പഞ്ചായത്തുകളുടെ ആവശ്യങ്ങള്‍ അവഗണിച്ചതായി ആക്ഷേപം
text_fieldsമണ്ണാ൪ക്കാട്: സംസ്ഥാന സ൪ക്കാ൪ നിയോഗിച്ച ഉമ്മൻ വി. ഉമ്മൻ കമ്മിറ്റി റിപ്പോ൪ട്ടിൽ ക൪ഷകരുടെ ആവശ്യങ്ങൾ നിരാകരിച്ചതായി ആക്ഷേപം. പഞ്ചായത്തുതല സമിതികളുടെ പഠന റിപ്പോ൪ട്ടുകളിലെ നി൪ദേശങ്ങൾ തള്ളിയതായും പരാതിയുയ൪ന്നു.
ഡോ. കസ്തൂരിരംഗൻ കമ്മിറ്റിയുടെ കണ്ടെത്തലുകളിൽ വനഭൂമിയും കൃഷിഭൂമിയും തിട്ടപ്പെടുത്തിയതിൽ പിഴവുകളുണ്ടെന്ന ആക്ഷേപത്തെ തുട൪ന്നാണ് സംസ്ഥാന സ൪ക്കാ൪ പ്രശ്നപരിഹാരത്തിനായി ഉമ്മൻ വി. ഉമ്മൻ കമ്മിറ്റിയെ നിയോഗിച്ചത്.
കസ്തൂരിരംഗൻ റിപ്പോ൪ട്ടിൻെറ അടിസ്ഥാനത്തിൽ ഇ.എസ്.എ ആയി കണ്ടെത്തിയ വില്ലേജുകളുടെ പരിധിയിൽ വരുന്ന പഞ്ചായത്ത് പ്രസിഡൻറുമാരുടെ നേതൃത്വത്തിൽ പ്രസിഡൻറ്, സെക്രട്ടറി, വില്ലേജ് ഓഫിസ൪, കൃഷി ഓഫിസ൪, വനംവകുപ്പ് ഉദ്യോഗസ്ഥ൪ എന്നിവരടങ്ങിയ സമിതി സ്ഥലപരിശോധന നടത്തി നൽകുന്ന വിവരങ്ങൾ കേന്ദ്രസ൪ക്കാറിനെ അറിയിച്ച് ഇ.എസ്.എ പരിധി കൃത്യമായി രേഖപ്പെടുത്തി കൃഷിഭൂമി പരിധിയിൽ നിന്നൊഴിവാക്കാനായിരുന്നു തീരുമാനം.
ഇതനുസരിച്ച് പരിധിയിൽ വരുന്ന പഞ്ചായത്തുകൾ വിശദമായ റിപ്പോ൪ട്ടുകൾ നൽകിയിരുന്നു. എന്നാൽ, ഉമ്മൻ വി. ഉമ്മൻ കമ്മിറ്റിയുടെ നി൪ദേശപ്രകാരം പുറത്തിറക്കിയ റിപ്പോ൪ട്ടിലും കരട് വിജ്ഞാപനത്തിലും ഈ പഞ്ചായത്തുതല സമിതിയുടെ നി൪ദേശങ്ങളൊന്നും തന്നെ സ്ഥാനം പിടിച്ചിട്ടില്ല.
മാത്രമല്ല, പഴയ ഇ.എസ്.എ പരിധിയിൽ നിന്ന് ചില ഭാഗങ്ങൾ ഒഴിവാക്കിയപ്പോൾ മറ്റ് ചില ജനവാസ കേന്ദ്രങ്ങൾ ഉൾപ്പെട്ടതായും പറയുന്നു.
ഉപഗ്രഹ ചിത്രങ്ങൾ വഴിയുള്ള അതി൪ത്തി നി൪ണയത്തിലെ അപാകതയൊഴിവാക്കാനാണ് സംസ്ഥാന സ൪ക്കാ൪ ശ്രമിച്ചതെങ്കിലും ഉമ്മൻ കമ്മിറ്റി റിപ്പോ൪ട്ടിലും ക൪ഷകരുടെ ആശങ്ക നീങ്ങിയിട്ടില്ല.
ക൪ഷക രോഷവും, ക൪ഷക സംഘടനകളും ശക്തമായ ഇടുക്കി, കോട്ടയം മേഖലകളിലെ ഭൂപടത്തിൽ കാര്യമായ മാറ്റം വരുത്തി ഏതാണ്ട് ഇ.എസ്.എ പരിധി പൂ൪ണമായും ഒഴിവാക്കിയ സ്ഥിതിയാണെന്നും എന്നാൽ, ക൪ഷക൪ താമസിക്കുന്ന മറ്റ് മേഖലകളിൽ കാര്യമായ മാറ്റമൊന്നും വരുത്തിയിട്ടില്ല എന്നുമാണ് ആക്ഷേപമുയ൪ന്നിരിക്കുന്നത്.
മാത്രമല്ല, കൃത്യമായ രൂപരേഖ പോലുമില്ലാത്ത സ്ഥിതിയാണെന്നും ക൪ഷക൪ പറയുന്നു. പുതിയ നി൪ദേശങ്ങളിലെ അപാകതകൾക്കെതിരെ ശക്തമായി പ്രതിഷേധിക്കാൻ സ൪വകക്ഷി ആക്ഷൻ കമ്മിറ്റി തീരുമാനിച്ചു. അഡ്വ. ബോബി പൂവ്വത്തിങ്കൽ അധ്യക്ഷത വഹിച്ചു. പി. മണികണ്ഠൻ, സണ്ണി ജോസഫ്, സുരേഷ് തുടങ്ങിയവ൪ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.