തിൽ രാജ്യം കൈവരിച്ച നേട്ടങ്ങൾ, അന്ത൪ദേശീയ തലത്തിൽ രാജ്യത്തിനുണ്ടായ അഭിമാനസ്ഥാനം, കഴിഞ്ഞ 10 വ൪ഷത്തെ യു.പി.എ ഭരണനേട്ടം, നാനാജാതി മതസ്ഥരെ ഒരുമിപ്പിച്ച് നി൪ത്താനായത് തുടങ്ങിയവ ഞങ്ങൾ ഉയ൪ത്തിക്കാട്ടും. ഇതോടൊപ്പം കേരളത്തിലെ യു.ഡി.എഫ് ഭരണത്തിൻെറ നേട്ടങ്ങളും ച൪ച്ചചെയ്യും. ഇടതുപക്ഷത്തിൻെറ അന്ധമായ കോൺഗ്രസ് വിരോധം ബി.ജെ.പിക്ക് സഹായകമാകുമെന്നതും ച൪ച്ചചെയ്യപ്പെടും. കേരളവും ബംഗാളും നഷ്ടപ്പെട്ട സി.പി.എമ്മിന് ഇപ്പോൾ ത്രിപുരയിൽ മാത്രമാണ് പച്ചപ്പുള്ളത്. ത്രിപുര മാത്രംവെച്ച് അവ൪ക്ക് ദേശീയതലത്തിൽ ഒന്നുംചെയ്യാനാകില്ല. സ്ഥിരമായ നയമോ ലക്ഷ്യമോ ഇല്ലാത്തവരാണ് ജയലളിതയും കൂട്ടരും. സ്വന്തം അടിത്തറയില്ലാത്ത സി.പി.എം അത്തരക്കാരെ ഒപ്പംനി൪ത്തി ദേശീയതലത്തിൽ മൂന്നാംചേരി ഉണ്ടാക്കി കോൺഗ്രസിനെയും ബി.ജെ.പിയെയും നേരിടുമെന്നു പറയുന്നതിൽ അ൪ഥമില്ല. അന്ധമായ കോൺഗ്രസ് വിരോധമാണ് സി.പി.എമ്മിനെ നയിക്കുന്നത്. ഒന്നാം യു.പി.എയുടെ കാലത്ത് ഇതിന് മാറ്റംവന്നെങ്കിലും പിന്നീട് പഴയപടിയായി.
ഈ തെരഞ്ഞെടുപ്പിൽ സി.പി. എമ്മിനോ അവ൪ നേതൃത്വം നൽകുന്ന മുന്നണിയുണ്ടെങ്കിൽ അവ൪ക്കോ ദേശീയ രാഷ്ട്രീയത്തിൽ പ്രസക്തിയില്ല. വ൪ഗീയ ഫാഷിസ്റ്റ് ശക്തികളുടെ വെല്ലുവിളി നേരിടാൻ കോൺഗ്രസിനും യു.പി.എക്കും മാത്രമേ സാധിക്കൂ. കോൺഗ്രസിനും യു.പി.എക്കുമെതിരെയുള്ള ഓരോ വോട്ടും ബി.ജെ.പിക്കുള്ള വോട്ടായിരിക്കും. ഈ തിരിച്ചറിവ് ജനങ്ങൾക്കുണ്ട്. ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസ് ജയിച്ചുവരേണ്ട അനിവാര്യതയാണ് ഞങ്ങൾ ഉയ൪ത്തിക്കാട്ടുന്നത്. ബി.ജെ.പി ഉയ൪ത്തിക്കാട്ടുന്നത് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയെയാണ്. മുഖ്യമന്ത്രിയെന്ന നിലയിൽ ജനങ്ങളുടെ സംരക്ഷകനാകേണ്ട മോദി സംഹാരമൂ൪ത്തിയായി മാറുകയായിരുന്നു. ജനമനസ്സിൽ പ്രതിസ്ഥാനത്താണ് മോദി. അദ്ദേഹം അധികാരത്തിൽ വന്നാൽ ഗുജറാത്തിൽ നടത്തിയ ജനദ്രോഹപ്രവ൪ത്തനം രാജ്യത്താകെ ആവ൪ത്തിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
? വിലക്കയറ്റം, ഇന്ധന വിലവ൪ധന, ആധാ൪ നി൪ബന്ധമാക്കൽ തുടങ്ങിയ വിഷയങ്ങളൊന്നും തെരഞ്ഞെടുപ്പിൽ വിഷയമാവില്ളേ
= ഇക്കാര്യങ്ങളുടെ പേരിലെല്ലാം വിമ൪ശം വന്നിരുന്നു. ഞങ്ങളും ഈ വിഷയങ്ങളിൽ പ്രതികരിച്ചിട്ടുണ്ട്. സംസ്ഥാന സ൪ക്കാറും ഇടപെട്ടിരുന്നു. എല്ലാം ശരിയായിരുന്നുവെന്ന് അവകാശപ്പെടുന്നുമില്ല. എന്നിരുന്നാലും പരിമിതികൾക്കുള്ളിൽനിന്ന് ജനങ്ങൾക്കുവേണ്ടി പരമാവധി പ്രവ൪ത്തിക്കുന്ന സ്ഥിതിവിശേഷമാണ് ഉണ്ടായിരുന്നത്.
? വിവാദത്തിൽ അകപ്പെട്ടവരെ കേരളത്തിൽ വീണ്ടും പാ൪ട്ടിയുടെ സ്ഥാനാ൪ഥിയാക്കാൻ കാരണമെന്താണ്
= എന്തെങ്കിലും വെറുതെ പറയാമെന്നല്ലാതെ പാ൪ട്ടിയുടെ ഒരു എം.പി ക്കെതിരെയും നിയമപരമായോ വസ്തുതാപരമായോ ആക്ഷേപങ്ങളൊന്നും ഉയ൪ന്നുവന്നിട്ടില്ല. അതിനാൽ ഒരാളെപ്പോലും മാറ്റിനി൪ത്തുന്നതിനെപ്പറ്റി ആലോചിക്കേണ്ടിവന്നില്ല. ഒരുതവണ മത്സരിച്ചവരെ മാറ്റിനി൪ത്തുകയെന്നത് നീതിയുമല്ല.
? യു.ഡി.എഫിലേക്കുള്ള ആ൪.എസ്.പിയുടെ വരവ് എത്രത്തോളം ഗുണംചെയ്യും
= അവരുടെ തീരുമാനം ഇടതുമുന്നണിക്കേറ്റ പ്രഹരമാണ്; ദേശീയതലത്തിൽ ഇടതുപക്ഷത്തിൻെറ തെറ്റായ നിലപാടിനേറ്റ തിരിച്ചടിയാണ്. മുന്നണി മാറാൻ അവ൪ക്ക് കൃത്യമായ ന്യായീകരണമുണ്ട്. ഘടകകക്ഷികളെ അടിമകളായി കണക്കാക്കുന്ന മനോഭാവമാണ് ഇടതുമുന്നണിയെ നയിക്കുന്ന സി.പി.എമ്മിനുള്ളത്. അത് അസഹനീയമായതോടെയാണ് അവ൪ മുന്നണിവിട്ടത്. ആ൪.എസ്.പി യു.ഡി.എഫിലേക്ക് വന്നതിൽ ഒരു മുൻധാരണയുമില്ല. കേവലം മൂന്നു ദിവസത്തെ ‘പൊളിറ്റിക്കൽ ഡെവലപ്മെൻറിന്’ ഒടുവിലാണ് അവ൪ യു.ഡി.എഫിലത്തെിയത്.
? ചില പാ൪ട്ടികൾ കൂടി ഇടതുമുന്നണിവിടുമെന്ന പ്രചാരണമുണ്ടല്ളോ
= യു.ഡി.എഫിന് തുറന്ന മനസ്സാണുള്ളത്. അതിന൪ഥം വരുന്ന എല്ലാവരെയും മുന്നണിയിലെടുക്കുമെന്നല്ല. യു.ഡി.എഫിന് ഗുണകരമാണെങ്കിൽ, മുന്നണി വിട്ടുവരുന്നവരെ തുറന്നമനസ്സോടെ നോക്കിക്കാണാൻ മടിക്കില്ല. അക്കാര്യത്തിൽ മുൻവിധിയില്ല.
? ജനകീയ സമരങ്ങളോടുള്ള പൊതുസമീപനം എന്താണ്
= ജനകീയ വിഷയങ്ങളോടുള്ള മുഖ്യധാരാ പാ൪ട്ടികളുടെ സമീപനത്തിനെതിരെ ശക്തമായ വിമ൪ശം ഉയ൪ന്നുവരാറുണ്ട്. മുഖ്യധാരാ പാ൪ട്ടികൾ ഇക്കാര്യത്തിൽ കുറച്ചുകൂടി പ്രായോഗിക സമീപനം സ്വീകരിക്കണമെന്ന നിലപാടാണ് എനിക്കുള്ളത്. ഇത് ശരിയായി നിറവേറ്റുമ്പോൾത്തന്നെ സംഘ൪ഷം കുറക്കാനാകും. ജനകീയ സമരങ്ങളെ ശ്രദ്ധിക്കുകയും അവ൪ പറയുന്ന കാര്യങ്ങൾ വിലയിരുത്തുകയും അവ പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്യേണ്ടതാവശ്യമാണ്. ഏതു തീരുമാനമാണെങ്കിലും അത് സമരരംഗത്തുള്ളവരെ ബോധ്യപ്പെടുത്തണം. ഇക്കാര്യത്തിൽ യു.ഡി.എഫ് സ൪ക്കാ൪ അനുകൂല നിലപാടാണ് പൊതുവെ സ്വീകരിച്ചിട്ടുള്ളത്.
മൂലമ്പിള്ളി പ്രശ്നമാണ് യു.ഡി.എഫ് സ൪ക്കാ൪ അധികാരത്തിൽ വന്നശേഷം ആദ്യം കൈകാര്യം ചെയ്തത്. കഴിഞ്ഞ ഇടത് സ൪ക്കാ൪ ഈ വിഷയത്തിൽ വേണ്ടവിധം ഇടപെട്ടില്ല. യു.ഡി.എഫ് അധികാരത്തിൽ വന്നശേഷം സമരക്കാരുമായി സംസാരിച്ച് പ്രധാന കാര്യങ്ങളിൽ തീരുമാനമുണ്ടാക്കി. അവശേഷിക്കുന്ന കാര്യങ്ങളിലും പരിഹാരം കാണാൻ ശ്രമം തുടരും. ചെങ്ങറ വിഷയത്തിലും യു.ഡി.എഫ് അധികാരത്തിൽ വന്നശേഷമാണ് ച൪ച്ചയും തീരുമാനവും വന്നത്. എൻഡോസൾഫാൻ പ്രശ്നത്തിൽ വി.എസ്. അച്യുതാനന്ദൻ താൽപര്യമെടുത്തുവെന്നത് യാഥാ൪ഥ്യമാണെങ്കിലും യു.ഡി. എഫ് വന്നശേഷമാണ് കൃത്യമായ നടപടികളിലേക്ക് പോയത്. തുട൪ച൪ച്ചകളും നടപടികളും ആവശ്യമായ വിഷയമാണിത്. മാ൪ച്ച് 25ന് നടത്തിയ ച൪ച്ചയെ തുട൪ന്ന് ഒമ്പത് ഉത്തരവുകൾ പുറത്തിറക്കിയെങ്കിലും നടപ്പാക്കാൻ കാലതാമസം വന്നു. അതും സ൪ക്കാ൪ ഇടപെട്ട് പരിഹരിച്ച് നടപടികളിലേക്ക് നീങ്ങുകയാണ്.
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സ൪വസമ്മതമായ പരിഹാരം ഉണ്ടാക്കാനായിട്ടില്ല.തുട൪ച൪ച്ചകൾ ഇക്കാര്യത്തിൽ വേണം. മെച്ചപ്പെട്ട പുനരധിവാസ പാക്കേജ് ആവശ്യമായിവരും. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട നിലവിലെ ഉത്തരവുകൾ അപര്യാപ്തമാണ്. പദ്ധതിപോലെ പുനരധിവാസ പാക്കേജും പ്രധാനമാണ്.റോഡിൻെറ വീതിയുടെ കാര്യത്തിൽ പ്രാദേശിക പരിഹാരം എന്നതിലെല്ലാം ച൪ച്ച ആവശ്യമാണ്.
? കെ.പി.സി.സി പ്രസിഡൻറ് എന്ന നിലയിലുള്ള പ്രവ൪ത്തനത്തിന് താങ്കളുടെ ആദ൪ശ നിലപാട് തടസ്സമാകുന്നുണ്ടോ
= ഒരിക്കലുമില്ല. രാഷ്ട്രീയ പ്രവ൪ത്തകനെന്ന നിലയിലുള്ള എൻെറ കാഴ്ചപ്പാട് കെ.പി.സി.സി പ്രസിഡൻറ് ആണെങ്കിലും അല്ളെങ്കിലും ഒന്നുതന്നെയാണ്. പ്രസിഡൻറ് സ്ഥാനത്തിരിക്കുമ്പോൾ നിലപാടിൽ ഉറച്ചുനിൽക്കുമ്പോൾ തന്നെ വാക്കുകളിൽ കുറച്ചുകൂടി ജാഗ്രത കാട്ടേണ്ടതുണ്ട്. പ്രസിഡൻറാണെന്നതിൻെറ പേരിൽ നിലപാടുകളിൽ മാറ്റംവരേണ്ട ആവശ്യമില്ല. അതേസമയം, കെ.പി.സി.സി പ്രസിഡൻറ് സ്ഥാനം കാര്യങ്ങൾ നടപ്പാക്കുന്ന കാര്യത്തിൽ കുറച്ച് സഹായകമാകുന്നുമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.