ഇടതു കോട്ടയില്‍ പഴുത് നോക്കി
text_fieldsപാലക്കാട്: ഇടതു കോട്ടയായ ആലത്തൂ൪ ലോക്സഭ മണ്ഡലത്തിലെ പഞ്ചായത്തുകളധികവും യു.ഡി.എഫിൻെറ കൈവശം.
രണ്ട് നഗരസഭാ ഭരണവും യു.ഡി.എഫിന്. ഈയൊരു കണക്ക് വെച്ച് കൂട്ടിക്കിഴിച്ചാണ് ഇടതുതട്ടകം വലത്തോട്ടുതിരിക്കാമെന്ന് യു.ഡി.എഫ് കേന്ദ്രങ്ങൾ പ്രത്യാശിക്കുന്നത്. എന്നാൽ, എൽ.ഡി.എഫ് ഇത് ഒട്ടും മുഖവിലക്കെടുക്കുന്നില്ല. നെല്ലറയുടെ ആഭ്യമുഖ്യം എന്നും ചെങ്കൊടിയോടാണെന്നും ഇക്കുറിയും ഇതാവ൪ത്തിക്കുമെന്നും ഇടതു കേന്ദ്രങ്ങൾ വാദിക്കുന്നു. സി.പി.എമ്മിന് സംസ്ഥാനത്തുതന്നെ സുശക്തമായ അടിത്തറയുള്ള മണ്ഡലമെന്ന് ആലത്തൂ൪ വിശേഷിപ്പിക്കപ്പെടുന്നുണ്ടെങ്കിലും 2009ൽ ലോക്സഭ തെരഞ്ഞെടുപ്പിൽ പി.കെ. ബിജു നേടിയ 20960 വോട്ടിൻെറ ഭൂരിപക്ഷം അത്ര അഭിമാനിക്കാവുന്ന ഒന്നായിരുന്നില്ല. ഇതിനുകാരണമായി പാ൪ട്ടിയിലെ വിഭാഗീയതയും മറ്റു പ്രാദേശിക പ്രശ്നങ്ങളും ഉയ൪ത്തിക്കാട്ടാറുണ്ടെങ്കിലും തൊട്ടടുത്ത വ൪ഷം നടന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പിലും മണ്ഡലത്തിൽ യു.ഡി.എഫിന് മേൽകൈ ലഭിക്കുന്നതാണ് കണ്ടത്.
ചിറ്റൂ൪-തത്തമംഗലം, കുന്നംകുളം, നഗരസഭകളും 56 പഞ്ചായത്തുകളുമാണ് മണ്ഡലത്തിലുള്ളത്. നിലവിൽ രണ്ട് നഗരസഭയും 30 പഞ്ചായത്തും യു.ഡി.എഫിനൊപ്പമാണ്. 26 പഞ്ചായത്തുകളിൽ മാത്രമാണ് എൽ.ഡി.എഫ് ഭരണം. കോൺഗ്രസിന് മേൽകൈയുള്ള ചിറ്റൂ൪ മണ്ഡലത്തിൽ ചിറ്റൂ൪-തത്തമംഗലം നഗരസഭയിലും നാല് പഞ്ചായത്തുകളിലും യു.ഡി.എഫാണ് ഭരണത്തിൽ. പെരുമാട്ടി, പൊൽപ്പുള്ളി, പെരുവമ്പ്, നല്ലേപ്പുള്ളി പഞ്ചായത്ത് ഭരണം എൽ.ഡി.എഫിനും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടിങ് നിലവെച്ച് ചിറ്റൂരിൽ യു.ഡി.എഫിന് 12,330 വോട്ടിൻെറ ലീഡുണ്ട്. അതേസമയം, കെ. കൃഷ്ണൻകുട്ടി വിഭാഗം ജനതാദൾ എസ്സിൽ തിരിച്ചെത്തിയത് ചിറ്റൂരിൽ എൽ.ഡി.എഫിന് ആശ്വാസത്തിന് വകയാണ്. നെന്മാറയിൽ ആറ് പഞ്ചായത്തുകളിൽ യു.ഡി.എഫാണ് ഭരണത്തിൽ. ശേഷിച്ച നാലിൽ മാത്രമാണ് എൽ.ഡി.എഫിന് മേധാവിത്വം. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതിന് ഇവിടെ 8694 വോട്ടിൻെറ ഭൂരിപക്ഷമുണ്ട്. 2009ൽ പി.കെ. ബിജുവിന് നെന്മാറയിൽ 5106 വോട്ടിൻെറ ലീഡുണ്ടായിരുന്നു.
ഇടതുകോട്ടയായ തരൂരിലെ മൂന്ന് പഞ്ചായത്തുകൾ യു.ഡി.എഫിനൊപ്പമാണ്. പെരിങ്ങോട്ടുകു൪ശ്ശി, കുത്തനൂ൪, പുതുക്കോട് എന്നിവയാണിവ. ബാക്കി നാല് പഞ്ചായത്തുകളിലാണ് ഇടതിന് മേധാവിത്വം. നിയമസഭാ തെരഞ്ഞെടുപ്പിൽ മുൻ മന്ത്രി എ.കെ. ബാലനിലൂടെ എൽ.ഡി.എഫിന് 25756 വോട്ടിൻെറ ഏറ്റവും ഉയ൪ന്ന ഭൂരിപക്ഷം ലഭിച്ച മണ്ഡലമാണിത്. അതേസമയം, ആലത്തൂരിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ഇടതുകുത്തകക്ക് പോറലേറ്റിട്ടില്ല. ഏഴ് പഞ്ചായത്തിൽ മേലാ൪കോട് ഒഴിച്ച് ആറിലും എൽ.ഡി.എഫാണ് ഭരണത്തിൽ. അതേസമയം, കുന്നംകുളത്ത് എത്തുമ്പോൾ കഥമാറി. ചൊവ്വന്നൂരും കടവല്ലൂരും മാത്രമാണ് ചുവപ്പ് തുരുത്തുകൾ. കുന്നംകുളം നഗരസഭയും ബാക്കി അഞ്ച് പഞ്ചായത്തും ഭരിക്കുന്നത് യു.ഡി.എഫ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സി.പി.എം 481വോട്ടിൻെറ ഭൂരിപക്ഷത്തിന് കഷ്ടിച്ച് കടന്നുകൂടിയ മണ്ഡലമാണിത്. ഇടതുപക്ഷ ഏകോപന സമിതിയുടെ സാന്നിധ്യം ഇവിടെ ഇടതിന് തലവേദനയാണ്. സഹകരണ മന്ത്രി സി.എൻ. ബാലകൃഷ്ണൻെറ മണ്ഡലമായ വടക്കാഞ്ചേരിയിലും സ്ഥിതി ഭിന്നമല്ല.
ആകെയുള്ള ഒമ്പത് പഞ്ചായത്തിൽ എട്ടിടത്തും യു.ഡി.എഫാണ് ഭരണം കൈയാളുന്നത്. എൽ.ഡി.എഫിന് മേധാവിത്വം മുളങ്കുന്നത്തുകാവിൽ മാത്രം. 2011ന് മുമ്പ് എൽ.ഡി.എഫ് കൈവശമുണ്ടായിരുന്ന വടക്കാഞ്ചേരിയിൽ പി.കെ. ബിജുവിന് 1745 വോട്ടിൻെറ മുൻതൂക്കമുണ്ടായിരുന്നു.
അതേസമയം മുൻ നിയമസഭാ സ്പീക്ക൪ കെ. രാധാകൃഷ്ണൻ പ്രതിനിധീകരിക്കുന്ന ചേലക്കര മണ്ഡലത്തിൽ എൽ.ഡി.എഫിൻെറ നില താരതമ്യേന മെച്ചമാണ്. ഇവിടെ അഞ്ച് പഞ്ചായത്തിൽ എൽ.ഡി.എഫും നാലിടത്ത് യു.ഡി.എഫും ഭരണത്തിലുണ്ട്.
പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ മേൽകൈ 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആവ൪ത്തിക്കാനായില്ലെങ്കിലും മന്ത്രി സി.എൻ. ബാലകൃഷ്ണനിലൂടെ വടക്കാഞ്ചേരി യു.ഡി.എഫ് തിരിച്ചുപിടിക്കുകയും ചിറ്റൂരിൽ ഭൂരിപക്ഷം ഉയ൪ത്തുകയും ചെയ്തു. എന്നാൽ, കുന്നംകുളത്തൊഴിച്ച് ബാക്കി നാല് മണ്ഡലങ്ങളിലും എൽ.ഡി.എഫ് ലീഡുയ൪ത്തി. നിയമസഭയിൽ വിവിധ മണ്ഡലങ്ങളിൽ എൽ.ഡി.എഫിന് ലഭിച്ച ലീഡ്: (ബ്രാക്കറ്റിൽ പി.കെ. ബിജുവിന് ലഭിച്ച ലീഡ്) തരൂ൪-25756 (11423) നെന്മാറ-8694 (5106) ആലത്തൂ൪-24741 (20532), ചേലക്കര-24676 (2459). അതേസമയം, കുന്നംകുളത്ത് ബിജുവിന് കിട്ടിയ 4989 വോട്ടിൻെറ ലീഡ് നിയമസഭ തെരഞ്ഞെടുപ്പിൽ 481ആയി കുറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിൽ അഞ്ച് മണ്ഡലങ്ങളിലായി എൽ.ഡി.എഫിന് 84348 വോട്ടിൻെറ ഭൂരിപക്ഷമുണ്ട്. യു.ഡി.എഫിന് ചിറ്റൂരിലും വടക്കാഞ്ചേരിയിലുമായി 18715 വോട്ടിൻെറ മുൻതൂക്കവുമുണ്ട്. ഇതുവെച്ച് നോക്കിയാൽ, എൽ.ഡി.എഫിന് 65633 വോട്ടിൻെറ വ്യക്തമായ മുൻതൂക്കം ആലത്തൂ൪ ലോക്സഭാ മണ്ഡലത്തിലുണ്ട്. ഇതിനാൽ, യു.ഡി.എഫിൻെറ കവടിനിരത്തിയുള്ള കണക്കുകൂട്ടലിലൊന്നും എൽ.ഡി.എഫിന് കുലുക്കമില്ല. പി.കെ. ബിജുവിൻെറ പ്രതിച്ഛായയുടെ തിളക്കത്തിൽ ഇക്കുറി ഭൂരിപക്ഷം വ൪ധിക്കുമെന്നാണ് എൽ.ഡി.എഫിൻെറ അവകാശവാദം.
കേന്ദ്ര, സംസ്ഥാന സ൪ക്കാറുകളുടെ ജനദ്രോഹഭരണത്തിനും വിലക്കയറ്റത്തിനുമെതിരായ വിധിയെഴുത്താവും ഇത്തവണ ഉണ്ടാവുകയെന്നും എൽ.ഡി.എഫ് നേതാക്കൾ പറയുന്നു. അതേസമയം, യു.ഡി.എഫ് സ്ഥാനാ൪ഥി എ.കെ. ഷീബ, പി.കെ. ബിജുവിന് ശക്തമായ പ്രതിയോഗിയാകുന്നതാണ് പ്രചാരണത്തിൻെറ ആദ്യഘട്ടം പിന്നിടുമ്പോൾ കാണുന്ന ചിത്രം. വനിത, നാട്ടുകാരി എന്നിവയാണ് ഷീബക്ക് അനുകൂലഘടകങ്ങളായി യു.ഡി.എഫ് കാണുന്നത്.
കത്തുന്ന സൂര്യന് താഴെ വിശ്രമമില്ലാതെയാണ് യുവ സ്ഥാനാ൪ഥികൾ മണ്ഡലത്തിൻെറ മുക്കിലും മൂലയിലും ഓടിയെത്തുന്നത്. ഒന്നാംഘട്ട പ്രചാരണം അവസാനിക്കുമ്പോൾ ഇരു മുന്നണികളും പ്രചാരണത്തിൽ ഒപ്പത്തിനൊപ്പമാണ്. പുതിയ ഒരു ലക്ഷത്തോളം വോട്ട൪മാരിലും ഇരുമുന്നണികളും കണ്ണുവെക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.